വിശ്വാസവളർച്ചയിൽ സ്ത്രീകളെ സഹായിക്കുന്ന ആറു വിശുദ്ധർ

കുടുംബജീവിതവും ഔദ്യോഗിക ജീവിതവും ഒരുമിച്ചു കൊണ്ടുപോകേണ്ടിവരുന്ന ഇന്നത്തെ സ്ത്രീകൾ വിശ്വാസവളർച്ചയിൽ വളരെയേറെ പ്രതിസന്ധികൾ നേരിടുന്നവരാണ്. ഓരോ കുഞ്ഞിന്റെയും കുടുംബത്തിന്റെയും ആത്മീയ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്ന സ്ത്രീകളുടെ വിശ്വാസ ജീവിതം സഭയുടെ തന്നെ കെട്ടുറപ്പിന് പ്രധാനപ്പെട്ടതാണ്.

തിരുസഭയിൽ പരിശുദ്ധ കന്യകാമറിയം തുടങ്ങിയ അനേകം സ്ത്രീകളായ വിശുദ്ധർ അനുകമ്പയുടെയും ആത്മധൈര്യത്തിന്റെയും അചഞ്ചലമായ ഭക്തിയുടെയും സഹനങ്ങളുടെയും പാതയിൽ വിശ്വസ്തരായി മുന്നേറിക്കൊണ്ട് വിശുദ്ധിവരിച്ചിട്ടുണ്ട്. നമുക്ക് ആശ്രയിക്കാനും മാതൃകയാക്കാനും ഒരു വിശുദ്ധയുണ്ടെങ്കിൽ നമ്മുടെ തീരുമാനങ്ങളും നിലപാടുകളും എന്തിനേറെ നമ്മുടെ ജീവിതശൈലി പോലും രൂപാന്തരപ്പെടും. ഉത്തരവാദിത്വങ്ങളുടെ നിറവിൽ മുന്നേറുന്ന ഇന്നത്തെ സ്ത്രീകൾക്ക് പ്രചോദനവും മാതൃകയും മാർഗദർശനവും പ്രധാനം ചെയ്യുന്ന സ്ത്രീകളായ ആറു വിശുദ്ധരെ പരിചയപ്പെടാം.

1. ആവിലായിലെ വി. അമ്മത്രേസ്യ (1515 – 1582)

‘യേശുവിന്റെ തെരേസ’ എന്നറിയപ്പെടുന്ന ആവിലായിലെ വിശുദ്ധ ത്രേസ്യ ഒരു മിസ്റ്റിക് എഴുത്തുകാരിയും കർമ്മലീത്താ നവീകരണത്തിന്റെ പരിഷ്കർത്താവുമായിരുന്നു.’ദി ഇൻ്റീരിയർ കാസിൽ’, ‘ദി വേ ഓഫ് പെർഫെക്ഷൻ’ എന്നീ രചനകൾ ആത്മീയ ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ നൽകുന്ന വിശുദ്ധയുടെ ഈടുറ്റ കൃതികളാണ്. പ്രാർഥനയിലൂടെയും ധ്യാനത്തിലൂടെയും ദൈവവുമായുള്ള ബന്ധത്തിൽ വളരാൻ വിശുദ്ധ ത്രേസ്യയുടെ ജീവിതം മാതൃകയും പ്രചോദനവുമാണ്. ആത്മീയ വളർച്ചയും ആന്തരിക പരിവർത്തനവും ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് വിശുദ്ധ ത്രേസ്യ ഒരു വഴികാട്ടിയാണ്.

2. സിയന്നായിലെ വിശുദ്ധ കാതറിൻ (1347–1380)

