മനസിനെ ഭാരപ്പെടുത്തുന്ന കുറ്റബോധത്തിൽ നിന്നും എങ്ങനെ മോചിതനാകാം

ശാന്തമായ, സ്വാതന്ത്ര്യം അനുഭവിക്കുന്ന ഒരു മനസ്സ് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പലപ്പോഴും കഴിഞ്ഞ കാല ഓർമ്മകൾ നമ്മുടെ മനസ്സിനെ ഭാരപ്പെടുത്തുന്നു. പാപം ചെയ്തെന്ന ചിന്ത പല മനുഷ്യരുടെയും മനസ്സിനെ മുറിപ്പെടുത്തുന്നതാണ്. ആ മുറിവിന്റെ വേദനയും താങ്ങിക്കൊണ്ടുള്ള ജീവിതം ഇന്നിന്റെ സന്തോഷങ്ങളിൽ നിന്നും പോലും നമ്മെ അകറ്റുന്നു. വീഴ്ചകളിൽ നിന്ന് പഠിക്കുന്നതിനുപകരം കുറ്റബോധത്തിൽ ജീവിക്കുന്നതുകൊണ്ട് പ്രയോജനമില്ലായെന്ന് തിരിച്ചറിഞ്ഞ് നാം നമ്മോട് തന്നെ ക്ഷമിക്കാൻ തയ്യാറാകണം.

സ്വയം ക്ഷമിക്കാത്തതിന്റെ കാരണം അഹങ്കാരം

സ്വയം ക്ഷമിക്കാൻ കഴിയാത്തതിന്റെ ഏറ്റവും വലിയ കാരണം ഞാനെന്ന ഭാവമാണ്. അതായത്‌ അഹങ്കാരം. കുമ്പസാരത്തിൽ ചില പാപങ്ങൾ നാം വീണ്ടും വീണ്ടും ഏറ്റുപറയാറുണ്ട്. ഒരിക്കൽ കുമ്പസാരിച്ചപ്പോൾ തന്നെ ദൈവം ആ പാപങ്ങൾ ക്ഷമിച്ചതാണ്. എന്നിട്ടും നാം അത് വീണ്ടും ഏറ്റുപറയുന്നുണ്ടെങ്കിൽ, അവിടെ ക്ഷമിക്കാത്തത് ദൈവമല്ല, മറിച്ച് നമ്മളാണ്. ദൈവം ക്ഷമിച്ച് മറന്ന കാര്യങ്ങളെ നാം വീണ്ടും മുറുകെപ്പിടിക്കുന്നുണ്ടെങ്കിൽ, അതിന്റെ കാരണം തീർച്ചയായും ഞാനെന്ന ഭാവം മാത്രമാണ്. ദൈവം മറന്ന കാര്യങ്ങളെ വീണ്ടും ജീവിതത്തോട് ചേർത്തുപിടിക്കുന്നത്കൊണ്ട് പ്രയോജനമൊന്നുമില്ലായെന്ന് മാത്രമല്ല, മുന്നോട്ടുള്ള ജീവിതത്തെ തന്നെ അപകടപ്പടുത്തുന്നു എന്നതാണ് വാസ്തവം.

സ്വയം ക്ഷമിക്കാത്തത് സ്വയം നശിപ്പിക്കും

നമ്മെ വേദനിപ്പിച്ചവരോട് ക്ഷമിക്കാൻ നമുക്ക് എളുപ്പത്തിൽ സാധിക്കും. എന്നാൽ പലപ്പോഴും നാം വീണുപോകുന്നത് നമ്മുടെ മുന്നിൽ തന്നെയാണ്. സ്വയം ക്ഷമിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. മുറിപ്പെടുത്തിയ ചില വാക്കുകൾ, അല്ലെങ്കിൽ മുറിവേറ്റ സാഹചര്യങ്ങൾ, വന്നുപോയ വീഴ്ച്ചകൾ എന്നിവയിൽ പലരും നാളുകളോളം കുടുങ്ങികിടക്കും. അതിൽ നിന്ന് പുറത്തവരാൻ ആദ്യം ചെയ്യേണ്ടത് സ്വയം മാപ്പുകൊടുക്കുക എന്നതാണ്. മനസ്സിന്റെ സ്വന്തന്ത്ര്യം വീണ്ടെടുക്കാൻ മറ്റൊരു മാർഗവുമില്ല. ഇത്തരമൊരു സാഹചര്യത്തിൽ നമ്മെ സഹായിക്കാൻ സാധിക്കുന്നത് നമുക്ക് മാത്രമാണ്.

സ്വയം ക്ഷമിച്ച് എങ്ങനെ മുന്നോട്ട് പോകാം

ജീവിതത്തിൽ ഒരു വീഴ്ച സംഭവിക്കുമ്പോൾ, ആ വീഴ്ചയുണ്ടാകാനുള്ള സാഹചര്യത്തെ വ്യക്തമായി മനസ്സിലാക്കുക എന്നതാണ് ആദ്യപടി. നമ്മുടെ ഭാഗത്തുനിന്ന് വന്ന തെറ്റ് എന്തായിരുന്നുവെന്ന് തിരിച്ചറിയുക. സംഭവിച്ച വീഴ്ചയെ സ്വന്തം തെറ്റാണെന്ന് അംഗീകരിച്ചതിനുശേഷം ചെയ്തുപോയ പാപങ്ങളോർത്ത് മനസ്തപിക്കുക. നല്ല ഒരു കുമ്പസാരം നടത്തി തെറ്റുകൾ ഏറ്റുപറയുക. വൈദികൻ നൽകുന്ന പാപമോചനം സ്വീകരിച്ച് നവമായ ഒരു ഹൃദയത്തോടെ വീണ്ടും ഒരു ജീവിതം തുടങ്ങണം.

ഓരോ ദിവസവും പുതിയ തീരുമാനങ്ങളെടുത്ത്, വീണ്ടും തുടങ്ങാനുള്ള ഒരു അവസരമാണ്. അത് തിരിച്ചറിഞ്ഞ് നമുക്ക് ലഭിക്കുന്ന സമയത്തെയും സാഹചര്യങ്ങളെയും ഉപയോഗിക്കണം. അതിനായി സ്വയം ക്ഷമിച്ച്, നല്ലൊരു ഹൃദയം സ്വന്തമാക്കി നമുക്ക് യാത്ര തുടങ്ങാം.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.