നിങ്ങൾ വാനോളം പുകഴ്ത്തിയാലും പാതാളത്തോളം താഴ്ത്തിയാലും ഞങ്ങൾ കർത്താവിൽ അഭിമാനിക്കും: ആഗോള സമർപ്പണദിനത്തിൽ ഒരു കന്യാസ്ത്രീയുടെ ഹൃദയസ്പർശിയായ കുറിപ്പ്

സന്യാസജീവിതത്തിന് വീണ്ടും വിലയിടുന്ന ഈ സാഹചര്യത്തെ ഒരു സന്യാസിനി എന്ന നിലയിൽ ഞാൻ വീക്ഷിക്കുന്നത് എന്റെ ജീവിതവും നിങ്ങളുടെ  വിലയിരുത്തലും വച്ചാണ്. എന്റെ ജീവിതത്തിലെ ഞാൻ എടുത്ത ഉത്തമമായ തീരുമാനമായിരുന്നു സന്യാസജീവിതത്തിലേക്കുള്ള എന്റെ വരവ്. മക്കൾക്ക് ആവശ്യത്തിനു വേണ്ട സ്വാതന്ത്ര്യവും സ്നേഹവും വിശ്വാസവും നൽകിയിരുന്ന എന്റെ മാതാപിതാക്കൾ എന്റെ സുഹൃദ്ബന്ധങ്ങൾക്കോ, സാമൂഹിക ബന്ധങ്ങൾക്കോ ഒരു തടസവും സൃഷ്ടിച്ചിരുന്നില്ല.

സന്യാസജീവിതത്തിലേക്കുള്ള എന്റെ തീരുമാനത്തിലും അവർ എന്നോടൊപ്പം നിന്നു. എന്നാൽ ഇന്നത്തെപ്പോലെ ഞങ്ങളെ (സന്യാസിനികളെ) ‘അടിമകൾ’ എന്നു പറഞ്ഞ് ഞങ്ങളുടെ നേരെ ആക്രമണം അഴിച്ചുവിടുന്നവർ അന്നും ഉണ്ടായിരുന്നു. അന്ന് അവർ എന്നോട് പറഞ്ഞു: “അയ്യോ മോളേ, നീ അങ്ങോട്ട് പോകരുത്. അവിടെ ഭയങ്കര നിയമങ്ങളാ; സ്വന്തമായിട്ട് ഒന്നും ഉണ്ടാവില്ല. ഫോൺ വിളിക്കാൻ പറ്റില്ല, അവർ പഠിപ്പിക്കില്ല, ജോലിക്കു വിടില്ല. ആകെ മൊത്തം ദാരിദ്യം നിറഞ്ഞ അവസ്ഥ. ജീവിതം വെറുതെ നഷ്ടപ്പെടും.”

എന്റെ ജീവിതമല്ലേ അത് ഞാൻ തീരുമാനിച്ചോളാം എന്ന മറുപടിയിൽ തൃപ്തിയാവാതെ അവർ വളർത്തുദോഷം എന്നു പറഞ്ഞ് എന്റെ മാതാപിതാക്കളെ പഴിച്ചു. എന്നാൽ ഞാനോ, അവർക്ക് ഒരു പുഞ്ചിരി നൽകിയിട്ട് എന്നെ വളർത്തിയവരുടെ കൈ പിടിച്ച് മുമ്പോട്ട് നടന്നു.

സന്യാസവസ്ത്രമണിഞ്ഞ് വിവിധ സാഹചര്യങ്ങളിൽ ഞാൻ ഈ വിമർശകരെ കണ്ടപ്പോൾ അവർ പറഞ്ഞു. “നിങ്ങൾക്ക് എന്താ കുറവ്? ഞങ്ങളെപ്പോലെയാണോ; സുഖജീവിതമല്ലേ.”

