പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 260 – പിയൂസ് XII (1876-1958)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1939 മാർച്ച് 2 മുതൽ 1958 ഒക്ടോബർ 9 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് ധന്യനായ പിയൂസ് പന്ത്രണ്ടാമൻ. ഫിലിപ്പിയോ പാച്ചെല്ലിയുടെയും വെർജീനിയയുടെയും മകനായി എ.ഡി. 1876 മാർച്ച് 2 -ന് എവ്ജീനിയോ പാച്ചെല്ലി റോമിൽ ജനിച്ചു. പാച്ചെല്ലി കുടുംബത്തിൽ നിന്നും നിരവധി പ്രമുഖർ വിവിധ കാലങ്ങളിൽ വത്തിക്കാനിൽ സേവനമനുഷ്ഠിച്ചതായി ചരിത്രരേഖകൾ സാക്ഷിക്കുന്നു. എവ്ജീനിയോയുടെ പ്രാഥമിക വിദ്യാഭ്യാസം ഫ്രഞ്ച് സിസ്റ്റേഴ്സ് റോമിൽ നടത്തിയിരുന്ന സ്‌കൂളിലായിരുന്നു. റോമിലെ പിയാസ വെനീസ്യയ്ക്കടുത്തുള്ള കിയേസ നോവ ദേവാലയത്തിലെ അൾത്താര ബാലനായിരുന്നു എവ്ജീനിയോ.

പതിനെട്ടാമത്തെ വയസ്സിൽ തന്റെ സെമിനാരി പരിശീലനം ആരംഭിച്ച എവ്ജീനിയോ റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ സർവ്വകലാശാലയിൽ നിന്നും തത്വശാസ്ത്രവും അത്തനേയം സർവ്വകലാശാലയിൽ നിന്നും ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. അതിനുശേഷം ല സാപ്പിയൻസ സർവ്വകലാശാലയിൽ ചേർന്ന് ചരിത്രത്തിലും ആധുനികഭാഷാ പഠനത്തിലും ബിരുദങ്ങൾ സമ്പാദിച്ചു. എ.ഡി. 1899 -ൽ ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദം നേടി ആ വർഷം തന്നെ പൗരോഹിത്യം സ്വീകരിച്ചു. താൻ അൾത്താര ബാലനായിരുന്ന ദേവാലയത്തിൽ തന്നെ ശുശ്രൂഷ ചെയ്തുകൊണ്ടാണ് എവ്ജീനിയോ തന്റെ പൗരോഹിത്യജീവിതം ആരംഭിക്കുന്നത്. അധികം താമസിയാതെ വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ സേവനം ചെയ്യാനായി അദ്ദേഹത്തെ നിയോഗിച്ചു. ഇക്കാലയളവിൽ ഇവിടെ നിരവധി ദൗത്യങ്ങൾ എവ്ജീനിയോ വിജയകരമായി നിറവേറ്റി.

എ.ഡി. 1908 -ൽ ലണ്ടനിൽ വച്ചു നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിൽ വത്തിക്കാൻ പ്രതിനിധിയായി എവ്ജീനിയോ സംബന്ധിക്കുകയും ഭാവി ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനെ ഇവിടെ കണ്ടുമുട്ടുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്ന സമയത്താണ് പത്താം പിയൂസ് മാർപാപ്പ കാലം ചെയ്ത് ബെനഡിക്റ്റ് പതിനഞ്ചാമൻ പത്രോസിന്റെ പിൻഗാമിയായി മാർപാപ്പാസ്ഥാനം ഏറ്റെടുത്തത്. ഈ സമയം സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന കർദ്ദിനാൾ ഗാസ്പാരിയുടെ സഹായിയായി സേവനം ചെയ്യാനായി എവ്ജീനിയോ നിയോഗിക്കപ്പെട്ടു. ഒന്നാം ലോകമഹായുദ്ധ സമയത്ത് വത്തിക്കാന്റെ ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് മോൺ. എവ്ജീനിയോ പാച്ചെല്ലി ആയിരുന്നു.

