പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 244 – ഇന്നസെന്റ് XIII (1655-1724)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1721 മെയ് 8 മുതൽ 1724 മാർച്ച് 7 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നല്കിയ മാർപാപ്പയാണ് ഇന്നസെന്റ് പതിമൂന്നാമൻ. റോമിനടുത്തുള്ള പോലി ഗ്രാമത്തിൽ അവിടുത്തെ ഡ്യൂക്കായിരുന്ന കാർലോ രണ്ടാമന്റെയും ഇസബെല്ല മോന്തിയുടെയും മകനായി മൈക്കലാഞ്ചലോ ദേയി കോന്തി എ.ഡി. 1655 മെയ് 13 -ന് ജനിച്ചു. അങ്കോണയിലെ പഠനശേഷം റോമിലെ ഈശോസഭക്കാരുടെ കോളേജിലും സാപ്പിയെൻസ സർവ്വകലാശാലയിലും പഠിച്ചു. സഭാനിയമത്തിലും സിവിൽ നിയമത്തിലും ഡോക്ടർ ബിരുദങ്ങൾ സമ്പാദിച്ചതിനു ശേഷം മൈക്കലാഞ്ചലോ ഒരു വൈദികനായി അഭിഷിക്തനായി. റോമിലെ അപ്പസ്തോലിക സിഞ്ഞിത്തൂറയിലെ സേവനത്തിനു ശേഷം അസ്‌കോളി, കമ്പാഞ്ഞ, മറിത്തിമ, വിത്തെർബോ നഗരങ്ങളിലെ ഗവർണറായി വിവിധ കാലങ്ങളിൽ ജോലി ചെയ്തു.

എ.ഡി. 1695 -ൽ ടാർസോ സ്ഥാനീയ രൂപതയുടെ ആർച്ചുബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ട മൈക്കലാഞ്ചലോ, സ്വിറ്റ്സർലന്റിലെ നുൺഷിയോ ആയി നിയമിക്കപ്പെട്ടു. ക്ലമന്റ് പതിനൊന്നാമൻ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പുരോഹിതനായി ഉയർത്തുകയും പോർച്ചുഗല്ലിലെ നുൺഷിയോ ആയി നിയമിക്കുകയും ചെയ്തു. എ.ഡി. 1116 -ൽ ഒരു വർഷക്കാലത്തോളം കർദ്ദിനാൾ സംഘത്തിന്റെ കാമർലിംഗോയായും മൈക്കലാഞ്ചലോ സേവനമനുഷ്ഠിച്ചു. ക്ലമന്റ് പതിനൊന്നാം മാർപാപ്പ കാലം ചെയ്തതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ മൈക്കലാഞ്ചലോ അദ്ദേഹത്തിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്നസെന്റ് മൂന്നാമൻ മാർപാപ്പയോട് കുടുംബ ബന്ധമുണ്ടായിരുന്നതിനാൽ ഇന്നസെന്റ് പതിമൂന്നാമൻ എന്ന പേര് സ്വീകരിച്ചു.

“ചൈന റീത്ത്” പ്രശ്നം ഇന്നസെന്റ് മാർപാപ്പയുടെ കാലത്തും തുടരുന്നു. പോർച്ചുഗൽ നുൺഷിയോ ആയിരിക്കുന്ന സമയത്ത് ഈശോസഭക്കാരുടെ അവിടെയുള്ള പ്രവർത്തനകളിൽ മാർപാപ്പക്ക് അതൃപ്തി തോന്നിയിരുന്നു. ഇതേ തുടർന്ന് ഈശോസഭക്കാരുടെ ചൈനയിലുള്ള പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും സമൂഹത്തിലേക്ക് പുതിയ അംഗങ്ങളെ ചേർക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. ഈ സമയത്ത് മാൾട്ട ദ്വീപിലെ വിശ്വാസികൾക്ക് തുർക്കികളിൽ നിന്നും ഭീഷണി ഉണ്ടായപ്പോൾ മാർപാപ്പ അവിടെ ഇടപെടുകയും അവരെ സഹായിക്കുകയും ചെയ്തു. സ്പെയിനിലെ സെവിലിൽ നിന്നുള്ള വി. ഇസിദോറിനെ 1722 ഏപ്രിൽ 25 -ന് മാർപാപ്പ വേദപാരംഗതന്മാരുടെ ഗണത്തിലേക്ക് ഉയർത്തി. 1724 ഏപ്രിൽ 25 -ന് ഇന്നസെന്റ് പതിമൂന്നാമൻ മാർപാപ്പ തന്റെ അറുപത്തിയെട്ടാം വയസ്സിൽ കാലം ചെയ്തു. അദ്ദേഹത്തെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്. എ.ഡി. 2005 -ൽ അദ്ദേഹത്തിന്റെ മുന്നൂറ്റിയമ്പതാം ജന്മദിനം ആചരിച്ചപ്പോൾ ജന്മനാടായ പോലിയിൽ നിന്നുള്ളവർ ഇന്നസെന്റ് മാർപാപ്പയുടെ നാമകരണ നടപടികൾ ആരംഭിക്കണമെന്ന് തിരുസിംഹാസനത്തോട് അഭ്യർത്ഥിക്കുകയുണ്ടായി.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.