
മയക്കുമരുന്നിന്റെയും മറ്റു ലഹരിപദാർഥങ്ങളുടെയും അടിമത്തത്തിൽ പെടുന്ന ഒരു സമൂഹം ഈ കാലയളവിൽ പ്രബലപ്പെട്ടു വരികയാണ്. ഫ്രാൻസിസ് മാർപാപ്പ പറയുന്നതുപോലെ, സമൂഹത്തിന്റെ മുറിവും ഇന്നത്തെ മനുഷ്യനെയും സമൂഹത്തെയും പീഡിപ്പിക്കുന്ന അടിമത്തത്തിന്റെ പുതിയ രൂപവുമായ മയക്കുമരുന്നിനെ ചെറുക്കാൻ തിരുസഭയാകുന്ന അമ്മ നമുക്കു സമ്മാനിച്ചിട്ടുള്ള ഏതാനും ചില സ്വർഗീയ മധ്യസ്ഥരെ പരിചയപ്പെടാം. മയക്കുമരുന്നിനും മറ്റു ലഹരിപദാർഥങ്ങൾക്കും അടിമകളായിട്ടുള്ള അനേകരെയും അവരുടെ കുടുംബങ്ങളെയും സഹായിച്ചുകൊണ്ട് ഈ ലോകത്തിൽ ക്രിസ്തുവിനു സാക്ഷ്യം വഹിച്ച ഈ വിശുദ്ധരോട് നമ്മുടെ നാടിനു വേണ്ടിയും യുവജനങ്ങൾക്കും കുട്ടികൾക്കും വേണ്ടിയും മാധ്യസ്ഥ്യം തേടാം.
1. വിശുദ്ധ മാക്സ്മില്യൻ കോൾബെ
ഒരു ഫ്രാൻസിസ്കൻ പുരോഹിതനും സന്യാസിയും ആയിരുന്ന വിശുദ്ധ മാക്സ്മില്യൻ കോൾബെ 1894 ജനുവരി എട്ടിന് പോളണ്ടിലാണ് ജനിച്ചത്. മറ്റൊരു തടവുകാരനു വേണ്ടി നാസി തടങ്കൽ പാളയത്തിൽ മരണം വരിച്ച ഇദ്ദേഹം തിരുസഭയുടെ വിശ്വസ്തപുത്രനാണ്.
ഏഷ്യയിലെ ഒരു മിഷനറിയായിരുന്ന അദ്ദേഹം പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യേക ഭക്തനായിരുന്നു. താൻ കുട്ടിയായിരുന്നപ്പോൾ പരിശുദ്ധ കന്യകാമറിയം തനിക്ക് പ്രത്യക്ഷപ്പെട്ടു എന്നും വിശുദ്ധിയിൽ ഉറച്ചുനിൽക്കണമെന്നും രക്തസാക്ഷിയാകും എന്നും അദ്ദേഹത്തിന് വെളിപ്പെടുത്തിയതായി വിശുദ്ധൻ പങ്കുവച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ അദ്ദേഹത്തെ തടവിലാക്കി. ഭൂമിയിലെ നരകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിൽ അദ്ദേഹവും തടവിലാക്കപ്പെട്ടു. അവിടെ തടവുകാരെ പരിചരിക്കുന്നതിനും പരിശുദ്ധ കന്യകാമറിയത്തിലുള്ള വിശ്വാസവും സാന്ത്വനവും പ്രാർഥനകളിലൂടെയും ഗാനങ്ങളിലൂടെയും അവരിലേക്ക് കൈമാറുന്നതിനും വിശുദ്ധ മാക്സ്മില്യൻ കോൾബെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മയക്കുമരുന്നിന് അടിമപ്പെട്ടവരുടെയും പ്രോ ലൈഫ് മുന്നേറ്റത്തിന്റെയും രക്ഷാധികാരിയാണ് വിശുദ്ധ മാക്സ്മില്യൻ കോൾബെ.