ബെനഡിക്റ്റ് പതിനഞ്ചാമൻ മാർപാപ്പ 1917 ഏപ്രിൽ 23 -ന് എവ്ജീനിയോ പാച്ചെല്ലിയെ ജർമ്മനിയിലെ ബവേറിയ പ്രദേശത്തെ നുൺഷിയോ ആയി നിയമിക്കുകയും സാർഡിസ് സ്ഥാനീയ രൂപതയുടെ ആർച്ചുബിഷപ്പായി അഭിഷേകം ചെയ്യുകയും ചെയ്തു. അദ്ദേഹത്തെ ആർച്ചുബിഷപ്പാക്കിയ 1917 മെയ് പതിമൂന്നിനാണ് ഫാത്തിമായിലെ മാതാവിന്റെ ആദ്യ ദർശനം സംഭവിക്കുന്നത്. ജർമ്മനിയിൽ ആയിരിക്കുന്ന സമയത്ത് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മാർപാപ്പയുടെ പരിശ്രമങ്ങൾക്ക് നേതൃത്വം നൽകിയത് ആർച്ചുബിഷപ്പ് എവ്ജീനിയോ പാച്ചെല്ലിയാണ്. എന്നാൽ അദ്ദഹത്തിന്റെ പരിശ്രമങ്ങൾ യുദ്ധത്തിലായിരുന്നവരുടെ നിസ്സഹകരണം കാരണം വിജയിച്ചില്ല.

ആർച്ചുബിഷപ്പ് എവ്ജീനിയോയുടെ തുടർന്നുള്ള ശ്രദ്ധ യുദ്ധത്തിലായിരുന്നവരുടെ സഹനങ്ങൾ കുറയ്ക്കുന്ന കാര്യത്തിലായിരുന്നു. എ.ഡി. 1920 -ൽ ആർച്ചുബിഷപ്പ് എവ്ജീനിയോയെ മാർപാപ്പ ജർമ്മനിയുടെ നുൺഷിയോ ആയി നിയമിക്കുന്നു. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ പ്രവർത്തനമേഖല മ്യൂണിക്കിൽ നിന്നും ബെർലിനിലേക്കു മാറ്റി. അവിടുത്തെ സാമൂഹിക-രാഷ്രീയ കാര്യങ്ങളിൽ ഇടപെട്ടിരുന്ന ഫാ. ലുഡ്‌വിക് കാസ്സിന്റെ എല്ലാ പരിശ്രമങ്ങൾക്കും നുൺഷിയോ എന്ന നിലയിൽ എവ്ജീനിയോ വലിയ പിന്തുണ നൽകി. ഈ സമയത്ത് ജർമ്മനിയിലെ വിവിധ കേന്ദ്രങ്ങളിൽ ക്രിസ്തീയ വിശ്വാസികളെ സന്ദർശിച്ചു. ഏകദേശം അൻപതോളം പ്രസംഗങ്ങളാണ് അദ്ദേഹം നടത്തിയത്. കൂടാതെ, സഭയുടെ എല്ലാ പ്രവർത്തനങ്ങളെയും നിരോധിച്ചിരുന്ന കമ്മ്യൂണിസ്റ്റ് റഷ്യയുമായി അദ്ദേഹം ബന്ധം സ്ഥാപിക്കുകയും അവിടേയ്ക്ക് ഭക്ഷ്യധാന്യങ്ങൾ അയയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്തു.

പിയൂസ് പതിനൊന്നാമൻ മാർപാപ്പ റോമിലെ ജോൺ-പോൾ ബസിലിക്കയുടെ കർദ്ദിനാളായി എവ്ജീനിയോ പാച്ചെല്ലിയെ 1929 ഡിസംബർ 16 -ന് നിയമിച്ചു. രണ്ടു മാസത്തിനു ശേഷം മാർപാപ്പ അദ്ദേഹത്തെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ആയി ഉയർത്തുകയും ചെയ്തു. ഇക്കാലയളവിൽ ലോകത്തിലെ പല രാജ്യങ്ങളുമായും വത്തിക്കാന് നയതന്ത്രബന്ധം ഉണ്ടാക്കിയെടുക്കുന്നതിൽ കർദ്ദിനാൾ എവ്ജീനിയോ പാച്ചെല്ലി നിർണ്ണായക പങ്കു വഹിച്ചു. സഭ ഒരു രാഷ്രീയശക്തിയായി അറിയപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചില്ല. സഭ ഒരു ആത്മീയ-ധാർമ്മിക-സാമൂഹിക ശബ്ദമായി ലോകത്തിൽ മാറണമെന്നതായിരുന്നു എവ്ജീനിയോയുടെ ചിന്ത.

