പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 255 – പിയൂസ് IX (1792-1878)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1846 ജൂൺ 16 മുതൽ 1878 ഫെബ്രുവരി 7 വരെ നീണ്ടു നിന്ന, പത്രോസിനു ശേഷമുള്ള, സഭാചരിത്രത്തിലെ ഏറ്റം സുദീർഘമായ പേപ്പസി ആയിരുന്നു വാഴ്ത്തപ്പെട്ട പിയൂസ് ഒൻപതാം മാർപാപ്പയുടേത്. ഇറ്റലിയിലെ അങ്കോണയ്ക്കടുത്തുള്ള സെനിഗാല്യ നഗരത്തിൽ എ.ഡി. 1792 മെയ് 13 -നാണ് ജൊവാന്നി ഫറേത്തിയുടെ ജനനം. വൊൾത്തേറയിലെ പിയറിസ്റ്റ് കോളേജിലും റോമിലും പഠനം നടത്തിയ ജൊവാന്നി പിയൂസ് ഏഴാമൻ മാർപാപ്പയെ കണ്ടുമുട്ടിയത് ജീവിതത്തിൽ വഴിത്തിരിവായി. അപസ്മാര രോഗം ബാധിച്ച ജൊവാന്നിക്ക് മറ്റൊരു പുരോഹിതന്റെ സാന്നിധ്യത്തിലേ ആദ്യകാലങ്ങളിൽ ബലിയർപ്പിക്കുന്നതിന് അനുവാദമുണ്ടായിരുന്നുള്ളൂ. പിയൂസ് ഏഴാമൻ മാർപാപ്പ അദ്ദേഹത്തെ ചിലിയിലെ അപ്പോസ്തോലിക നുൻഷിയേച്ചറിൽ സഹായിയായി അയച്ചു. അങ്ങനെ അമേരിക്കൻ വൻകരയിൽ കാലുകുത്തിയ ആദ്യത്തെ ഭാവി മാർപാപ്പയായി ജൊവാന്നി മാറി. അവിടെ നിന്നും തിരികെയെത്തിയ അദ്ദേഹത്തെ ലിയോ പത്രണ്ടാമൻ സാൻ മിഖേലെ ആശുപത്രിയുടെ ചുമതലക്കാരനായി നിയമിച്ചു. മുപ്പത്തിയഞ്ചാമത്തെ വയസ്സിൽ സ്‌പൊളേത്തെ രൂപതയുടെ ആർച്ചുബിഷപ്പായി അദ്ദേഹം നിയമിതനായി. ഇക്കാലയളവിൽ ഇവിടെയുണ്ടായ ഭൂകമ്പത്തിൽ അനേകർക്ക് ജീവഹാനി സംഭവിച്ചു. തന്റെ സ്തുത്യർഹമായ ദുരിതാശ്വാസ പ്രവർത്തനങ്ങളാൽ ജൊവാന്നി ജനങ്ങളുടെ പ്രിയപ്പെട്ടവനായി.

പിന്നീട് ഇമൊള രൂപതയുടെ അദ്ധ്യക്ഷനായി നിയമിക്കപ്പെട്ട ജൊവാന്നിയെ കർദ്ദിനാളായും മാർപാപ്പ ഉയർത്തി. വൈദികരുടെ പരിശീലനത്തിന് പ്രാധാന്യം കൊടുത്ത അദ്ദേഹം ഇക്കാലയളവിൽ ജയിലുകളിൽ തടവുകാരെ സന്ദർശിക്കുകയും തെരുവുകുട്ടികളുടെ പുനരധിവാസത്തിനായി പദ്ധതികൾ തയ്യാറാക്കുകയും ചെയ്തു. എ.ഡി. 1846 -ൽ ഗ്രിഗറി പതിനാറാമൻ മാർപാപ്പ കാലം ചെയ്യുമ്പോൾ ഇറ്റലിയിൽ രാഷ്ട്രീയ അസ്ഥിരത നിലനിന്നിരുന്നു. എന്നാൽ കോൺക്ലേവിന്റെ രണ്ടാം ദിവസം തന്നെ കർദ്ദിനാൾ ജൊവാന്നി മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും അപസ്മാര രോഗിയായിരുന്നിട്ടും തനിക്ക് പൗരോഹിത്യം നൽകുന്നതിന് മനസ്സു കാട്ടിയ പിയൂസ് ഏഴാമൻ മാർപാപ്പയോടുള്ള ബഹുമാനാർത്ഥം പിയൂസ് എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ചെറുപ്പക്കാരനും പുരോഗമന ചിന്താഗതിക്കാരനുമായ ഒരാൾ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിൽ യൂറോപ്പും മറ്റു ക്രിസ്തീയരാജ്യങ്ങളും സന്തോഷിച്ചു.

