വലിയ ആഴ്ച എങ്ങനെ വിശുദ്ധമായി ആചരിക്കാം?

നാം വിശുദ്ധ വാരത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഈശോയുടെ പീഡാസഹനങ്ങളെ ധ്യാനിച്ചുകൊണ്ട് പ്രാർത്ഥനാപൂർവ്വം കടന്നു പോകുന്ന ദിവസങ്ങളാണ്. ഈ ദിവസങ്ങൾ കൂടുതൽ വിശുദ്ധമാക്കുവാൻ സഹായിക്കുന്ന ഏതാനും മാർഗ്ഗങ്ങൾ ആണ് ഇവിടെ കുറിക്കുന്നത്. ഈ മാർഗ്ഗങ്ങളെ സ്വീകരിച്ചുകൊണ്ട് പ്രാർത്ഥനയോടെ നമുക്ക് ആയിരിക്കാം.

1. നവമാധ്യമങ്ങൾക്കു വിട നൽകാം

ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം വിശുദ്ധവാരം വളരെ പ്രധാനപ്പെട്ട ഒരു ആഴ്ചയാണ്. അതിനാൽ തന്നെ ഈ ദിവസങ്ങളിൽ ആവശ്യമായ പ്രാർത്ഥനയുടെ ചൈതന്യത്തെ നശിപ്പിക്കുന്ന ആധുനിക മാധ്യമങ്ങളെ തൽക്കാലം നമുക്കു അകറ്റി നിർത്താം. കഴിവതും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ഫോൺ, ടെലിവിഷൻ, ഇന്റർനെറ്റ് എന്നിവ ഉപയോഗിക്കരുത്. കൂടുതൽ സമയം സാമൂഹ്യമാധ്യമങ്ങളിൽ ചിലവിടുന്നവർ ഒരു ത്യാഗമായി കരുതി അല്ലെങ്കിൽ നിയോഗം വച്ചുകൊണ്ട് അത് ഉപേക്ഷിക്കുക. അങ്ങനെ ചെയ്യുമ്പോൾ തന്നെ നമ്മുടെ കുടുംബത്തിൽ ഒരു സമാധാനവും ഐക്യവും കടന്നു വരുന്നത് അനുഭവിക്കുവാൻ സാധിക്കും.

2. കുടുംബം ഒന്നിച്ചുള്ള കുമ്പസാരം

വിശുദ്ധമായ ദിവസങ്ങൾക്കു മുന്നോടിയായി ഉള്ള കുമ്പസാരവും മറ്റും നടക്കുന്ന സമയമാണ് ഇത്. ഈ സമയങ്ങളിൽ സാധിക്കുന്ന എല്ലാവരും കുടുംബത്തോടൊപ്പം കുമ്പസാരിക്കുവാൻ ശ്രമിക്കുന്നത് കുടുംബത്തിലും ഒപ്പം വ്യക്തികളിലും വിശുദ്ധിയും സമാധാനവും നിറയ്ക്കും. കുമ്പസാരിക്കുമ്പോൾ ഒരു കടമപോക്കലായി മാറ്റാതെ ഏറ്റവും ആത്മാർത്ഥതയോടെ കുമ്പസാരിക്കുവാൻ ശ്രമിക്കണം.

3. സന്ധ്യാപ്രാർത്ഥനയിൽ സജീവമായി പങ്കെടുക്കാം

കുടുംബത്തിലെ എല്ലാവരും ഒന്നിച്ചുള്ള പ്രാർത്ഥനയുടെ നിമിഷമായി മാറട്ടെ ഈ സായാഹ്നം. ജപമാലയോ കുരിശിന്റെ വഴിയോ കുടുംബമായി പ്രാർത്ഥിക്കാം. കുരിശിന്റെ വഴി വിശുദ്ധ വാരത്തിന്റെ ചൈതന്യത്തിലേയ്ക്ക് നമ്മെ കൈപിടിച്ചു ഉയർത്തും. കുരിശിന്റെ വഴി ചൊല്ലുമ്പോൾ അലസമായി നിൽക്കാതെ ഈശോയുടെ കുരിശുയാത്രയെ ധ്യാനിക്കുകയും ആ യാത്രയിലെ പീഡാസഹനങ്ങളെ നെഞ്ചേറ്റുകയും വേണം.

4. വചനം ധ്യാനിക്കാം

ഈശോയുടെ പീഡാസഹനവുമായി ബന്ധപ്പെട്ടുള്ള വചന ഭാഗങ്ങൾ വായിക്കുന്നതും ധ്യാനിക്കുന്നതും ഉചിതമാണ്. കുടുംബപ്രാർത്ഥനയുടെ സമയത്തോ വ്യക്തിപരമായോ ഈശോയുടെ പീഡാസഹനവുംകുരിശുമരണവും ആയി ബന്ധപ്പെട്ടു നിൽക്കുന്ന ഭാഗങ്ങൾ വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം. ഇത് നമ്മെ വ്യക്തിപരമായി ഈശോയിലേയ്ക്ക് അടുപ്പിക്കുകയും അവിടുത്തെ പീഡാസഹനങ്ങളെ കുറിച്ചുള്ള ധ്യാനത്തിൽ ആയിരിക്കുവാൻ നമ്മെ സഹായിക്കുകയും ചെയ്യും.

5. ക്രൂശിത രൂപം പ്രാർത്ഥനയുടെ അന്തരീക്ഷത്തിൽ പ്രതിഷ്ഠിക്കാം

ഈ ഒരു ആഴ്ച പ്രത്യേകമായ വിധത്തിൽ ഈശോയുടെ പീഡാസഹനത്തെയും കുരിശുമരണത്തെയും ഉത്ഥാനത്തേയും ധ്യാനിക്കുകയാണല്ലോ നാം. അതിനാൽ നമ്മുടെ വീട്ടിലെ കുരിശുരൂപം അലങ്കരിക്കുകയും അതിന്റെ ഇരു വശങ്ങളിൽ തിരികൾ തെളിച്ചു വയ്ക്കുകയും ചെയ്യാം. ഈ മാർഗ്ഗങ്ങളിലൂടെ ഈ വലിയ ആഴ്ച കൂടുതൽ പ്രാർഥനാത്മകമാക്കുവാൻ നമുക്ക് ശ്രമിക്കാം.

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.