ഇക്കാലയളവിൽ സഭ യുവജനങ്ങളുടെ ഇടയിൽ ശക്തമായ സാന്നിധ്യമായി മാറുന്നതിനും സ്‌കൂളുകൾ കോളേജുകൾ ആശുപത്രികൾ എന്നിവയുടെ നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു. അമേരിക്കൻ വൻകരകളിൽ അദ്ദേഹം നടത്തിയ ഔദ്യോഗിക സന്ദർശനങ്ങൾ സഭയുടെ വളർച്ചയ്ക്ക് സഹായകരമായിത്തീർന്നു. എവ്ജീനിയോയുടെ ശ്രമഫലമായി 1939 -ൽ അമേരിക്കൻ പ്രസിഡന്റ് റൂസ്‌വെൽറ്റ് വത്തിക്കാനിലേക്ക് ഒരു പ്രതിനിധിയെ നിയോഗിച്ചു. 1934 -ൽ അർജന്റീനയിലെ ബൂനസ് ഐറസിൽ വച്ചു നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ മാർപാപ്പ തന്റെ പ്രതിനിധിയായി അയച്ചത് കർദ്ദിനാൾ എവ്ജീനിയോ പാച്ചെല്ലിയെ ആയിരുന്നു.

1939 ഫെബ്രുവരി 10 -ന് പിയൂസ് പതിനൊന്നാമൻ മാർപാപ്പ കാലം ചെയ്തു. ജർമ്മനിയിൽ ഹിറ്റ്ലറും, ഇറ്റലിയിൽ മുസ്സോളിനിയും, റഷ്യയിൽ ജോസഫ് സ്റ്റാലിനും ഭരണത്തിലിരിക്കുന്ന രണ്ടാം ലോകമഹായുദ്ധം പടിവാതിക്കൽ എത്തിനില്ക്കുന്ന കാലഘട്ടമായിരുന്നു ഇത്. അങ്ങനെ 1667 -ൽ ക്ലമന്റ് ഒൻപതാമൻ മാർപാപ്പയ്ക്കു ശേഷം ആദ്യമായി ഒരു സ്റ്റേറ്റ് സെക്രട്ടറി വീണ്ടും മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ മുൻഗാമിയോടുള്ള ബഹുമാനാർത്ഥം പിയൂസ് പന്ത്രണ്ടാമൻ എന്ന നാമം കർദ്ദിനാൾ പാച്ചെല്ലി തിരഞ്ഞെടുത്തു. ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പിയൂസ് പതിനൊന്നാമൻ മാർപാപ്പയുടെ ആഗ്രഹപൂർത്തീകരണം കൂടിയായിരുന്നു. ഒരിക്കൽ അദ്ദേഹം പറഞ്ഞു: “ഇന്ന് മാർപാപ്പ മരിച്ചാൽ, നാളെ മറ്റൊരു മാർപാപ്പ വരും. സഭ എന്നും നിലനിൽക്കും. എന്നാൽ കർദ്ദിനാൾ പാച്ചെല്ലി മരിച്ചാൽ അത് വലിയ ദുരന്തമാവും. കാരണം അദ്ദേഹത്തെപ്പോലെ മറ്റൊരാൾ നമുക്കില്ല.”

മാർപാപ്പ ആയ ഉടൻ തന്നെ യുദ്ധം തടയാനായി സമാധാന ശ്രമങ്ങൾക്ക് പിയൂസ് പന്ത്രണ്ടാമൻ മുൻകൈയ്യെടുത്തു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ വാക്കുകളാണ്: “സമാധാനത്തിലൂടെ ഒന്നും നഷ്ടപ്പെടുന്നില്ല. എന്നാൽ യുദ്ധത്തിലൂടെ എല്ലാം നഷ്ടപ്പെടുന്നു.” രണ്ടാം ലോക മഹായുദ്ധം ആരംഭിച്ച ഉടൻ തന്നെ വത്തിക്കാൻ റേഡിയോയിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്നും ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.

