
ഇന്നത്തെ ജീവിതത്തിൽ സോഷ്യൽ മീഡിയയ്ക്ക് വലിയ സ്വാധീനമാണുള്ളത്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെടാനും പുതിയ കാര്യങ്ങൾ അറിയാനും ഇത് സഹായിക്കുന്നു. എന്നാൽ, അമിതമായ സോഷ്യൽ മീഡിയ ഉപയോഗം മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. ഉത്കണ്ഠ, സമ്മർദം, ഏകാന്തത, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് കാരണമാകാം.
സോഷ്യൽ മീഡിയയും മാനസികാരോഗ്യവും
സോഷ്യൽ മീഡിയയിൽ മറ്റുള്ളവരുടെ സന്തോഷകരമായ നിമിഷങ്ങളും വിജയങ്ങളും കാണുമ്പോൾ, സ്വന്തം ജീവിതവുമായി അവയെ താരതമ്യം ചെയ്യാൻ സാധ്യതയുണ്ട്. ഇത് അസംതൃപ്തിക്കും ആത്മവിശ്വാസക്കുറവിനും കാരണമാകാം. നിരന്തരം എത്തുന്ന അറിയിപ്പുകൾ ഇടയ്ക്കിടെ ഫോൺ പരിശോധിക്കുന്ന ശീലത്തിലേക്ക് നമ്മെ നയിച്ചേക്കാം.
മറ്റുള്ളവർ പങ്കുവയ്ക്കുന്ന കാര്യങ്ങൾ നഷ്ടപ്പെടുമോ എന്ന ഭയം ചിലരെ എപ്പോഴും സോഷ്യൽ മീഡിയയിൽ തുടരാൻ പ്രേരിപ്പിക്കുന്നു. ഇത് ഉറക്കം, പഠനം, ജോലി, കുടുംബബന്ധങ്ങൾ എന്നിവയെ എല്ലാം ബാധിക്കും.
സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ചിലപ്പോൾ ഏകാന്തത വർധിപ്പിക്കാനും യഥാർഥ ബന്ധങ്ങളിൽ നിന്ന് അകറ്റാനും ഇടയാക്കും. സൈബർ ബുള്ളിയിങ്, മോശം കമന്റുകൾ, ഓൺലൈൻ അധിക്ഷേപങ്ങൾ എന്നിവയും മാനസിക സമ്മർദത്തിന് കാരണമാകാം.
സോഷ്യൽ മീഡിയ ഉപയോഗം എങ്ങനെ ക്രമീകരിക്കാം?
സോഷ്യൽ മീഡിയ പൂർണമായും ഒഴിവാക്കേണ്ടതില്ല. എന്നാൽ, ഉപയോഗത്തിന് ഒരു സമയപരിധി നിശ്ചയിക്കുകയും ഉറങ്ങുന്നതിന് മുമ്പുള്ള ഫോൺ ഉപയോഗം കുറയ്ക്കുകയും ചെയ്യുന്നത് നല്ലതാണ്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നേരിട്ട് സമയം ചെലവഴിക്കാനും ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ഏർപ്പെടാനും ശ്രദ്ധിക്കണം.
സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തെ കൂടുതൽ ബന്ധിപ്പിക്കുന്ന ഒരു ഉപാധിയാണ്. എന്നാൽ, അത് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് എത്താതിരിക്കാൻ ശ്രദ്ധിക്കണം. മിതമായും ബോധപൂർവമായും സോഷ്യൽ മീഡിയ ഉപയോഗിക്കുകയും യഥാർഥ ജീവിതത്തിലെ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുമ്പോഴാണ് നമ്മുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ കഴിയുക.
വിവർത്തനം: ഡിൻസി തോമസ്




