സഹനങ്ങളിലെ സുരക്ഷാകവചമായ ക്ഷമ വളർത്തിയെടുക്കാനുള്ള വഴികൾ

സഹന വേളകളിൽ നാം തളർന്നു പോകാതെ മുന്നേറുന്നതിന് ഒരു സുരക്ഷാകവചമായി നിലകൊള്ളുന്ന ക്ഷമ സകല സുകൃതങ്ങളുടെയും മകുടമാണ്. ഒപ്പം നമ്മുടെ മനസ്സിനെ തളർത്തുന്ന ദുഃഖങ്ങൾക്ക് കീഴ്പ്പെടാതെ അവയെ സമചിത്തതയോടെ സ്വീകരിക്കാനുള്ള ധാർമിക ശക്തി കൂടി ക്ഷമ പ്രധാനം ചെയ്യുന്നുണ്ട്. വിശുദ്ധ തോമസ് അക്വീനാസ് ക്ഷമയെ പുണ്യത്തിന്റെ മൂലക്കല്ലായാണ് വിശദീകരിക്കുന്നത്. യഥാർഥത്തിൽ ക്ഷമ നമ്മുടെ സഹന അനുഭവങ്ങളിൽ ഒരു കവചമായി പ്രവർത്തിക്കുന്നു. കാരണം നിരാശയുടെ ചിന്തകളിൽ നിന്നും നമ്മുടെ യുക്തിയെയും ബുദ്ധിയെയും സംരക്ഷിക്കുന്നതും പ്രതിസന്ധികളെ നേരിടാനുള്ള നന്മയുടെ പാത ഉപേക്ഷിക്കാനുള്ള സ്വാഭാവിക ചിന്തകളെ അതിജീവിക്കുന്നതിനും പ്രത്യാശയുടെ സുകൃതമായ ക്ഷമ സഹായിക്കുന്നു. അനുദിന ജീവിതത്തിൽ ക്ഷമ പരിശീലിക്കുന്നതിനുള്ള മാർഗങ്ങൾ മനസ്സിലാക്കാം.

1. കൃതജ്ഞത പരിശീലിക്കുക

പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും നടുവിലും നമ്മുടെ ജീവിതത്തിലെ നല്ല കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനും നാം നേടിയ നേട്ടങ്ങളെ മനസ്സിൽ താലോലിക്കാനും ശ്രമിക്കുന്നതിലൂടെ കൃതജ്ഞത നിറഞ്ഞ ഹൃദയവും ചിന്തകളും രൂപപ്പെടുത്താൻ കഴിയുന്നു. ഇത് പ്രത്യാശയോടെ നമ്മുടെ സഹനങ്ങളെ അതിജീവിക്കാനുള്ള ക്ഷമ നമ്മിൽ നിറയ്ക്കും.

2. സഹാനുഭൂതി വളർത്തിയെടുക്കുക

നമ്മുടെ സഹനങ്ങളിലും ക്ലേശങ്ങളിലും അടയിരിക്കാതെ നമ്മെക്കാൾ കഷ്ടതകളിലൂടെ കടന്നുപോകുന്ന മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളെ മനസ്സിലാക്കാനും അവരോട് സഹാനുഭൂതിയോടെ പെരുമാറാനും ശ്രമിക്കുന്നതിലൂടെ നമ്മുടെ ബുദ്ധിമുട്ടുകളെ നിസ്സാരമായി സ്വീകരിക്കാൻ നമുക്കു സാധിക്കുന്നു.

3. ചെറിയ വെല്ലുവിളികൾ സ്വീകരിക്കുക

ചെറിയ കാര്യങ്ങളെ ക്ഷമാപൂർവ്വം സ്വീകരിക്കുമ്പോൾ വലിയ സഹനങ്ങളെ സമാധാനപൂർവ്വം കൈകാര്യം ചെയ്യാൻ നാം പ്രാപ്തരാക്കുന്നു. അനുദിന ജീവിതത്തിൽ അപ്രതീക്ഷിതമായി വരുന്ന ചെറിയ ഇഷ്ടക്കേടുകളെയും സഹനങ്ങളെയും ബോധപൂർവ്വം ക്ഷമയോടെ സ്വീകരിക്കാൻ ശ്രമിക്കുന്നത് നമ്മിൽ ക്ഷമാശീലം വളർത്താൻ സഹായിക്കും.

4. പ്രചോദനം ഉൾക്കൊള്ളുന്ന വായനയിലോ കേൾവിയിലോ സംഭാഷണത്തിലോ ഏർപ്പെടുക

പ്രചോദനാത്മകമായ കാഴ്ചകളും കേൾവിയും സംഭാഷണങ്ങളും നമ്മുടെ ജീവിതത്തിലെ നിർണായക നിമിഷങ്ങളിൽ നമുക്ക് ശക്തിയായിത്തീരും. അതിനാൽ ക്ലേശങ്ങളെ അതിജീവിച്ച വ്യക്തികളുടെ ജീവിതങ്ങൾ പരിചയപ്പെടാനും വായനയിലൂടെ സത്ചിന്തകൾ മനസ്സിൽ നിറയ്ക്കാനും പ്രചോദനാത്മകമായ സംഭാഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ട് അനുദിന അനുഭവങ്ങളെ കൂടുതൽ സ്നേഹപൂർവ്വം സ്വീകരിക്കാനും ശ്രമിക്കുന്നതിലൂടെ നാം ക്ഷമയിൽ വളരുകയാണ് ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.