വത്തിക്കാൻ കൂരിയയിൽ ഉണ്ടായിരുന്ന ഇറ്റാലിയൻ ആധിപത്യം കുറയ്ക്കുന്നതിന് പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ പരിശ്രമിച്ചു. അതിനായി ജർമ്മൻ, ഡച്ച് ഈശോസഭാ വൈദികരെ കൂടുതലായി കൂരിയായിൽ നിയമിച്ചു. അതുപോലെ അമേരിക്കൻ കർദ്ദിനാൾ ഫ്രാൻസിസ് സ്പെൽമാന്റെ ഉപദേശങ്ങൾക്ക് മാർപാപ്പ വലിയ പ്രാധ്യാന്യം നൽകി. തന്റെ മുൻഗാമികളെക്കാൾ ഇറ്റലിക്ക് പുറത്തുനിന്നുള്ള കർദ്ദിനാളന്മാരെ നിയമിക്കാനും തുടങ്ങി. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ആദ്യമായി കർദ്ദിനാളന്മാർ നിയമിക്കപ്പെട്ടതും പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പയുടെ ഭരണകാലയളവിലാണ്.

എ.ഡി. 1953 ജനുവരിയിൽ പുതിയ കർദ്ദിനാളന്മാരുടെ പേരുകൾ പ്രഖ്യാപിച്ച വേളയിൽ പിയൂസ് മാർപാപ്പ രസകരമായ മറ്റൊരു വെളിപ്പെടുത്തൽ കൂടി നടത്തി. മോൺ. ഡൊമനിക്കോ തർദീനിയും, ജൊവാന്നി മൊന്തീനിയും കർദ്ദിനാൾ സ്ഥാനം നിരസിച്ചു എന്നതായിരുന്നു അത്. പിന്നീട് തർദീനി ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ സ്റ്റേറ്റ് സെക്രട്ടറിയും, മൊന്തീനി പോൾ ആറാമൻ മാർപാപ്പയും ആയി എന്നത് മറ്റൊരു ചരിത്രനിയോഗം.

സഭയുടെ എല്ലാ മേഖലകളിലും പുരോഗതിയുണ്ടായ കാലയളവാണ് പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പയുടെ ഭരണകാലം. അദ്ദേഹത്തിന്റെ എടുത്തുപറയത്തക്ക ഒരു ചാക്രികലേഖനമാണ് “മീഡിയാത്തോർ ദേയി.” ക്രിസ്തീയ ആരാധനയെ യേശുക്രിസ്തുവിന്റെ അന്ത്യാഭിലാഷമായിട്ടാണ് മാർപാപ്പ ഇതിൽ വിശേഷിപ്പിച്ചിരിക്കുന്നത്. എല്ലാവരെയും സത്യം അറിയിക്കുകയും ദൈവത്തിന് സ്വീകാര്യമായ ബലിയർപ്പിക്കുക എന്നതുമാണ് സഭയുടെ ദൗത്യങ്ങൾ. സഭയുടെ ആരാധനയിലൂടെ ദൈവവും സൃഷ്ടിയുമായുള്ള സ്നേഹബന്ധം സാധ്യമാവുന്നു. പൗരസ്ത്യ കത്തോലിക്കാ സഭകളുടെ തനിമയെ കൂടുതൽ കരുതുന്നതിന്റെ ഭാഗമായി കാനൻ നിയമത്തിൽ കാതലായ മാറ്റങ്ങൾ മാർപാപ്പ വരുത്തി. പൗരസ്ത്യ പാത്രിയർക്കീസുമാരുടെ ശ്ലൈഹീക അധികാര അവകാശങ്ങളെ ബഹുമാനിക്കുകയും അവർ നിലനിൽക്കുന്ന പ്രദേശങ്ങളിലെ നിയമങ്ങളെ അംഗീകരിക്കുന്ന തരത്തിലുള്ള മാറ്റങ്ങളും ഇതിൽ ഉണ്ടായി.

