നന്മ നിറഞ്ഞ മറിയം: സ്വർഗ്ഗത്തിന്റെ സ്വന്തം പ്രാർത്ഥന

തങ്ങളുടെ പ്രവർത്തിക്കും ജീവിതത്തിനും ലോകം വിലയിടുകയും അതിന് അനുസൃതമായ സ്ഥാനപ്പേരുകൾ നല്‍കി ബഹുമാനിക്കുകയോ, അപമാനിക്കുകയോ ചെയ്യുന്ന ലോകത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. സ്വന്തം ജീവിതം നോക്കി സ്വയം പേരു നല്‍കാനോ, ജീവിതം തിരുത്താനോ ശ്രമിക്കാതെ അപരനിലേക്കു നോക്കുമ്പോൾ പലതും എനിക്കും നിങ്ങൾക്കും കണ്ടുപഠിക്കാൻ കഴിയും.

എന്നാൽ ഈ മാനുഷിക നോട്ടത്തിൽ നിന്നും വ്യത്യസ്തമായി സ്വർഗം ഒരുനാൾ മനുഷ്യരിലേക്കു നോക്കി. എന്തിനാണ് എന്നല്ലേ? ദൈവപുത്രന് പാർക്കാൻ ഒരു ഉദരത്തിനു വേണ്ടി. ദൈവത്തിന്റെ നോട്ടത്തിനു മുമ്പിൽ പതറാതെ നിന്ന ഒരു പെൺകുട്ടിയെ അവിടുന്ന് കണ്ടു. തനിക്കു കിട്ടിയ സാഹചര്യങ്ങളിൽ സന്തോഷം കണ്ടെത്തി, ചെയ്യാവുന്ന പുണ്യപ്രവർത്തിയും അറിയാവുന്ന പ്രാർത്ഥനകളും ചൊല്ലി ഹൃദയപരിശുദ്ധിയോടെ ജീവിക്കുന്നവൾ. അവൾക്ക് ജീവിതത്തിൽ ലാഭനഷടങ്ങളുടെ കണക്കുകളില്ല; പകരം നന്ദിയും സ്നേഹവും സംതൃപതിയും മാത്രം. സ്വർഗം അവൾക്ക് ഒരു വിളിപ്പേര് നല്‍കി “നന്മ നിറഞ്ഞവൾ.”

‘നന്മ നിറഞ്ഞവളേ,’ ദൈവം തന്റെ നന്മയുടെ പൂർണ്ണതയിലേയ്ക്ക് അവളെ ക്ഷണിച്ചു. അവൾക്ക് ദൈവം തന്റെ പുത്രന്റെ അമ്മ എന്ന സ്ഥാനം നല്‍കി. അവൾ സന്തോഷപൂർവ്വം ദൈവം നല്‍കിയ സ്ഥാനം സ്വീകരിച്ചു.

ദൈവപുത്രന്റെ അമ്മയായ മറിയത്തിന്റെ ജീവിതം എന്നും പുത്രനോടൊപ്പമുള്ള കാൽവരി യാത്രയായിരുന്നു. പുത്രന്റെ കാൽവരി ബലിയർപ്പണത്തിൽ അവൾക്ക് വീണ്ടും ഒരു പദവി കൂടി ലഭിക്കുന്നു. ലോകം മുഴുവന്റെയും അമ്മയാകുവാനുള്ള ദൈവപുത്രന്റെ ക്ഷണം. നന്മ നിറഞ്ഞവൾ, തന്റെ മകനെ ക്രൂരമായി പീഡിപ്പിച്ച് കുരിശിൽ തൂക്കിയവർ മുതൽ ഞാനും നിങ്ങളും അടങ്ങുന്ന ഈ ലോകത്തിന്റെ അമ്മത്വം, രക്തം വാർന്നൊഴുകുന്ന, നിസ്സഹായനായി ക്രൂശിൽ കിടക്കുന്ന പുത്രനെ നോക്കി പതറാതെ ഏറ്റെടുത്തു.

നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ഒരോ പ്രാവശ്യവും നന്മൾ ചൊല്ലുമ്പോൾ അതിൽ പിതാവായ ദൈവത്തിന്റെ സ്നേഹവും പുത്രന്റെ തിരുരക്തത്തിന്റെ നനവും പരിശുദ്ധാവാവിന്റെ ധീരതയും നിറഞ്ഞുനില്‍ക്കുന്നു. മാത്രമല്ല, സ്വർഗവാസികളൊടൊപ്പം നാം പ്രാർത്ഥിക്കുന്നു. ഒരോ ജപമാല മണികളിലൂടെ ശ്രദ്ധയോടെയോ അല്ലാതതെയോ കടന്നുപോകുമ്പോൾ ഓർമ്മിക്കുക, ഞാൻ ചൊല്ലുന്ന നന്മ നിറഞ്ഞ മറിയം സ്വർഗത്തിന്റെ സ്വന്തമാണ് എന്ന്. ആയതിനാൽ ജപമാലയിലൂടെ നമ്മൾ ചോദിക്കുന്ന നന്മകള്‍ തരാതിരിക്കാൻ സ്വർഗത്തിന് സാധ്യമല്ല.

ഈ ജപമാല മാസം ലോകനന്മയ്ക്കായി നമുക്ക് ജപമാല കൈകളിലെടുക്കാം…

റവ. സി. പ്രണിത DM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.