
നിശ്ശബ്ദതയും ശ്രദ്ധയും ദൈവത്തോടുള്ള സമർപ്പണവും വീണ്ടെടുത്തുകൊണ്ട് കത്തോലിക്കർക്ക് വിശുദ്ധ കുർബാനയിൽ കൂടുതൽ ആഴത്തിൽ പങ്കുചേരാൻ സഹായിക്കുന്ന ലളിതമായ ഒരു മാർഗരേഖ ഫ്രാൻസിസ്കൻ വൈദികൻ ഫാദർ മാർക്ക്-മേരി ഏംസ് പങ്കുവെക്കുന്നു. കത്തോലിക്കർ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന രീതിയെക്കുറിച്ച് പുനർചിന്തനം നടത്താനും ഇത് സഹായിക്കും.
1. വിശുദ്ധ കുർബാന ആരംഭിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് എത്തുക
അവസാന നിമിഷം ഓടിയെത്തി ബെഞ്ചിൽ ഇരിക്കുന്നതിന് പകരം, അല്പസമയം പ്രാർഥനയ്ക്കായി മാറ്റിവെക്കുക. നിങ്ങളുടെ സന്തോഷങ്ങളും പ്രയാസങ്ങളും പ്രാർഥനാനിയോഗങ്ങളും ദൈവത്തിന് സമർപ്പിക്കുകയും വിശുദ്ധ കുർബാനയ്ക്കായി ഹൃദയത്തെ ഒരുക്കുകയും ചെയ്യുക.
2. വിശുദ്ധ കുർബാനയ്ക്ക് വരുമ്പോൾ ഫോൺ കൊണ്ടുവരാതിരിക്കുക
മിക്ക ആളുകളെ സംബന്ധിച്ചും ലോകകാര്യങ്ങൾക്ക് ഒരു മണിക്കൂർ കാത്തിരിക്കാനാകും. തടസ്സങ്ങളോ ശ്രദ്ധാതിരിവുകളോ ഇല്ലാതെ വിശുദ്ധമായ ആ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക. വിശുദ്ധ കുർബാനയ്ക്ക് വരുമ്പോൾ ഫോൺ കൊണ്ടുവരാതിരിക്കുക.
3. വിശുദ്ധ കുർബാനയ്ക്ക് മുമ്പ് അന്നത്തെ തിരുവചനങ്ങൾ വായിക്കുക
വീട്ടിൽ വച്ചോ അല്ലെങ്കിൽ വിശുദ്ധ കുർബാനയ്ക്ക് മുമ്പുള്ള ആ 10 മിനിറ്റ് നിശബ്ദതയിലോ അന്നത്തെ വായനകൾ മുൻകൂട്ടി വായിക്കുന്നത് വിശുദ്ധ കുർബാനയിൽ കൂടുതൽ ആഴത്തിൽ പങ്കുചേരാൻ സഹായിക്കും.
4. ദിവ്യകാരുണ്യം സ്വീകരിച്ച ശേഷം കണ്ണുകൾ അടയ്ക്കുക
ഈശോയെ ദിവ്യകാരുണ്യത്തിൽ സ്വീകരിച്ച ശേഷം, ചുറ്റും നോക്കാനുള്ള പ്രേരണയെ ചെറുക്കുക. പ്രാർത്ഥനാപൂർവമായ മനസ്സോടെ ഇരിക്കുക, അവിടുത്തോട് സംസാരിക്കുക, ഈശോയോടൊപ്പം ആയിരിക്കുക.
5. വിശുദ്ധ കുർബാനയ്ക്ക് ശേഷം നന്ദി അർപ്പിക്കുക
വിശുദ്ധ കുർബാന കഴിഞ്ഞയുടൻ ധൃതിപിടിച്ച് പുറത്തേക്ക് പോകുന്നതിന് പകരം, ദൈവത്തിന് നന്ദി പറയാൻ കുറച്ച് മിനിറ്റുകൾ മാറ്റിവെക്കുക. ദിവ്യകാരുണ്യത്തിന്റെ കൃപ മനസ്സിൽ നിറയാൻ അനുവദിക്കുക.
6. വിശുദ്ധ കുർബാനയ്ക്ക് ശേഷം കുറഞ്ഞത് ഒരാളോടെങ്കിലും സംസാരിക്കുക
വിശുദ്ധ കുർബാനയ്ക്ക് ശേഷം പോകുന്നതിന് മുമ്പ് ആരെയെങ്കിലും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യുക. ഒരു കൂട്ടായ്മ വളർത്തിയെടുക്കുക. ഇടവക എന്നത് കേവലം ഒരു കെട്ടിടമല്ല; അത് ദൈവജനമാണ്.