വൈദികപരിശീലനത്തിൽ കാതലായ വ്യത്യാസങ്ങൾ കൊണ്ടുവന്ന ഒരു അപ്പസ്തോലിക രേഖയാണ് “സേദിസ് സാപ്പിയെന്തേ.” സാമൂഹികശാസ്ത്രവും, മനശാസ്ത്രവും, അജപാലന ശാസ്ത്രവും ഒക്കെ വൈദികപരിശീലനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്ന് മാർപാപ്പ നിഷ്കർഷിച്ചു. അതുപോലെ തന്നെ വൈദികാർത്ഥികളുടെ മാനസികപക്വത വീക്ഷിക്കുകയും സേവനത്തിനും ബ്രഹ്മചര്യവൃതം അനുഷ്ഠിക്കുന്നതിനും സാധിക്കുന്നവരാണ് ഇവരെന്ന് അധികാരികൾ ഉറപ്പു വരുത്തുകയും വേണമെന്ന് മാർപാപ്പ നിഷ്ക്കർഷിച്ചു. അതുവരെ ഉണ്ടായിരുന്നതിൽ നിന്നും ഒരു വർഷം കൂടി കൂട്ടി പ്രായോഗിക  പരിശീലനപദ്ധതിയും വൈദികപരിശീലനത്തിന്റെ ഭാഗമാക്കി. പുരോഹിതർ ക്രിസ്തീയസുകൃതങ്ങങ്ങളുടെ ജീവിക്കുന്ന മാതൃകകളും വിശ്വാസികൾക്ക് എല്ലാ കാര്യങ്ങളിലും അനുകരിക്കാവുന്ന ജീവിതത്തിന് ഉടമകളും ആയിരിക്കണമെന്ന് മാർപാപ്പ എടുത്തു പറഞ്ഞു. ക്രിസ്തീയവിശ്വാസത്തെ ആധുനിക ലോകത്തിനനുസൃതമായി അവതരിപ്പിക്കുന്നതിന് നാല്പത്തിയൊന്ന് ചാക്രികലേഖനങ്ങളാണ് മാർപാപ്പ പ്രസിദ്ധീകരിച്ചത്. ബൈബിൾ പഠനത്തിന് വേഗമേകിയ “ദിവീനോ അഫ്‌ളാന്തേ സ്‌പിരിത്തു” പോലെയുള്ള ചരിത്രപരമായ മാറ്റം കൊണ്ടുവന്ന ചാക്രികലേഖനങ്ങൾ ഈ പട്ടികയിലുണ്ട്.

കത്തോലിക്കാ വിശ്വാസം വ്യാഖ്യാനിക്കുന്ന ദൈവശാസ്ത്രജ്ഞർ തങ്ങളുടെ വ്യക്തിപരമായ ആശയളല്ല, സഭയുടെ വിശ്വാസം മറ്റുള്ളവർക്ക് വിവരിച്ചു കൊടുക്കാനാണ് പരിശ്രമിക്കേണ്ടത് എന്ന് മാർപാപ്പ എഴുതി. സഭയോടൊത്തു ചിന്തിക്കുന്ന ദൈവശാസ്ത്രജ്ഞരെയാണ് നമുക്കിന്ന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. വലിയ മരിയ ഭക്തനായിരുന്ന മാർപാപ്പ 1950 നവംബർ 1 -ന് “മുനിഫിചെന്തേസ്സിമൂസ് ദേവൂസ്” എന്ന തിരുവെഴുത്തിലൂടെ മാതാവിന്റെ സ്വർഗ്ഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. മാർപാപ്പ എഴുതി: “തന്റെ ഭൂമിയിലെ ജീവിതം പൂർത്തിയാക്കിയ മറിയം ആത്മാവോടും ശരീരത്തോടും കൂടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു.” ഇതാണ് സഭാചരിത്രത്തിൽ ഒരു മാർപാപ്പ തന്റെ തെറ്റാവരം ഉപയോഗിച്ച് അവസാനമായി പ്രസിദ്ധീകരിച്ച വിശ്വാസ സത്യം. ഇന്ന് മാർപാപ്പമാർ എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് വത്തിക്കാനിലെ ഔദ്യോഗികവസതിയിൽ നിന്നും വിശ്വാസികളോടൊത്ത് പ്രാർത്ഥിക്കുന്ന ത്രികാലജപ പ്രാർത്ഥന 1954 ആഗസ്റ്റ് 15 -ന് പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ ആരംഭിച്ചതാണ്.

