ഫാ. ജോർജ് കുറ്റിക്കൽ എം.സി.ബി.എസ് – ജീവിതരേഖ

ആകാശത്തിനപ്പുറത്തേക്ക് യാത്രയായ, ആകാശപ്പറവകളുടെ കൂട്ടുകാരനായ പുണ്യപിതാവേ വന്ദനം! 

ഭാരത കത്തോലിക്കാസഭ കണ്ട ഏറ്റവും പ്രഗത്ഭരായ പ്രേഷിതരിലൊരാളായിരുന്നു  ഫാ. ജോർജ് കുറ്റിക്കൽ MCBS എന്ന കുറ്റിക്കലച്ചന്‍. ഒരിക്കല്‍ കണ്ടാല്‍ അദ്ദേഹത്തെ ആരും മറക്കില്ല. കാരണം അത്രമാത്രം വ്യക്തികളില്‍ സ്വാധീനംചെലുത്താന്‍ കഴിവുള്ള നല്ല വൈദികനായിരുന്നു അദ്ദേഹം. ബഹുമാനപ്പെട്ട കുറ്റിക്കലച്ചന്‍ പോകാത്ത ഇടമില്ല ഇന്ത്യയില്‍ എന്നുപറയാം. അത്രമാത്രം ഇന്ത്യയെ കണ്ടത്തിയ, ഇന്ത്യയിലെ പാവപ്പെട്ടവരെ, പ്രത്യേകിച്ച് ഭിക്ഷാടകരെ സ്നേഹിച്ച, മഹാനായ മനുഷ്യസ്നേഹിയും ദിവ്യകാരുണ്യപ്രഘോഷകനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു ഫാ. ജോർജ് കുറ്റിക്കൽ MCBS.

ജനനം – ബാല്യം 

ആലപ്പുഴ പുറക്കാട് പരേതരായ കുറ്റിക്കൽ പി.സി. ജോസഫിന്റെയും  ത്രേസ്യാമ്മയുടേയും ഏഴുമക്കളിൽ രണ്ടാമനായി 1950 ജനുവരി 11 -ന് ഫാ. ജോർജ് കുറ്റിക്കൽ ജനിച്ചു. മമ്മോദീസാ പേര് വര്‍ക്കി. SSLC ബുക്കിലെ പേര് ജോര്‍ജ് പി.ജെ. ഏഴുമക്കളിൽ മൂന്ന് ആണും നാല് പെണ്ണും. സഹോദരി സിസ്റ്റർ ആൻജോസ് ഹോളി ഫാമിലി സഭയിൽ ഗുജറാത്തിൽ സേവനമനുഷ്ഠിക്കുന്നു. പാവങ്ങളോട് കരുണകാണിച്ചിരുന്ന മാതാപിതാക്കളുടെ ജീവിതം ദർശിച്ച് ദാരിദ്രത്തെ സേവിക്കുന്ന ഫ്രാൻസിസ്കൻ ആത്മീയതയിൽ ബാല്യത്തില്‍തന്നെ ആകൃഷ്ടനായി.

ദിവ്യകാരുണ്യ മിഷനറിസഭയിലേക്ക് 

ഫാ. മാത്യു ആലക്കളം അച്ചനാലും ഫാ. ജോസഫ് പറേടം അച്ചനാലും സ്ഥാപിതമായ ദിവ്യകാരുണ്യ മിഷനറിസമൂഹത്തിലേക്ക് 1967 ജൂൺ 3 -ന് കടന്നുവന്നു. 1970 ജൂൺ 11 -ന് ആദ്യവ്രത വാഗ്ദാനം നടത്തി. ബഹുമാനപ്പെട്ട കണിപ്പള്ളില്‍ മാത്യു അച്ചനായിരുന്നു നവസന്യാസഗുരു. 1973 ജൂലൈ 3 -ന് സഭാവസ്ത്ര സ്വീകരണം. 1975 മെയ്‌ 17 -ന് നിത്യവ്രത വാഗ്ദാനം. ഫിലോസഫി – തിയോളജി പഠനം ആലുവ മംഗലപ്പുഴ സെമിനാരിയില്‍. 1977 മെയ്‌ 15 -ന് എറണാകുളം അതിരൂപതാ സഹായമെത്രാനായിരുന്ന ബിഷപ്പ് സെബാസ്റ്റ്യൻ മങ്കുഴിക്കരിയിൽനിന്നും പുരോഹിത്യം സ്വീകരിച്ചു.