സിയന്നായിലെ വിശുദ്ധ കാതറിൻ കത്തോലിക്കാ സഭയിലെ ഒരു സന്യാസിയും മിസ്റ്റിക്കും ആക്ടിവിസ്റ്റും എഴുത്തുകാരിയും ആയിരുന്നു. സഭയ്ക്കുള്ളിൽ സമാധാനവും നവീകരണവും കൊണ്ടുവരാനുള്ള വിശുദ്ധയുടെ പ്രവർത്തനങ്ങൾ ഏറെ ശ്രേദ്ധേയമാണ്. നീതിക്കും ഐക്യത്തിനും വേണ്ടി വാദിച്ചുകൊണ്ട് അധികാരത്തോട് അവൾ നിർഭയമായി സത്യം സംസാരിച്ചു. വിശുദ്ധയുടെ കത്തുകളും സംഭാഷണങ്ങളും ദൈവവുമായുള്ള അവളുടെ ആഴത്തിലുള്ള അടുപ്പത്തെയും മറ്റുള്ളവരെ സേവിക്കാനുള്ള അവളുടെ അചഞ്ചലമായ പ്രതിബദ്ധതയെയും വെളിപ്പെടുത്തുന്നവയാണ്. സമൂഹത്തിലെ അനീതികളെ നേരിടാനുള്ള വിശുദ്ധ കാതറിന്റെ ധൈര്യവും ദൈവത്തോടുള്ള അഗാധമായ സ്നേഹവും സ്ത്രീകളെ അവരുടെ ബോധ്യങ്ങളിൽ ഉറച്ചു നിൽക്കാനും ലോകത്തെ നന്മയിൽ രൂപപ്പെടുത്താനും സഹായിക്കുന്നു.

3. വി. ജിയെന്ന ബെറെറ്റ മൊല്ല (1922–1962)

ഉദാത്തമായ മാതൃത്വത്തിന്റെയും നിസ്വാർഥ സ്നേഹത്തിന്റെയും ത്യാഗപൂർണ്ണമായ സാക്ഷ്യത്തിന്റെയും മാതൃകയാണ് വിശുദ്ധ ജിയെന്ന. മാതൃത്വത്തിന്റെ  അഗാധമായ അന്തസ്സും മൂല്യവും ഉയർത്തിപിടിച്ചുകൊണ്ട് സ്വന്തം കുഞ്ഞിന്റെ ജീവനുവേണ്ടി മരണം വരിച്ച വിശുദ്ധ ജിയെന്ന ഇന്നത്തെ സ്ത്രീകൾക്ക് വീരോചിതമായ പുണ്യത്തിന്റെയും മാതൃത്വത്തിന്റെയും പുതിയ വഴികൾ കാണിച്ചുകൊടുക്കുന്നു. മറ്റെന്തിനെക്കാളും നമ്മുടെ കുടുംബത്തെ സ്നേഹിക്കുക എന്നത് നമ്മുടെ പരമമായ കടമയാണെന്ന് വിശുദ്ധ ജിയെന്ന തന്റെ ജീവിതത്തിലൂടെ പഠിപ്പിച്ചു. ഒരു ഡോക്ടർ ആയിരുന്ന ജിയന്നയുടെ മെഡിക്കൽ ജീവിതവും കുടുംബ ജീവിതവും കർത്താവിന്റെ വചനങ്ങളോടും പഠിപ്പിക്കലുകളോടും ഇഴചേർന്നു കിടക്കുന്നതായിരുന്നു. കുടുംബത്തിലും ജോലിമേഖലകളിലും നിസ്വാർഥ സ്നേഹത്തിന്റെ ജീവിതം നയിക്കുവാൻ വിശുദ്ധ ജിയെന്നയുടെ മാധ്യസ്ഥ്യവും മാതൃകയും സ്ത്രീകളെ സഹായിക്കുന്നു.

4. ലിസ്യൂവിലെ തെരേസ (1873–1897)

ചെറുപുഷ്പം എന്നറിയപ്പെടുന്ന ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യ ലാളിത്യംകൊണ്ടും വിനയംകൊണ്ടും ദൈവസ്നേഹത്തിലുള്ള ശിശു സഹജമായ ആശ്രയത്വം കൊണ്ടും അനേകം ഹൃദയങ്ങളെ കീഴടക്കിയ വിശുദ്ധയാണ്. ആധ്യാത്മിക ശിശുത്വത്തിലൂടെ സ്വർഗത്തിലേക്കുള്ള കുറുക്കുവഴി കണ്ടുപിടിച്ച വിശുദ്ധ കൊച്ചുത്രേസ്യ ചെറിയ ചെറിയ കാര്യങ്ങളെ വലിയ സ്നേഹത്തോടെ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു. സാധാരണ ജീവിതത്തിൽ വിശുദ്ധി കൈവരിക്കാൻ വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതം നമുക്ക് പ്രചോദനമാണ്. ഓരോ പ്രവർത്തിയുടെയും മഹത്വം അതിന്റെ വലിപ്പത്തിലല്ല മറിച്ച്, അതിൽ അടങ്ങിയിരിക്കുന്ന സ്നേഹത്തിലാണ് എന്ന് പഠിപ്പിക്കുന്ന വിശുദ്ധയുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും അനുദിന ജീവിത അനുഭവങ്ങളിൽ വിശുദ്ധി കണ്ടെത്താൻ നമ്മെ സഹായിക്കുന്നു.

