പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 221 – ജൂലിയോസ് III (1487-1555)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1550 ഫെബ്രുവരി 7 മുതൽ 1555 മാർച്ച് 23 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് ജൂലിയോസ് മൂന്നാമൻ. ഇറ്റലിയിലെ ടസ്ക്കണി പ്രദേശത്തുള്ള മോന്തെ സാൻ സവിനോ നഗരത്തിൽ എ.ഡി. 1487 സെപ്റ്റംബർ 10 -നാണ് ജോവാന്നി മരിയ ചോക്കി ജനിച്ചത്. ജോവാന്നി പെറൂജയിലും സിയെന്നായിലും നിയമം പഠിക്കുകയും പൊതുജീവിതത്തിന്റെ ആരംഭത്തിൽ തന്നെ പ്രഗത്ഭനായ ഒരു സഭാനിയമ പണ്ഡിതൻ എന്ന പേര് സമ്പാദിക്കുകയും ചെയ്തു. മാൻഫ്രദോണിയ അതിരൂപതയിൽ നിന്നും ജോവാന്നിയുടെ അമ്മാവനായിരുന്ന ആർച്ചുബിഷപ്പ് അന്തോണിയോ കർദ്ദിനാൾ ആയി സ്ഥലം മാറി പോകുമ്പോൾ ഈ സ്ഥാനത്തേക്ക് ജോവാന്നിയെ എ.ഡി. 1512 -ൽ മാർപാപ്പ നിയമിച്ചു. എട്ടു വർഷം കഴിഞ്ഞപ്പോൾ പവിയ രൂപതയുടെ ബിഷപ്പായി അദ്ദേഹത്തെ സ്ഥലം മാറ്റി.

ആർച്ചുബിഷപ്പ് ജോവാന്നിയുടെ ഭരണപരമായ കഴിവും എല്ലാവരോടും ശാന്തതയോടെ ഇടപെടുന്ന സ്വഭാവവും കാരണം രണ്ടു പ്രാവശ്യം മാർപാപ്പ അദ്ദേഹത്തെ റോമിന്റെ ഗവർണ്ണറായി നിയമിച്ചു. പോൾ മൂന്നാമൻ ജോവാന്നിയെ പാലസ്ത്രീനായിലെ കർദ്ദിനാൾ ബിഷപ്പായി നിയമിക്കുകയും തെന്ത്രോസ് സൂനഹദോസിൽ തന്റെ പ്രതിനിധിയായി അയക്കുകയും ചെയ്തു. പോൾ മൂന്നാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺക്ലേവ് രണ്ടര മാസത്തോളം നീണ്ടു. അവസാനം കർദ്ദിനാൾ ജിയോവാന്നി തിരഞ്ഞെടുക്കപ്പെടുകയും ലാറ്ററൻ ബസിലിക്കയിൽ വച്ച് ജൂലിയോസ് മൂന്നാമൻ എന്ന പേരിൽ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.

തെന്ത്രോസ് സൂനഹദോസ് പുനരാരംഭിക്കുന്നതിന് ജൂലിയോസ് മാർപാപ്പ നടത്തിയ ശ്രമങ്ങൾ ഫ്രഞ്ച് രാജാവായ ഹെൻറിയുടെ എതിർപ്പ് മൂലം വിജയിച്ചില്ല. ഈശോസഭക്കാരുടെ അടുത്ത സുഹൃത്തായിരുന്ന മാർപാപ്പ അവരുടെ അഭ്യർത്ഥന മാനിച്ച് “ഡും സൊളിചിത്ത” എന്ന പേപ്പൽ ബൂളായിലൂടെ റോമിലെ ജർമ്മൻ കോളേജ് സ്ഥാപിച്ചു. ജൂലിയോസ് മാർപാപ്പയുടെ കാലത്ത് എ.ഡി. 1553 -ൽ മേരി രാജ്ഞിയിലൂടെ ഇംഗ്ലണ്ടിൽ കത്തോലിക്കാ സഭ തിരികെ വന്നു. മാർപാപ്പയുടെ സഹോദരൻ എടുത്തുവളർത്തിയ അനാഥബാലൻ ഇന്നസെൻസോ ഡെൽ മോന്തേയെ പതിനേഴാമത്തെ വയസ്സിൽ ജൂലിയോസ് മാർപാപ്പ കർദ്ദിനാൾ ആക്കുന്നു. പിതൃത്വം തെളിയിക്കാൻ സാധിക്കാത്തവരെയും വിവാഹേതര ബന്ധത്തിൽ ജനിക്കുന്നവരെയും പൗരോഹിത്യത്തിനായി തിരഞ്ഞെടുക്കരുതെന്ന അന്നത്തെ സഭാനിയമം തെറ്റിക്കുന്നതിനെക്കുറിച്ച് പല കർദ്ദിനാളന്മാരും മാർപാപ്പയ്ക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ ഇതൊന്നും ചെവിക്കൊള്ളാതെ ഇന്നസെൻസോയെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ആക്കി മാർപാപ്പ നിയമിച്ചത് സഭയിൽ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചു. എ.ഡി. 1555 മാർച്ച് 23 -ന് കാലം ചെയ്ത ജൂലിയോസ് മൂന്നാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.