MCBS സഭയുടെ വൊക്കേഷൻ പ്രൊമോട്ടറായും, പാലക്കാട് കത്തീഡ്രൽ സഹവികാരിയായും മുപ്പത്തടം ഇടവക വികാരിയായും സേവനംചെയ്തു. MCBS സഭയുടെ ദിവ്യകാരുണ്യധ്യാന പ്രഘോഷകസംഘത്തോടൊത്ത് ഇടവകകൾതോറും ദിവ്യകാരുണ്യധ്യാനം നടത്തി. ഇക്കാലമൊക്കെയും തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ അച്ചൻ ഏർപ്പെട്ടുവന്നു.

ആകാശപ്പറവകളുടെ കൂട്ടുകാര്‍  

പ്രമുഖ പക്ഷിനിരീക്ഷകന്‍ സലിം അലിയുടെ പക്ഷിവളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചതാണ് ആകാശപ്പറവകളുടെ കൂട്ടുകാര്‍ (FBA) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. ദേശാടനം നടത്തിവരുന്ന സൈബീരിയന്‍ കൊക്കുകള്‍ക്കുപോലും പേരിടുകയും വിവരങ്ങള്‍ ഫയലില്‍ സൂക്ഷിക്കുകയും ഫയലുകള്‍ ഇവ പറന്നെത്തുന്ന ഇടങ്ങളിലെ പക്ഷിസംരക്ഷകര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.

എന്നാല്‍ മറ്റു ജീവികളേക്കാള്‍ ഏറെ വിലയുള്ള മനുഷ്യനെക്കുറിച്ച് പഠനങ്ങളും നിരീക്ഷണങ്ങളും എന്തുകൊണ്ട് നടക്കുന്നില്ല എന്ന ചോദ്യത്തില്‍നിന്നാണ് ആകാശപ്പറവകളുടെ കൂട്ടുകാര്‍ എന്ന സ്ഥാപനം ആരംഭിക്കാന്‍ ജോര്‍ജ് കുറ്റിക്കലച്ചന്‍ തീരുമാനിച്ചത്.

അങ്ങനെ തൃശൂര്‍ ജില്ലയിലെ പീച്ചി ഡാമിനടുത്ത് പുത്തൂര്‍ പഞ്ചായത്തിലെ  ചെന്നായപ്പാറയില്‍ ഇവര്‍ക്ക് ഭവനം ഒരുക്കാന്‍ MCBS സഭാസമൂഹം സ്ഥലം വാങ്ങിച്ചു. ജീവിച്ചിരിക്കെതന്നെ വിശുദ്ധ എന്ന് കീര്‍ത്തിതയായ മദര്‍ തെരേസ 1994 ജനുവരി 18 -ന് ഇത് ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് 