മാർപാപ്പയുടെ നേതൃത്വത്തിൽ ആഗോള സഭാഭരണത്തിന് റോം കേന്ദ്രീകൃതമായി, കൂടുതൽ അടുക്കും ചിട്ടയും കൈവന്നു. പിയൂസ് മാർപാപ്പയുടെ വ്യക്തിജീവിതം ലളിതവും എല്ലാ കാര്യങ്ങളിലും മാതൃകാപരവും ആയിരുന്നു. പിയൂസ് ഒൻപതാമൻ വിളിച്ചു കൂട്ടിയ ഒന്നാം വത്തിക്കാൻ കൗൺസിൽ (1869–1870) സഭാചരിത്രത്തിലെ നിർണ്ണായകമായ ഒരു വഴിത്തിരിവായിരുന്നു. മാർപാപ്പയുടെ അധികാരവുമായി ബന്ധപ്പെടുത്തി അപ്രമാദിത്വം (infallibility) നിർവചിക്കപ്പെട്ടത് ഈ കൗൺസിലിലാണ്. യേശുക്രിസ്തു, പത്രോസ് അപ്പസ്തോലനു നൽകിയ അധികാരത്തിന്റെ തുടർച്ചയായി അദ്ദേഹത്തിന്റെ പിൻഗാമി എന്ന നിലയിൽ മാർപാപ്പ തിരുവചനവും വിശുദ്ധ പാരമ്പര്യങ്ങളും അടിസ്ഥാനപ്പെടുത്തി നടത്തുന്ന ഔദ്യോഗിക പ്രബോധനങ്ങൾക്ക് പിഴവ് സംഭവിക്കുന്നില്ല എന്നതാണ് മാർപാപ്പയുടെ അപ്രമാദിത്വം കൊണ്ട് അർത്ഥമാക്കുന്നത്. ഈ കൗൺസിൽ തീരുന്നതിനു മുൻപേ തിരികെ പോകേണ്ടി വന്ന മൽക്കൈറ്റ് പാത്രിയർക്കീസ് ഗ്രിഗറി രണ്ടാമന്റെയും പ്രതിനിധികളുടെയും അംഗീകാരം നേടിയെടുക്കുന്നതിനായി മാർപാപ്പ തന്റെ പ്രതിനിധിയെ അയച്ചു. വത്തിക്കാൻ കൗൺസിൽ തീരുമാനത്തിന് അവർ അംഗീകാരം നല്കിയെങ്കിലും പൗരസ്ത്യ പാത്രിയർക്കീസുമാരുടെ അധികാരവുമായി ബന്ധപ്പെട്ടു ചില തർക്കങ്ങൾ അവശേഷിച്ചു. എന്നിരുന്നാലും റോമുമായുള്ള ഐക്യം അഭംഗുരം മൽക്കൈറ്റ് സഭ തുടർന്നു.

ധാരാളം ജൂബിലികൾക്കും സാക്ഷ്യം വഹിച്ച ഒരു ഭരണമായിരുന്നു പിയൂസ് ഒൻപതാം മാർപാപ്പയുടേത്. ത്രെന്തോസ് സൂനഹദോസിന്റെ മുന്നൂറാം വാർഷികം, പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ രക്തസാക്ഷിത്വത്തിന്റെ ആയിരത്തി എണ്ണൂറാം വാർഷികം, പിയൂസ് ഒൻപതാമൻ മാർപാപ്പ ആയതിന്റെ രജത ജൂബിലിയും ബിഷപ്പായത്തിന്റെ സുവർണ്ണ ജൂബിലിയും ഇവയിൽ ചിലതു മാത്രമാണ്. സഭയിലെ അനേക പുണ്യജീവിതങ്ങളെ വിശുദ്ധരായും വാഴ്ത്തപ്പെട്ടവരായും പ്രഖ്യാപിച്ചതോടൊപ്പം പൊയീത്തിയസിലെ വി. ഹിലരി, വി. അൽഫോൻസ് ലിഗോരി, വി. ഫ്രാൻസിസ് ദേ സാലസ് എന്നിവരെ വേദപാരംഗതരുടെ ഗണത്തിലേക്ക് ഉയർത്തുകയും ചെയ്തു. എ.ഡി. 1854 ഡിസംബർ 8 -ന് പിയൂസ് മാർപാപ്പ “ഇൻഎഫാബിലിസ് ദേവൂസ്” എന്ന അപ്പസ്തോലിക രേഖയിലൂടെ മാതാവിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു.

തന്റെ ജീവിതാവസാനത്തിലെ രോഗപീഡകളെ അസാധാരണമായ ശാന്തതയോടെയും ദൈവീകതയോടെയും മാർപാപ്പ കൈകാര്യം ചെയ്തു. രോഗാവസ്ഥയിലും എല്ലാ ദിവസവും അദ്ദേഹം വിശുദ്ധ കുർബാന അർപ്പിച്ചു. തന്റെ രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത കർദ്ദിനാളിനോട്, “എന്നെ സ്വർഗ്ഗത്തിൽ പോകാൻ താങ്കൾ എന്തുകൊണ്ടാണ് അനുവദിക്കാത്തത്?” എന്നാണ് മാർപാപ്പ ചോദിച്ചത്. എ.ഡി. 1878 ഫെബ്രുവരി 7 -ന് തന്റെ എൺപത്തിയഞ്ചാം വയസ്സിൽ ജപമാല ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ മാർപാപ്പ കാലം ചെയ്തു. “ഞാൻ അതിയായി സ്നേഹിച്ച പരിശുദ്ധ സഭയെ സംരക്ഷിക്കുക” എന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാചകം. റോമൻ മതിലിന് പുറത്തുള്ള വി. ലോറൻസിന്റെ ബസിലിക്കയിലാണ് മാർപാപ്പയെ അടക്കിയിരിക്കുന്നത്. മുപ്പത്തിയൊന്നു വർഷവും ഇരുനൂറ്റിമുപ്പത്തിയാറ് ദിവസവുമാണ് പിയൂസ് മാർപാപ്പ സഭയെ നയിച്ചത്. എ.ഡി. 2000 സെപ്റ്റംബർ 3 -ന് ജോൺപോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച പിയൂസ് ഒൻപതാം മാർപാപ്പയുടെ തിരുനാൾ ഫെബ്രുവരി ഏഴിനാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.