മാർപാപ്പയുടെ പെറൂവിയൻ സന്ദർശനം: പെറുവിന്റെ നിയുക്ത പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി വത്തിക്കാൻ പ്രതിനിധി

നവംബറിൽ നടക്കാനിരിക്കുന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദർശനത്തിന്റെ അവസാനവട്ട വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനായി, പെറുവിന്റെ നിയുക്ത പ്രസിഡന്റ് കേക്കോ ഫുജിമോരി രാജ്യത്തെ അപ്പസ്തോലിക് പ്രതിനിധി ബിഷപ്പ് പൗളോ റോക്കോ ഗുവാൾട്ടിയേരിയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, ജൂലൈ 28-ന് കേക്കോ ഫുജിമോരി പെറുവിന്റെ പ്രസിഡന്റായി ചുമതലയേൽക്കും.

ലെയോ പതിനാലാമൻ മാർപാപ്പയുടെ പെറു സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ തുടരുന്നതിന്റെ ഭാഗമായി, ജൂലൈ 17-ന് പെറൂവിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡൻസിയുമായി ഫുജിമോരി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ കൂടിക്കാഴ്ചയും നടന്നത്.

ലെയോ പാപ്പയുടെ വരാനിരിക്കുന്ന സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഫുജിമോരി ഇറ്റാലിയൻ ആർച്ച് ബിഷപ്പിനെ സ്വീകരിച്ചുവെന്നും, കൂടിക്കാഴ്ചയിൽ മാർപാപ്പയ്ക്ക് ഊഷ്മളമായ സ്വീകരണം നൽകാനുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി എന്നും ജൂലൈ 23-ന് നിയുക്ത പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. പ്രസിഡന്റ് എന്ന നിലയിൽ, നവംബറിൽ പെറുവിലെത്തുന്ന ലെയോ പതിനാലാമൻ മാർപാപ്പയെ സ്വീകരിക്കുന്നതിനുള്ള ചുമതല അദ്ദേഹത്തിനായിരിക്കും. വടക്കൻ പെറുവിലെ ചിക്ലായോ (Chiclayo) രൂപതയുടെ ബിഷപ്പായിരുന്നു മുൻപ് ലെയോ പാപ്പ.

അതേസമയം, ഇത് സംബന്ധിച്ച് വത്തിക്കാൻ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, ലെയോ പതിനാലാമൻ മാർപാപ്പ നവംബറിൽ രാജ്യത്തെത്തുമെന്നും ലിമ, ചിക്ലായോ, പിയൂറ, കുസ്കോ, പെറൂവിയൻ ആമസോൺ മേഖലയിലുള്ള പുക്കാൽപ എന്നിങ്ങനെ അഞ്ച് നഗരങ്ങൾ സന്ദർശിക്കുമെന്നും നിലവിലെ പെറൂവിയൻ പ്രസിഡന്റ് ഹൊസെ മരിയ ബാൽകാസർ ഉറപ്പുനൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.