കരുണയുടെ ചിത്രത്തിന്റെ ചരിത്രം

1931 ൽ പോളിഷ് സന്യാസിനിയായ ഫൗസ്റ്റീന കോവാൾസ്കയ്ക്ക് ഈശോയുടെ ദർശനമുണ്ടായി. നീ കാണുന്ന രൂപമനുസരിച്ച് ഒരു ചിത്രം വരയ്ക്കാനായിരുന്നു അത്. ‘ഈശോയേ ഞാനങ്ങിൽ ശരണപ്പെടുന്നു’ എന്ന് അതിൽ രേഖപ്പെടുത്താനും ആവശ്യപ്പെട്ടു. ഫൗസ്റ്റീന ഈശോയുടെ വാക്കുകൾ അതേപടി അനുസരിക്കുകയും തത്ഫലമായി ലോകത്ത് ഏറ്റവും കൂടുതൽ വണങ്ങപ്പെടുന്ന ദൈവ കരുണയുടെ ചിത്രം സൃഷ്ടിക്കപ്പെടുകയും ചെയ്തു.

ഈ ചിത്രം സൂക്ഷിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പല തവണ മോഷ്ടിക്കപ്പെടുകയും പിന്നീട് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്, ഈ അത്ഭുത ചിത്രം. മാധ്യമ പ്രവർത്തകനായ ഡേവിഡ് മുർഗിയ ഇക്കാര്യങ്ങളെല്ലാം Saint Faustina and the face of the Merciful Jeasus എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.

ക്രാക്കോവിലെ കരുണയുടെ ചിത്രമാണ് യഥാര്‍ത്ഥമെന്ന് കരുതുന്നവരുണ്ട്. എന്നാൽ വി. ഫൗസ്റ്റീനയുമായി ബന്ധപ്പെട്ടതാണ് യഥാര്‍ത്ഥ ദൈവ കരുണയുടെ ചിത്രം. ക്രാക്കോവിലെ ചിത്രം 1944 ൽ അഡോൾഫ് ഹൈല രൂപം കൊടുത്തതാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ ഒരിക്കൽ ആ ചിത്രത്തിന് മുമ്പിൽ പ്രാർത്ഥിച്ചിട്ടുമുണ്ട്. എങ്കിലും ദൈവ കരുണയുടെ യഥാര്‍ത്ഥ ചിത്രം അതല്ല.

അവ രണ്ടും തമ്മിൽ വലിയ അന്തരവും ഉണ്ട്. വിശുദ്ധ ഫൗസ്റ്റീനയുടെ മേൽനോട്ടത്തിൽ മാർസിൻ കസിമിറോസ്ക്കിയാണ് യഥാര്‍ത്ഥ കരുണയുടെ ചിത്രത്തിന് രൂപം നൽകിയത്. ആ ചിത്രത്തിലെ ഈശോയുടെ കണ്ണുകൾ നമ്മെയല്ല നോക്കുന്നത്. മറിച്ച് കണ്ണുകൾ താഴ്ത്തി നിൽക്കുന്ന ഈശോയുടെ രൂപമാണത്. താൻ മനുഷ്യരെ നിർബന്ധിക്കുകയല്ല തന്റെ കരുണയിലേക്ക് അവരെ ക്ഷണിക്കുകയാണ് എന്നതിന്റെ അടയാളമാണത്.

നാസി, സോവ്യറ്റ് കടന്നുകയറ്റങ്ങളെയെല്ലാം അതിജീവിച്ച ചിത്രം കൂടിയാണിത് .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.