പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 195 – ക്ലമന്റ് V (1264-1314)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1305 ജൂൺ 5 മുതൽ 1314 ഏപ്രിൽ 20 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് ക്ലമന്റ് അഞ്ചാമൻ. ഫ്രാൻസിലെ വിലാൻദ്രൗത് എന്ന സ്ഥലത്ത് ബെറാർഡ് പ്രഭുവിന്റെ മകനായി എ.ഡി. 1264 -ൽ ബെർത്രാണ്ട് ദേ ഗോത് ജനിച്ചു. അദ്ദേഹം ടുളൂസ് പട്ടണത്തിൽ താമസിച്ച് കലയും അതിനു ശേഷം ബൊളോഞ്ഞാ സർവ്വകലാശാലയിൽ നിന്ന് കാനൻ-സിവിൽ നിയമബിരുദങ്ങളും സമ്പാദിച്ചു. ആദ്യം ബോർഡോ കത്തീഡ്രലിലെ കാനൻ ആയും പിന്നീട് ലിയോൺ ആർച്ചുബിഷപ്പായിരുന്ന തന്റെ സഹോദരന്റെ വികാരി ജനറൽ ആയും കുറേ നാൾ ബെർത്രാണ്ട് ജോലി ചെയ്തു. എ.ഡി. 1294 -ൽ അൽബാനോയിലെ ബിഷപ്പായും ഫ്രാൻസിലെ മാർപാപ്പയുടെ പ്രതിനിധിയായും അദ്ദേഹം നിയമിക്കപ്പെട്ടു. ബോനിഫസ് എട്ടാമൻ മാർപാപ്പ എ.ഡി. 1297 -ൽ ബെർത്രാണ്ടിനെ ഫ്രാൻസിലെ ബോർഡോയിലെ ആർച്ചുബിഷപ്പായി നിയമിച്ചു.

ഇറ്റലിയിലെയും ഫ്രാൻസിലെയും കർദ്ദിനാളന്മാർക്ക് മാർപാപ്പ തിരഞ്ഞെടുപ്പിൽ ഒരു യോജിപ്പിലെത്താൻ സാധിക്കാതിരുന്നതിനാൽ ബെനഡിക്ട് പതിനൊന്നാമൻ മാർപാപ്പയുടെ മരണശേഷം ഒരു വർഷത്തോളം മാർപാപ്പ ഇല്ലാത്ത അവസ്ഥ ഉണ്ടായി. എ.ഡി. 1305 ജൂൺ 5 -ന് പെറൂജിയായിൽ വച്ച് ബെർത്രാണ്ടിനെ മാർപാപ്പയായി തിരഞ്ഞെടുത്തു. ഇറ്റലിയിൽ വന്ന് സ്ഥാനമേൽക്കുന്നതിനു പകരം ലിയോൺ നഗരത്തിൽ വച്ച് അഞ്ചു മാസങ്ങൾക്കു ശേഷം ഫ്രാൻസിലെ രാജാവ് ഫിലിപ്പ് നാലാമന്റെ സാന്നിധ്യത്തിൽ സ്ഥാനാരോഹണം നടത്തി. ഇതോടു കൂടിയാണ് ചരിത്രത്തിൽ മാർപാപ്പമാരുടെ “ബാബിലോണിയൻ പ്രവാസം” എന്ന യുഗം ആരംഭിക്കുന്നത്. അടുത്ത എഴുപത്തിരണ്ട് വർഷക്കാലം ഫ്രാൻസിലെ അവിഞ്ഞോൺ എന്ന നഗരത്തിൽ താമസിച്ചുകൊണ്ടായിരുന്നു മാർപാപ്പമാർ സഭയെ നയിച്ചത്.

സഭയിലെ അക്കാലത്തെ പ്രബല സംഘടനയായ നൈറ്റ്സ് ടെംപ്ലാറിനെ ഫിലിപ്പ്  നാലാമൻ രാജാവ് അവരുടെ സ്വത്തുക്കൾ കൈക്കലാക്കി ഇല്ലാതാക്കാൻ ശ്രമിച്ചു. എ.ഡി. 1307 ഒക്ടോബർ 13 -ന് നൂറുകണക്കിന് നൈറ്റ്സ് അറസ്റ്റ്‌ ചെയ്യപ്പെട്ടു. പിന്നീട് മാർപാപ്പ ഫ്രാൻസിലെ വിയെന്നെയിൽ വിളിച്ചുകൂട്ടിയ കൗൺസിലിൽ നൈറ്റ്സ് ടെംപ്ലാറിനെ പിരിച്ചുവിടുകയും അവരുടെ സ്വത്തുക്കൾ ജെറുലമിലെ നൈറ്റ്സ് ഓഫ് സെന്റ് ജോണിനു (ഇന്നത്തെ നൈറ്റ്സ് ഓഫ് മാൾട്ട) കൈമാറുകയും ചെയ്തു. ക്ലമന്റ് അഞ്ചാമൻ മുഗൾ രാജാക്കന്മാരുമായി ഇക്കാലത്ത് ബന്ധം പുനഃസ്ഥാപിക്കുകയും മുസ്ലിങ്ങൾക്കെതിരെയുള്ള യുദ്ധത്തിൽ ഒന്നിച്ചുനിൽക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. അതിന്റെ ഫലമായി എ.ഡി. 1309 -ൽ “പാവങ്ങളുടെ കുരിശുയുദ്ധം” ആരംഭിക്കുന്നു. എ.ഡി. 1314 ഏപ്രിൽ 20 -ന് തന്റെ ജന്മഗ്രാമമായ വിലാൻദ്രൗത്തിലേക്കുള്ള യാത്രയിൽ റോക്ക്വമൗറേ എന്ന സ്ഥലത്തു വച്ച് ക്ലമന്റ് അഞ്ചാമൻ മാർപാപ്പ കാലം ചെയ്തു. അതിനടുത്തുള്ള ഒരു ദേവാലയത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.