പിയൂസ് പന്ത്രണ്ടാം മാർപാപ്പയുടെ ഭരണകാലം രണ്ടാം ലോകമഹായുദ്ധത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുന്നത്. ഹിറ്റ്ലറിന്റെ നാസിസത്തിനെതിരെ ശക്തമായ നിലപാടാണ് മാർപാപ്പ സ്വീകരിച്ചത്. സഭയുടെ എല്ലാ സ്വാധീനവും യഹൂദ സംരക്ഷണത്തിന് ഉപയോഗിച്ചുവെങ്കിലും മാർപാപ്പയെ വിമർശിച്ചുകൊണ്ട് പിന്നീട് ധാരാളം ഗ്രന്ഥങ്ങൾ പ്രത്യക്ഷപ്പെടുകയുണ്ടായി. മാർപാപ്പയുടെ നാമകരണ നടപടികളെ തടസപ്പെടുത്തുന്നതിനും ഈ വിമർശനം ഇടയാക്കുന്നുണ്ട്. മാർപാപ്പ കാലം ചെയ്തപ്പോൾ റോമിലെ യഹൂദ റബ്ബി എലിയോ തൊവാഫ് എഴുതി: “മാർപാപ്പയുടെ നേതൃത്വത്തിൽ യഹൂദന്മാർക്കു വേണ്ടി സഭ ചെയ്ത കാര്യങ്ങൾ ഞങ്ങൾ നന്ദിയോടെ സ്മരിക്കും. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് പിയൂസ് മാർപാപ്പ എല്ലായ്പ്പോഴും വർണ്ണവിവേചനത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു”. ഇതു കൂടാതെ മുസോളിനി പുറത്താക്കിയ പ്രമുഖരായ പല യഹൂദ പണ്ഡിതന്മാരെയും മാർപാപ്പ ജോലി നല്കി റോമിൽ പുനരധിവസിപ്പിക്കുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിന്റെ പുനർ നിർമ്മാണത്തിന് വേണ്ടിയും മാർപാപ്പ വലിയ സംഭാവനകൾ നൽകി. ജർമ്മനിയിൽ നാസിസത്തെ ശക്തമായി എതിർത്ത ബിഷപ്പുമാരിൽ മിക്കവരെയും മാർപാപ്പ കർദ്ദിനാളന്മാരായി ഉയർത്തി. ഈ നയം പോളണ്ടിലും ഹംഗറിയിലും നെതർലൻസിലും മാർപാപ്പ അനുവർത്തിച്ചു. എ.ഡി. 1954 -ൽ നീണ്ട കാലം രോഗബാധിതനായപ്പോൾ സ്ഥാനത്യാഗം ചെയ്യുന്നതിനെക്കുറിച്ച് മാർപാപ്പ ആലോചിച്ചു. എന്നാൽ ഇക്കാലയളവിൽ തന്നെ ചെറുപ്പക്കാരായിരുന്ന ജർമ്മനിയിലെ ജൂലിയസ് ഡോപ്ഫനറിനെയും (35) പോളണ്ടിലെ കാരൽ വോയ്റ്റിലയെയും (38) മെത്രാൻസ്ഥാനത്തേക്ക് ഉയത്തിയതും പിയൂസ് മാർപാപ്പയാണ്. കർദ്ദിനാൾ ഡോപ്ഫനർ മ്യൂണിക്കിലെ ആർച്ചുബിഷപ്പും കാരൽ വോയ്റ്റില പിന്നീട് ജോൺപോൾ രണ്ടാമൻ മാർപാപ്പയും ആയിത്തീർന്നു.

1958 ഒക്ടോബർ 9 -ന് കാലം ചെയ്ത പിയൂസ് പത്രണ്ടാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്. അതുവരെ റോമൻ നഗരം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റം വലിയ വിലാപയാത്രയായിരുന്നു പിയൂസ് മാർപാപ്പയുടേത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. പോൾ ആറാമൻ മാർപാപ്പ 1965 നവംബർ 18 -ന് പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പയുടെ നാമകരണ നടപടികൾ ആരംഭിക്കുകയും 2009 ഡിസംബർ 19 -ന് ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിക്കുകയും ചെയ്തു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.