പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 238 – ക്ലമന്റ് IX (1600-1669)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1667 ജൂൺ 20 മുതൽ 1669 ഡിസംബർ 9 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് ക്ലമന്റ് ഒൻപതാമൻ. ഇറ്റലിയിലെ പിസ്തോയിയ നഗരത്തിൽ എ.ഡി. 1600 ജനുവരി 28 -നാണ് ജൂലിയോ റോസ്പിലിയോസി ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കളായ ജാക്കമോയും കത്തറീനയും ടസ്‌ക്കണിയിലെ പ്രഭുകുടുംബങ്ങളിലെ അംഗങ്ങളായിരുന്നു. ഈശോസഭക്കാരുടെ സ്‌കൂളിൽ പഠിച്ചതിനു ശേഷം പീസാ സർവ്വകലാശാലയിൽ നിന്നും ദൈവശാസ്ത്ര, തത്വശാസ്ത്ര, കാനൻ, സിവിൽ നിയമങ്ങളിൽ ജൂലിയോ ഡോക്ടർ ബിരുദം സമ്പാദിച്ചു. എ.ഡി. 1623 മുതൽ 1625 വരെ വിവിധ സർവ്വകലാശാലകളിൽ ദൈവശാസ്ത്ര പ്രൊഫസ്സറായി അദ്ദേഹം സേവനമനുഷ്ഠിച്ചു.

ഉർബൻ മാർപാപ്പയുടെ ഭരണകാലത്ത് തിരുസിംഹാസനത്തിന്റെ നയതന്ത്ര കാര്യാലയത്തിലും പിന്നീട് അപ്പസ്തോലിക് സിഞ്ഞിത്തൂറയിലും ജൂലിയോ സേവനമനുഷ്ഠിച്ചു. ടാർസൂസിലെ സ്ഥാനീയ ആർച്ചുബിഷപ്പായി എ.ഡി. 1644 -ൽ അദ്ദേഹം നിയമിതനായി. പിന്നീട് പത്തു വർഷത്തോളം സ്പെയിനിലെ മാർപാപ്പയുടെ പ്രതിനിധിയായി ജൂലിയോ ജോലി ചെയ്തു. തിരികെ റോമിലെത്തിയ അദ്ദേഹം വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാതെ മരിയ മജോറെ ബസിലിക്കയിലെ വികാരിയായി സേവനം ചെയ്തു. നല്ല ചിന്തകനും എഴുത്തുകാരനുമായിരുന്ന ജൂലിയോ ഇക്കാലത്ത് കവിതയും നാടകങ്ങളുമൊക്കെ രചിച്ചു. അലക്‌സാണ്ടർ ഏഴാമൻ മാർപാപ്പ അദ്ദേഹത്തെ സാൻ സിസ്റ്റോ വേക്കിയോ ദേവാലയത്തിലെ കർദ്ദിനാളായി നിയമിച്ചു. ഇതേ കാലയളവിൽ മാർപാപ്പയുടെ സ്റ്റേറ്റ് സെക്രട്ടയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

അലക്‌സാണ്ടർ ഏഴാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയായി എ.ഡി. 1667 ജൂൺ 20 -ന് കർദ്ദിനാൾ ജൂലിയോ തിരഞ്ഞെടുക്കപ്പെടുകയും ക്ലമന്റ് ഒൻപതാമൻ എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്തു. ക്ലമന്റ് മാർപാപ്പയുടെ എടുത്തുപറയത്തക്ക നേട്ടം ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, നെതർലാൻസ് എന്നീ രാജ്യങ്ങൾ തമ്മിൽ നിലനിന്ന തർക്കങ്ങൾ “ആഹനിലെ സമാധാനം” എന്ന ഉടമ്പടിയിലൂടെ പരിഹരിച്ചു എന്നതാണ്. പാവങ്ങളോടുള്ള കരുണയും എല്ലാവരെയും വലുപ്പചെറുപ്പമില്ലാതെ പരിഗണിക്കുകയും ചെയ്തത് റോമൻ ജനതയുടെ ഇടയിൽ ക്ലമന്റ് മാർപാപ്പക്ക് വലിയ ആദരവ് നേടിക്കൊടുത്തു. രണ്ടാഴ്ചയിലൊരിക്കൽ വി. പത്രോസിന്റെ ബസിലിക്കയിൽ കുമ്പസാരം കേൾക്കുകയും ആശുപത്രികളും പാവങ്ങളുടെ ഭവനങ്ങളും മാർപാപ്പ സ്ഥിരമായി സന്ദർശിക്കുകയും ചെയ്യുമായിരുന്നു. അക്കാലത്തു നടത്തിയ നിർമ്മാണപ്രവർത്തനങ്ങളിൽ ഒന്നും തന്നെ തന്റെ പേര് കൊത്തിവയ്ക്കരുതെന്നും അദ്ദേഹം കല്പന പുറപ്പെടുവിച്ചു. എ.ഡി. 1669 ഡിസംബർ 9 -ന് കാലം ചെയ്ത ക്ലമന്റ് മാർപാപ്പയെ അടക്കിയിരിക്കുന്നത് മരിയ മജോറെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.