എന്റെ സഹോദരി സിസ്റ്റർ കാർ ഓടിച്ച് അവർക്കു മുമ്പിൽ കൂടി പോയപ്പോഴും ഞങ്ങൾ ഫോൺ സ്വന്തമായി ഉപയോഗിച്ചപ്പോഴും ഇവർ വീണ്ടും പറഞ്ഞു: സന്യാസത്തിൽ ദാരിദ്യം ഇല്ല എന്ന്. ഞങ്ങൾ അടിമകളാണ് എന്നു പറയുന്നവർ, ഞങ്ങൾ ഒന്ന് ഉല്ലാസയാത്ര പോയാൽ, എന്തിനേറെ വർഷത്തിൽ രണ്ടു തവണ രോഗിയായ മാതാപിതാക്കളെ കാണാൻ ചെന്നാലും അല്പം വില കൂടിയ ചെരിപ്പ് ഉപയോഗിച്ചാൽ പോലും കുറ്റം പറയും.

ഇങ്ങനെ തലങ്ങും വിലങ്ങും കുറ്റങ്ങൾ പറയുന്ന ഒരു സഹോദരനോട് കുഞ്ഞുങ്ങൾ എവിടെയാണ് പഠിക്കുന്നത് എന്നു ചോദിച്ചമ്പോൾ കന്യാസ്ത്രീകൾ നടത്തുന്ന ഒരു സ്കൂളിന്റെ പേര് പറഞ്ഞു. എന്നിട്ട് ഇതു കൂടി കൂട്ടിച്ചേർത്തു. “നിങ്ങളുടെ ക്വാളിറ്റി; അത് വേറെ എവിടെയും കിട്ടില്ല.”

അവസരവാദികളായ ഈ കൂട്ടർ പറയുന്നവയെ കാറ്റിൽ പറത്തുക എന്നല്ലാതെ നമുക്ക് ഇതിൽ ഒന്നും സംഭവിക്കുന്നില്ല. ഞങ്ങളുടെ (സന്യാസിനിമാരുടെ) ജീവിതത്തെ നോക്കി വേദനിക്കുന്ന സഹോദരങ്ങളേ, നിങ്ങളുടെ കുടുംബത്തിൽ വേദനിക്കുന്ന അമ്മമാരെയും ഭാര്യമാരെയും സഹോദരിമാരെയും നിങ്ങൾ ആശ്വസിപ്പിക്കുവിൻ. അവർക്ക് നിങ്ങൾ കാവൽക്കാരാകുവിൻ. നിങ്ങൾ അങ്ങനെ ആയാൽ ഇനി ഒരു ഉത്രയും അർച്ചനയും വിസ്മയയും തുഷാരയും ബലിയാടാകാത്ത നന്മ നിറഞ്ഞ കേരളം ഉണ്ടാകും.

ഒരു കാര്യം പറയാതെ വയ്യ. നിങ്ങൾ ഞങ്ങളെ ശ്രദ്ധിക്കുന്നു എന്ന് അറിയുന്നതിൽ സന്തോഷം. നിങ്ങളുടെ വിമർശനങ്ങൾ ഞങ്ങൾക്കു നൽകുന്നത് കൂടുതൽ ആവേശത്തോടെ, അഭിമാനത്തോടെ സന്യാസം ജീവിക്കാനുള്ള കരുത്താണ്. അതിനാൽ അശ്ലീലചിത്രങ്ങളോ, അനാവശ്യമായ സഹതാപപ്രകടനങ്ങളോ, ജയ്-വിളികളോ മൂലം ക്രൈസ്തവ സന്യാസത്തെ തകർക്കാൻ സാധിക്കും എന്ന് വിചാരിച്ചാൽ ശുദ്ധമണ്ടത്തരം. നിങ്ങൾ വാനോളം പുകഴ്ത്തിയാലും പാതാളത്തോളം താഴ്ത്തിയാലും ഞങ്ങൾ കർത്താവിൽ അഭിമാനിക്കും.

റവ. സി. പ്രണിത DM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.