പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 189 – മാർട്ടിൻ IV (1210-1285)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1281 ഫെബ്രുവരി 22 മുതൽ 1285 മാർച്ച് 28 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് മാർട്ടിൻ നാലാമൻ. എ.ഡി. 1210 -ൽ ഫ്രാൻസിലെ ഇലെ ദി ഫ്രാൻസ് പ്രദേശത്ത് ജീൻ എന്നയാളുടെ മകനായി സീമോൻ ദി ബ്രിയോൺ ജനിച്ചു. പാരീസ് സർവ്വകലാശാലയിലെ പഠനത്തിനു ശേഷം പാദുവായിലും ബൊളോഞ്ഞയിലും നിയമപഠനത്തിനായി പോകുന്നു. എ.ഡി. 1248-1259 കാലഘട്ടത്തിൽ ഫ്രാൻസിലെ റുവൻ കത്തീഡ്രലിലെ കാനൻ ആയും പിന്നീട് ആർച്ചുഡീക്കനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ലൂയി ഒൻപതാമൻ രാജാവ് ആർച്ചുഡീക്കൻ സീമോനെ ടൂർസിലെ വി. മാർട്ടിന്റെ ദേവാലയത്തിലെ ഖജാന്‍ജിയായി നിയമിച്ചു. പിന്നീട് രാജാവ് തുടങ്ങിയ ക്ലാരിസ്റ്റൻ സന്യാസിനീ സമൂഹത്തിന്റെ ചുമതലക്കാരനായും അദ്ദേഹം കുറേ നാൾ ജോലി ചെയ്തു. അവസാനം തന്റെ ചാൻസലർ ആയും ലൂയി ഒൻപതാമൻ രാജാവ് സീമോനെ നിയമിച്ചു.

റോമിലെ സെന്റ് സിസീലിയാ ദേവാലയത്തിലെ കർദ്ദിനാൾ പുരോഹിതനായി ഉർബൻ നാലാമൻ മാർപാപ്പ സീമോനെ നിയമിക്കുന്നു. റോമിൽ താമസിക്കുന്നതിനു  പകരം ഉർബൻ നാലാമൻ മാർപാപ്പയുടെ താല്പര്യപ്രകാരം അദ്ദേഹത്തിന്റെ പ്രതിനിധിയായി ഫ്രാൻ‌സിൽ തുടരുന്നു. പിന്നീട് വന്ന മാർപാപ്പമാരും അദ്ദേഹത്തെ തങ്ങളുടെ പ്രതിനിധിയായി ഫ്രാൻ‌സിൽ നിലനിർത്തി. നിക്കോളാസ് മൂന്നാമൻ വിത്തെർബോയിൽ കാലം ചെയ്തപ്പോൾ അടുത്ത മാർപാപ്പയുടെ തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടുപോകുന്നു. ജനങ്ങൾ പ്രക്ഷോഭം ഉണ്ടാക്കിയപ്പോൾ ഫ്രഞ്ചുകാരനായ സീമോനെ തിരഞ്ഞെടുക്കുകയും 1281 ഫെബ്രുവരി 22 -ന് അദ്ദേഹം ഒർവിയേത്തോ നഗരത്തിൽ വച്ച് തന്റെ സ്ഥാനാരോഹണം നടത്തുകയും ചെയ്തു. ഫ്രഞ്ചുകാരനായ മാർപാപ്പയെ റോമാക്കാർ പെട്ടെന്ന് അംഗീകരിക്കാൻ വിമുഖത കാട്ടിയപ്പോൾ മാർട്ടിൻ നാലാമൻ ഒർവിയേത്തോ പട്ടണത്തിൽ താമസിച്ചുകൊണ്ടാണ് ഭരണനിർവ്വഹണം നടത്തിയത്.

ഒരിക്കൽ പോലും റോമാ നഗരത്തിൽ വരുന്നതിന് അദ്ദേഹത്തിന് സാധിക്കാത്ത സാഹചര്യമായിരുന്നു. റോമിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് മാർപാപ്പ നിയോഗിച്ച പ്രതിനിധികൾ ആയിരുന്നു. രണ്ടാം ലിയോൺസ് കൗൺസിലിൽ വച്ച് പൗരസ്ത്യ സഭയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചത് മാർട്ടിൻ മാർപാപ്പയുടെ കാലത്ത് വീണ്ടും നഷ്ടപ്പെട്ടു. ബൈസന്റൈൻ ചക്രവർത്തി മൈക്കിൽ എട്ടാമനെ സഭയിൽ നിന്നും മാർപാപ്പ പുറത്താക്കിയതാണ് ഇതിന്റെ പ്രധാന കാരണമായി പറയപ്പെടുന്നത്. എ.ഡി. 1285 മാർച്ച് 25 -ന് മാർട്ടിൻ മാർപാപ്പ പെറൂജിയ കത്തീഡ്രലിൽ മാതാവിന്റെ വചനിപ്പ് തിരുനാൾ ദിവസം ആഘോഷമായ വിശുദ്ധ ബലിയർപ്പിച്ചു. എന്നാൽ അതിനു ശേഷം പെട്ടെന്ന് രോഗാതുരതനാവുകയും മാർച്ച് 28 -ന് കാലം ചെയ്യുകയും ചെയ്തു. അദ്ദേഹത്തെ അടക്കിയിരിക്കുന്നത് പെറൂജിയായിലെ സാൻ ലോറെൻസോ കത്തീഡ്രൽ ദേവാലയത്തിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.