പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 209 – കലിസ്റ്റസ് III (1378-1458)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1455 ഏപ്രിൽ 8 മുതൽ 1458 ആഗസ്റ്റ് 6 വരെയുള്ള കാലയളവിൽ മാർപാപ്പ ആയിരുന്ന ആളാണ് കലിസ്റ്റസ് മൂന്നാമൻ. ഇറ്റലിയിലെ ല തൊറേത്ത എന്ന സ്ഥലത്ത് സ്പെയിനിൽ നിന്നുള്ള യുവാൻ ബോർജ – ഫ്രാൻസീന ലങ്കോൾ എന്നിവരുടെ മകനായി എ.ഡി. 1378 -ലാണ് അൽഫോൻസോ ബോർജിയായുടെ ജനനം. സ്പെയിനിലെ വാലെൻസിയായിലെ പ്രാഥമിക വിദ്യഭ്യാസത്തിനു ശേഷം ലൈഡ സർവ്വകലാശാലയിൽ നിന്നും കാനൻ നിയമത്തിലും സിവിൽ നിയമത്തിലും ഡോക്ടർ ബിരുദം സമ്പാദിക്കുന്നു. അവിടെത്തന്നെ പിന്നീട് നിയമ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. എ.ഡി. 1411 -ൽ ഡൊമിനിക്കൻ സന്യാസി വി. വിൻസെന്റ് ഫെററിന്റെ ഒരു ധ്യാനത്തിൽ സംബന്ധിച്ചപ്പോൾ അദ്ദേഹം അൽഫോൻസോയെക്കുറിച്ച് വലിയൊരു പ്രവചനം നടത്തി. ഒരു മനുഷ്യന് നേടാവുന്നതിൽ വച്ച് ഏറ്റം മഹനീയമായ സ്ഥാനത്ത് അദ്ദേഹം എത്തുമെന്നും തന്റെ മരണശേഷം അവനിലൂടെ തനിക്കും അനുഗ്രഹം ലഭിക്കുമെന്നുമായിരുന്നു അത്. വിൻസെന്റിനെ 1445 -ൽ വിശുദ്ധനായി പ്രഖ്യാപിച്ചത് കലിസ്റ്റസ് മാർപാപ്പയാണ്.

വലൻസിയായിലെ സാൻ നിക്കോളാസ് ആശ്രമത്തിന്റെ റെക്ടർ ആയി സേവനമനുഷ്ഠിക്കുമ്പോഴാണ് ലെറിഡ സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആയി അദ്ദേഹത്തെ നിയമിച്ചത്. പിന്നീട് അറഗൊണെസെ രാജാവിന്റെ ഉദ്യോഗസ്ഥനായും മല്ലോർക്ക ദ്വീപിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ ആയും അൽഫോൻസോ സേവനം അനുഷ്ഠിച്ചു. മാർട്ടിൻ അഞ്ചാമൻ മാർപാപ്പ അദ്ദേഹത്തെ വലൻസിയ രൂപതയുടെ ബിഷപ്പായി നിയമിക്കുന്നു. എ.ഡി. 1444 മെയ് 2 -ന് യൂജിൻ നാലാമൻ മാർപാപ്പ അൽഫോൻസോയെ സാന്തി ക്വാത്രോ കൊറോണാത്തി ദേവാലയത്തിലെ കർദ്ദിനാൾ പുരോഹിതനായി ഉയർത്തി. എ.ഡി. 1455 ഏപ്രിൽ എട്ടിന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അൽഫോൻസോയ്ക്ക് 77 വയസ്സായിരുന്നു പ്രായം.

കോൺസ്റ്റാന്റിനോപ്പിൾ തുർക്കികളിൽ നിന്നും വീണ്ടെടുക്കുന്നതിനായി ഒരു കുരിശുയുദ്ധം ആരംഭിക്കാൻ യൂറോപ്യൻ രാജ്യങ്ങളോട് മാർപാപ്പ ആഹ്വാനം ചെയ്തു. മാർപാപ്പയുടെ കല്പന അനുസരിച്ച് എല്ലാ പള്ളികളിലും മദ്ധ്യാഹ്നത്തിൽ മണിയടിക്കുകയും ഈ നിയോഗത്തിലേക്ക് പ്രാർത്ഥിക്കുകയും ചെയ്തു. അന്നു മുതലാണ് ഉച്ചക്കുള്ള ത്രികാല ജപപ്രാർത്ഥന സഭയിലുടനീളം നടപ്പായത്. ബൽഗ്രേഡിൽ വച്ച് തുർക്കികളെ തോൽപിച്ചതിന്റെ അനുസ്മരണത്തിനായി രൂപാന്തരീകരണ തിരുനാൾ ആഗസ്റ്റ് 6 -ന് ആഘോഷിക്കുന്ന പതിവ് തുടങ്ങിയതും കലിസ്റ്റസ് മാർപാപ്പയാണ്. ഫ്രഞ്ച് വീരനായിക വി. ജോൻ ഓഫ് ആർക്കിന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടത് മാർപാപ്പ ആവശ്യപ്പെട്ട പുനർവിചാരണയിലൂടെയാണ്. എ.ഡി. 1458 ആഗസ്റ്റ് 6 -ന് കാലം ചെയ്ത കലിസ്റ്റസ് മൂന്നാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് മോൺസെരാത്തോയിലെ സാന്ത മരിയ ദേവാലയത്തിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.