5. വിശുദ്ധ മോനിക്ക (331–387)

അടിയുറച്ച വിശ്വാസത്തിന്റെയും നിരന്തര പ്രാർഥനയുടെയും മാതൃകയായിട്ടാണ് വിശുദ്ധ അഗസ്റ്റിന്റെ അമ്മയായ വിശുദ്ധ മോനിക്ക അടയാളപ്പെടുത്തപ്പെടുന്നത്. തന്റെ ഭർത്താവിനെ പ്രതിയും മകനെ പ്രതിയും വർഷങ്ങളോളം വേദനയും അനിശ്ചിതത്വവും നേരിടേണ്ടി വന്നിട്ടും, മോനിക്ക ഒരിക്കലും ദൈവപരിപാലനയിലുള്ള വിശ്വാസത്തിൽ പതറിയില്ല. വിശുദ്ധ മോനിക്കയുടെ ക്ഷമയുടെയും അചഞ്ചലമായ പ്രതീക്ഷയുടെയും മാതൃക, സ്ത്രീകളെ പ്രാർഥനയിൽ ഉറച്ചുനിൽക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ദൈവം നമ്മുടെ നിലവിളി കേൾക്കുകയും എല്ലാ കാര്യങ്ങളും നന്മയ്ക്കായി പരിണമിപ്പിക്കുകയും ചെയ്യുന്നുവെന്ന അനുഭവമാണ് വിശുദ്ധയുടെ ജീവിതം നമുക്ക് ഉറപ്പുനൽകുന്നത്. അവളുടെ മധ്യസ്ഥത അമ്മമാർക്കും പ്രിയപ്പെട്ടവരുടെ മാനസാന്തരത്തിനായി ആഗ്രഹിക്കുന്ന എല്ലാവർക്കും ആശ്വാസത്തിൻ്റെയും ശക്തിയുടെയും ഉറവിടമായി തുടരുന്നു.

6. വിശുദ്ധ എലിസബത്ത് ആൻ സെറ്റൺ (1774- 1821)

റോമൻ കത്തോലിക്കാ സഭ വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യത്തെ അമേരിക്കൻ സ്വദേശിയാണ് വിശുദ്ധ എലിസബത്ത് ആൻ സെറ്റൺ. എലിസബത്ത് ഒരു ഭാര്യയും അമ്മയും അധ്യാപികയും സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോസഫിന്റെ സ്ഥാപകയുമായിരുന്നു. വിദ്യാഭ്യാസത്തോടുള്ള അവളുടെ മനോഭാവവും സമർപ്പണവും സേവനവും എണ്ണമറ്റ ജീവിതങ്ങളെ പ്രത്യേകിച്ച് അനേകം സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതത്തെ മാറ്റിമറിച്ചു. ഭർത്താവിന്റെ മരണവും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും എലിസബത്ത് ദൈവഹിതത്തോടുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിന്നുകൊണ്ട് ജീവിതം നയിച്ചു. വിശുദ്ധ എലിസബത്തിന്റെ സഹാനുഭൂതിയും അനുകമ്പയും എടുത്തുപറയേണ്ടതാണ്. ദൈവത്തിന്റെ കരുതലിൽ വിശ്വസിച്ച് ആത്മധൈര്യത്തോടും കൃപയോടും കൂടി ജീവിക്കാൻ വിശുദ്ധയുടെ ജീവിതം സ്ത്രീകളെ പ്രചോദിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.