കൊഴുക്കട്ട നമുക്കും തയ്യാറാക്കാം

മിനു മഞ്ഞളി

ഇന്ന് കൊഴുക്കട്ട ശനി. കൊഴുക്കട്ട ഉണ്ടാക്കുന്ന വിധം പരിചയമില്ലെങ്കിൽ ഇതാ, ഇത് നിങ്ങൾക്കു സഹായകരമാകും. കൊഴുക്കട്ട ഉണ്ടാക്കുന്ന രീതി നമുക്കും പഠിക്കാം.

നോമ്പിന്റെയും പ്രായിശ്ചിത്വത്തിന്റെയും ത്യാഗത്തിന്റെയും അകമ്പടിയോടെ കൊഴുക്കട്ട ശനിയുടെ മധുരം പകർന്നു നമുക്ക് വലിയ ആഴ്ചയിലേക്ക് നടന്നടുക്കാം. കുരിശിൽ പിടഞ്ഞുള്ള മരണം മുന്നിൽ ഉണ്ടെങ്കിലും വേദനാജനകമായ മനസികാവസ്ഥയായിരുന്നെങ്കിലും ഇതിനെല്ലാം പുറകിൽ ‘എനിക്ക് നിന്നോടുള്ള സ്നേഹമായിരുന്നു. നിന്നെ വീണ്ടെടുക്കാനുള്ള ആഗ്രഹമായിരുന്നു’ എന്ന് പറയുന്ന ഈശോയുടെ ഓശാനയുടെ മധുരം പങ്കുവച്ചു അവിടുത്തെ സ്നേഹം നമുക്കു നുകർന്നെടുക്കാം.

കൊഴുക്കട്ട ഉണ്ടാക്കുന്ന രീതി

ആവശ്യമുള്ള ചേരുവകൾ:

ശർക്കര – 250 ഗ്രാം

വെള്ളം (ശർക്കര അലിയിക്കാൻ) – 3 /4 കപ്പ്

തേങ്ങ ചിരകിയത് – 2 കപ്പ്

ചുക്ക്, ജീരകം, ഏലക്കായ ഒരേ അളവിൽ പൊടിച്ചെടുത്ത് – 1 ടീസ്പൂൺ

അരിപ്പൊടി (വറുത്തത്) – 1 കപ്പ്

വെള്ളം – 1 കപ്പ്

നെയ്യ് – 1 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി:

ചുവടു കട്ടിയുള്ള പാത്രത്തിൽ ശർക്കരയും വെള്ളവുംകൂടി ചേർത്ത് അലിയിച്ചെടുക്കാം. നന്നായി അലിഞ്ഞ ശർക്കര പാനി അരിച്ചെടുത്തതിന് ശേഷം വീണ്ടും ഗ്യാസ് കുറച്ചു വച്ച് തേങ്ങ ചിരകിയതും കൂടി ചേർത്ത് തുടരെ ഇളക്കാം. ഇതിലേക്ക് ചുക്ക്, ഏലക്കായ, ജീരകം എന്നിവ പൊടിച്ചതും ഒരു നുള്ള് ഉപ്പും കുടി ചേർത്ത് വെള്ളം വറ്റി വരുന്നത് വരെ ഇളക്കികൊടുക്കാം. ഒത്തിരി വരണ്ടു പോകാതിരിക്കാൻ ശ്രദ്ധിക്കണം. കൊഴുക്കൊട്ടയുടെ ഉള്ളിൽ വയ്ക്കാനുള്ള മിശ്രിതം തയ്യാറായി കഴിഞ്ഞു.

ഒരു കപ്പ് വറുത്ത അരിപ്പൊടി ഒരു പാത്രത്തിൽ എടുത്തു വയ്ക്കാം. നന്നായി തിളച്ചു കൊണ്ടിരിക്കുന്ന ഒരു കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പും ചേർത്തതിനുശേഷം അരിപ്പൊടിയിലേക്ക് ഒഴിച്ച് ഒരു തവി ഉപയോഗിച്ച് നന്നായി യോജിപ്പിച്ചെടുക്കാം. ഇതിലേക്ക് നെയ്യ് ചേർത്ത് കൊടുക്കാം. ചൂട് കുറഞ്ഞതിന് ശേഷം കൈ ഉപയോഗിച്ചും കുഴച്ചുകൊടുക്കാം.

കൊഴുക്കൊട്ടയുടെ പുറം തോടുണ്ടാക്കാനുള്ള മാവ് ചെറിയ ഉരുളകളാക്കി അതിനു നടുവിലായി കുഴിച്ചു ശർക്കര മിശ്രിതം ചേർത്ത് മുകൾഭാഗം സാവധാനത്തിൽ യോജിപ്പിച്ചു കൊടുക്കാം. കൈയിൽ എണ്ണ പുരട്ടി കൊഴുക്കൊട്ട ഉരുട്ടിയെടുത്താൽ പൊട്ടി പോകാനുള്ള സാധ്യത കുറവാണ്.

എല്ലാ ഉരുളകളും ഉണ്ടാക്കിയതിനുശേഷം ആവിയിൽ വേവിച്ചെടുത്താൽ രുചികരമായ കൊഴുക്കൊട്ട തയാറായി കഴിഞ്ഞു.

മിനു മഞ്ഞളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.