2. വിശുദ്ധ യൂദാ തദേവൂസ്
യേശുവിന്റെ 12 അപ്പസ്തോലന്മാരിൽ ഒരാളും രക്തസാക്ഷിയുമായ വിശുദ്ധ യൂദാ തദേവൂസ്, യൂദയാ, മെസപ്പൊട്ടേമിയ, പേർഷ്യ എന്നിവിടങ്ങളിലാണ് സുവിശേഷം അറിയിച്ചത്. രക്തസാക്ഷിയായി മരിച്ച അപ്പസ്തോലനാണ് വി. യൂദാ തദേവൂസ്. അപ്പോസ്തലന്മാരുടെ പ്രവൃത്തികൾക്കെതിരെ ജനങ്ങളെ തിരിച്ചുവിട്ട രണ്ട് വിജാതീയ പുരോഹിതരായ സരോസിന്റെയും അർഫെക്സാറ്റിന്റെയും പാഷണ്ഡതകളോട് യൂദാ തദേവൂസ് പോരാടി.
യേശുവിന്റെ ബന്ധുവായിരുന്ന ഈ അപ്പോസ്തലൻ, ‘അസാധ്യകാര്യങ്ങളുടെ മധ്യസ്ഥൻ’ എന്നാണ് അറിയപ്പെടുന്നത്. തന്റെ മാധ്യസ്ഥ്യം അപേക്ഷിക്കുന്ന വിശ്വാസികളെ അദ്ദേഹം കൈവിട്ടില്ല. നിരവധി അനുഗ്രഹങ്ങൾ നൽകി. ക്ലരീഷ്യൻ മിഷനറിമാരുടെ കീഴിലുള്ള ചിക്കാഗോയിലെ വി. യൂദാ തദ്ദേവൂസിന്റെ ദൈവാലയം, മയക്കുമരുന്നിന് അടിമകളായവർക്ക് പ്രത്യേക മധ്യസ്ഥവും അഭയവും നൽകുന്ന ഒന്നാണ്. മയക്കുമരുന്നിന് അടിമകളായവർക്ക് ഈ വിശുദ്ധൻ പ്രത്യേക മധ്യസ്ഥനാണ്.
3. വി. മാർക്ക് ജി ടിയാൻസിയാങ്
ചൈനയിലെ ഓപ്പിയം എന്ന പേരുള്ള ഒരു മയക്കുമരുന്നിന് അടിമയാണെന്ന് മുദ്രകുത്തി മാമ്മോദീസ നിഷേധിക്കപ്പെട്ട ഒരു വ്യക്തിയായിരുന്നു വി. മാർക്ക് ജി ടിയാൻസിയാങ്. 30 വർഷമായി ടിയാൻസിയാങ് ഇതിനെ മറികടക്കാൻ ശ്രമിച്ചു. പക്ഷെ നടന്നില്ല. ഗുരുതരമായ ഉദരരോഗത്തെ ചികിത്സിക്കാൻ ആണ് അദ്ദേഹം കറുപ്പ് ഉപയോഗിക്കാൻ തുടങ്ങിയത്. എന്നാൽ താമസിയാതെ അദ്ദേഹം ആ മയക്കുമരുന്നിന് അടിമയാവുകയായിരുന്നു. ജ്ഞാനസ്നാനം നിഷേധിക്കപ്പെട്ടെങ്കിലും അദ്ദേഹം വിശ്വാസം തുടർന്നു. അങ്ങനെ അദ്ദേഹം ഒരു രക്തസാക്ഷിയായി മരിച്ചു. തന്റെ രക്തസാക്ഷിത്വത്തിന് മാത്രമല്ല, പുണ്യജീവിതത്തിലും യേശുവിനെ അനുഗമിക്കാൻ പതിറ്റാണ്ടുകളായി ശ്രമിച്ച ഒരു വിശുദ്ധനായും ടിയാൻസിയാങ് പിന്നീട് അംഗീകരിക്കപ്പെട്ടു.