പാവപ്പെട്ടവരുടെയും ഭിക്ഷടകരുടെയും പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അവര്‍ക്കായി ഭവനങ്ങള്‍ ഒരുക്കാനും കുറ്റിക്കലച്ചന്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. തുടര്‍ന്ന് ഇന്ത്യയിലുടനീളം ആകാശപ്പറവകളുടെ കൂട്ടുകാരുടെ (FBA) ആശ്രമങ്ങൾ ആരംഭിക്കപ്പെട്ടു. ഡൽഹി, ജമ്മു-കാശ്മീർ, പഞ്ചാബ്, ബീഹാർ, ബംഗാൾ, ഒറീസ്സ, ആന്ധ്രപ്രദേശ്, തെലുങ്കാന, ബാംഗ്ലൂർ, ചെന്നൈ, കേരളം തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി നൂറിലധികം സ്ഥാപനങ്ങൾക്കാണ് കുറ്റിക്കലച്ചന്‍ നേതൃത്വംനൽകിയിരുന്നത്. കേരളത്തിൽമാത്രം 26 സ്ഥാപനങ്ങൾ. വിവിധ പ്രായക്കാർ, വിവിധ ഭാഷ സംസാരിക്കുന്നവർ, വിവിധ മതസ്ഥർ, വിവിധ ദേശക്കാർ എല്ലാം ഉൾപ്പെടെ പതിനായിരത്തിലധികം ആളുകൾ ആകാശപ്പറവകളുടെ വിവിധ സെന്ററുകളിലായി കഴിയുന്നു. തെരുവോരങ്ങളിൽ നരകയാതന അനുഭവിച്ചുകഴിഞ്ഞ അനേകർക്ക് സമാധാനമായി മരിക്കാന്‍ ഈ സ്ഥാപനങ്ങൾ കാരണമായി. പ്രിയപ്പെട്ടവർ മരിച്ചെന്നുകരുതിയ പലർക്കും അവരെ തിരികെ ലഭിച്ചു.

ആയിരക്കണക്കിന് തെരുവുജീവിതങ്ങൾക്ക് ആലംബമേകി. അച്ചന്റെ പ്രവ്യർത്തനങ്ങളിൽ ആകൃഷ്ടരായി അനേകം ആളുകൾ അച്ചനോടൊപ്പം ചേർന്നു. 1997 ഡിസംബർ 25 -ന് ആകാശപ്പറവകളുടെ ദിവ്യകാരുണ്യ ഉടമ്പടി സമൂഹം എന്ന സഭാസമൂഹം കുറ്റിക്കലച്ചൻ ആരംഭിച്ചു. മാനസികരോഗികളായവരെയും മുറിവേറ്റവരെയും ഇവർ ശുശ്രുഷിക്കുന്നു.

അവസാന കാലം 

കരള്‍സംബന്ധമായ രോഗത്താല്‍ കഴിഞ്ഞ കുറച്ചുനാളുകളായി  കുറ്റിക്കലച്ചന്‍ ചികിത്സയിലായിരുന്നു. 2017 ഡിസംബര്‍ തുടക്കത്തില്‍ രോഗം മൂര്‍ച്ഛിച്ചപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. അസുഖം കുറഞ്ഞതോടെ കഴിഞ്ഞ ചൊവ്വാഴ്ച മലയാറ്റൂരിലുള്ള MCBS മാര്‍ വാലഹ് ആശ്രമത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നിരുന്നു.

ചൊവ്വാഴ്ച അര്‍ധരാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാകുകയും തുടര്‍ന്ന് ബുധനാഴ്‌ച (2017 ഡിസംബർ 20) പുലർച്ചെ 1.50 -ഓടെ മരണമടയുകയുംചെയ്തു.

മഹാനായ ഈ വൈദികന്റെ ജീവിതംകൊണ്ടു സ്വാധീനിക്കപ്പെട്ടവര്‍ പതിനായിരക്കണക്കിനാണ്. വീട് കിട്ടിയവര്‍, ജീവിതം കിട്ടിയവര്‍, പുതിയ ആകാശവും ഭൂമിയും കിട്ടിയവര്‍, നഷ്ടസ്വപ്നങ്ങള്‍ വീണ്ടുകിട്ടിയവര്‍- പലര്‍ക്കും പറയാനുള്ളത് പല കഥകളാണ്; എല്ലാം പ്രതീക്ഷയുടെ കഥകള്‍. ലോകമുള്ളിടത്തോളംകാലം ഈ പുരോഹിതന്റെ പുണ്യപ്രവര്‍ത്തികള്‍ ഇവിടെ ജ്വലിച്ചുനില്‍ക്കും. പകരം വയ്ക്കാനാവാത്ത പുണ്യപിതാവേ വന്ദനം!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.