കുഞ്ഞുങ്ങൾക്കൊപ്പം വിശുദ്ധവാരം എങ്ങനെ ആചരിക്കാം?

കുഞ്ഞുകുട്ടികളുള്ള മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വിശുദ്ധവാരത്തിന്റെ ഭക്തിപൂർവ്വകമായ ആചരണം അല്പം കഠിനമായ ഒന്നായിരിക്കും. ദേവാലയത്തിൽ തിരുക്കർമ്മങ്ങളിലോ, വീടുകളിൽ പ്രാർത്ഥനകളിലോ ഭക്തിപൂർവ്വം പങ്കെടുക്കാൻ സാധിച്ചെന്നു വരില്ല. സ്വസ്ഥമായിരുന്ന് പ്രാർത്ഥിക്കാൻ പോലും കുഞ്ഞുകുട്ടികളുള്ള മാതാപിതാക്കൾക്ക് പലപ്പോഴും കഴിയാറില്ല. ഇത്തരത്തിൽ ചെറിയ കുഞ്ഞുങ്ങളുള്ള മാതാപിതാക്കൾക്ക് കുഞ്ഞുങ്ങളോടൊപ്പം വിശുദ്ധവാരം ആചരിക്കുന്നതിനുള്ള ഏതാനും മാർഗ്ഗങ്ങൾ ഇതാ…

1. ജീവിതത്തിന്റെ ഈ കാലഘട്ടം അംഗീകരിക്കുക

ആഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ല എന്ന വസ്തുതയുമായി പൊരുത്തപ്പെടുക എന്നതാണ് ആദ്യപടി. പലപ്പോഴും, വിശുദ്ധവാരത്തിലെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുക എന്നത് നമ്മൾ അതിയായി ആഗ്രഹിക്കുന്ന ഒന്നാണെങ്കിലും കുഞ്ഞുങ്ങളെയും കൊണ്ടുള്ള സമയങ്ങളിൽ അതത്ര പ്രായോഗികമാകണം എന്നില്ല. അതിനാൽ കുഞ്ഞുങ്ങൾ ഉള്ളപ്പോൾ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ, അത് സ്വാഭാവികമാണെന്ന് വിശ്വസിക്കാം; എന്നാൽ കുഞ്ഞുണ്ട് എന്നു കരുതി എല്ലാ തിരുക്കർമ്മങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുകയുമരുത്. സാധിക്കുന്ന തിരുക്കർമ്മങ്ങളിലൊക്കെ പങ്കെടുക്കുകയും അവ കാണാനും അറിയാനുമുള്ള അവസരം കുഞ്ഞിന് ഉണ്ടാക്കിക്കൊടുക്കുകയും വേണം.

2. പ്രാധാന്യമുള്ളതും നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതുമായ കാര്യങ്ങൾ തിരഞ്ഞെടുക്കുക

കുഞ്ഞുള്ളതിനാൽ എല്ലാ കാര്യങ്ങളും ചെയ്തുതീർക്കാൻ കഴിയില്ല. എങ്കിലും നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കി തിരഞ്ഞെടുക്കാം. എല്ലാവരും ഒരുമിച്ചു പ്രാർത്ഥിക്കുക, സ്വയം പ്രാർത്ഥിക്കുന്നതിനായി അൽപസമയം കണ്ടെത്തുക, കുഞ്ഞിനെയും കൂട്ടി പെസഹാ അപ്പം തയ്യാറാക്കുക ഇതൊക്കെ ചെയ്യാം.

3. വീടും പരിസരവും കഴിയുന്നത്രയും വൃത്തിയാക്കാം

വിശുദ്ധവാരത്തിൽ വീടും പരിസരവും കഴിയുന്നത്ര വൃത്തിയാക്കാൻ ശ്രമിക്കാം; കുഞ്ഞിനേയും ഒപ്പം കൂട്ടാം. കാര്യം അൽപം ബുദ്ധിമുട്ടാണെങ്കിലും, എന്തിനാണ് നമ്മൾ ഇത് ചെയ്യുന്നത് എന്ന് കുഞ്ഞിനോട് ഇടക്കിടെ പറഞ്ഞുകൊടുക്കാം. കുഞ്ഞിനെ, വിശുദ്ധവാരത്തിലെ പാട്ടുകളും മറ്റും കേൾപ്പിക്കാം; അത് ഏറ്റുപാടാൻ സഹായിക്കാം. ഒപ്പം സന്ധ്യാപ്രാർത്ഥനയിൽ കുഞ്ഞിനെയും ഉൾപ്പെടുത്താൻ സഹായിക്കുന്ന ഘടകങ്ങൾ കൂടി ചേർക്കാം. അത് എന്തൊക്കെയാണെന്ന് ഈ ദിവസങ്ങളിൽ ആലോചിക്കാം.

4. കുഞ്ഞിനേയും കൂട്ടി പെസഹാ ആചരിക്കാം

പെസഹാ ദിനത്തിലെ തിരുക്കർമ്മങ്ങളിൽ മുഴുവൻ കുഞ്ഞുമായി പങ്കെടുക്കുക എന്നത് പ്രായോഗികമാകണം എന്നില്ല. എന്നാൽ ഭവനത്തിൽ പെസഹാ അപ്പം മുറിക്കുന്നത് കുഞ്ഞുങ്ങൾക്കും പുതിയ അനുഭവം പകരുന്ന ഒന്നാക്കി മാറ്റാം. അവരെയും കൂടെ കൂട്ടി അപ്പവും പാലും തയ്യാറാക്കാം, കുഞ്ഞുങ്ങളെ കൊണ്ട് അപ്പത്തിൽ കുരുത്തോല വയ്പ്പിക്കാം. ഇത്തരം പ്രവർത്തികളൊക്കെ, ഈ ദിനം പ്രധാനപ്പെട്ടതാണെന്ന തോന്നൽ കുട്ടികളിൽ ഉളവാക്കും.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.