പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 234 – ഗ്രിഗറി XV (1554-1623)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1621 ഫെബ്രുവരി 9 മുതൽ 1623 ജൂലൈ 8 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് ഗ്രിഗറി പതിനഞ്ചാമൻ. ഇറ്റലിയിലെ ബൊളോഞ്ഞയിൽ എ.ഡി. 1554 ജനുവരി 9 -ന് പോംപെയോ – കമില്ല ദമ്പതികളുടെ മകനായി അലസ്സാൻഡ്രോ ലുഡോവിസി ജനിച്ചു. റോമിലെ ഈശോസഭക്കാരുടെ കോളേജിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല പഠനം. പിന്നീട് ബൊളോഞ്ഞ സവ്വകലാശാലയിൽ നിന്നും കാനൻ നിയമത്തിലും റോമൻ നിയമത്തിലും ഉന്നതബിരുദങ്ങൾ സമ്പാദിച്ചു. തിരികെ റോമിലെത്തിയ അലസ്സാൻഡ്രോ ഒരു നിയമജ്ഞനായി പേപ്പൽ കോടതിയിൽ സേവനമനുഷ്ഠിച്ചു. സിവിൽ-സഭാനിയമങ്ങളിൽ നിപുണനായിരുന്ന അലസ്സാൻഡ്രോ ദീർഘകാലം അപ്പസ്തോലിക് സിഞ്ഞിത്തൂറയിലും മാർപാപ്പയുടെ ഉന്നത കോടതിയായ റോമൻ റോട്ടയിലും സേവനമനുഷ്ഠിച്ചു.

പോൾ അഞ്ചാമൻ മാർപാപ്പ 1612 -ൽ വൈദിക-മെത്രാൻപട്ടങ്ങൾ നൽകി അലസ്സാൻഡ്രോയെ ബൊളോഞ്ഞയിലെ ആർച്ചുബിഷപ്പായി നിയമിച്ചു. അലസ്സാൻഡ്രോയെ സ്പെയിനിലെ രാഷ്ട്രീയപ്രശ്നങ്ങൾ പരിഹരിക്കാൻ പ്രതിനിധിയായി മാർപാപ്പ വിവിധ സന്ദർഭങ്ങളിൽ അയച്ചു. എ.ഡി. 1616 -ൽ പോൾ മാർപാപ്പ അദ്ദേഹത്തെ സാന്ത മരിയ ദേവാലയത്തിലെ കർദ്ദിനാൾ പുരോഹിതനായി നിയമിച്ചു. പോൾ അഞ്ചാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ ബൊളോഞ്ഞയിലെ ആർച്ചുബിഷപ്പായിരുന്ന അലസ്സാൻഡ്രോയെ അദ്ദേഹത്തിന്റെ പിൻഗാമിയായി തിരഞ്ഞെടുത്തു. ചരിത്രത്തിൽ വലിയ മാറ്റങ്ങൾക്കു കാരണക്കാരായ ഗ്രിഗറി മാർപാപ്പമാരോടുള്ള ആദരവ് കാരണം ഗ്രിഗറി എന്ന നാമം സ്വീകരിച്ചു. യൂറോപ്പിലെ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്നതിന് ഗ്രിഗറി മാർപാപ്പക്ക് വലിയ താൽപര്യം ഉണ്ടായിരുന്നില്ല. “ഓമ്നിപൊട്ടെന്തിസ് ദേയി” എന്ന പേരിൽ മന്ത്രവാദത്തിനുമെതിരെയുള്ള മാർപാപ്പയുടെ പ്രഖ്യാപനം സഭയിലെ ഇത്തരത്തിലുള്ള അവസാന ഡോക്കുമെന്റാണ്. പഴയകാലത്ത് നൽകിയിരുന്ന വലിയ ശിക്ഷകൾ കുറയ്ക്കുകയായിരുന്നു മാർപാപ്പയുടെ ലക്ഷ്യം.

വലിയ നിയമപണ്ഡിതനും ദൈവശാസ്ത്രജ്ഞനുമായിരുന്ന ഗ്രിഗറി മാർപാപ്പ പേപ്പൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില പുതിയ നിയമങ്ങൾ നിർമ്മിച്ചു. തിരഞ്ഞെടുപ്പ് രഹസ്യ വോട്ടെടുപ്പിലൂടെ ആയിരിക്കും എന്നതായിരുന്നു അതിൽ ഏറ്റം പ്രധാനം. എ.ഡി. 1622 ജനുവരി 6 -ന് വിശ്വാസപ്രചാരണത്തിനായുള്ള വത്തിക്കാൻ കോൺഗ്രിഗേഷൻ മാർപാപ്പ സ്ഥാപിച്ചു. ഇന്നത് ജനതകളുടെ സുവിശേഷവത്ക്കരണത്തിനുള്ള കോൺഗ്രിഗേഷൻ (Congregation for the Evangelization of Peoples) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഫ്രാൻസിസ് സേവ്യർ, ഇഗ്‌നേഷ്യസ് ലയോള, ഫിലിപ്പ് നേരി, ആവിലായിലെ അമ്മത്രേസ്യ എന്നിവരെ ഗ്രിഗറി മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. 1623 ജൂലൈ 8 -ന് കാലം ചെയ്ത ഗ്രിഗറി പതിനഞ്ചാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് റോമിലെ വി. ഇഗ്‌നേഷ്യസിന്റെ നാമത്തിലുള്ള ദേവാലയത്തിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.