യുവജനങ്ങളുടെ ആവശ്യങ്ങളിൽ സഹായമായ എട്ട് വിശുദ്ധർ

ഇന്നത്തെ സമൂഹത്തിൽ യുവജനങ്ങൾ നേരിടുന്ന പ്രലോഭനങ്ങൾ അനവധിയാണ്. പലപ്പോഴും തീരുമാനങ്ങളെടുക്കാനും അതിൽ ഉറച്ചുനിൽക്കാനും അവർ സംശയിക്കുന്നു. വിശ്വാസം നഷ്ടപ്പെട്ട യുവജനങ്ങളും ഇന്ന് ഒട്ടേറെയാണ്. മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ, മാറ്റമില്ലാത്തവനായ ദൈവത്തിനു വേണ്ടി ജീവിക്കാൻ യുവജനങ്ങളെ സഹായിക്കാൻ ഇതാ എട്ട് വിശുദ്ധർ.

1. പ്രലോഭനങ്ങളെ നേരിടാൻ വി. അഗസ്റ്റിൻ

യുവജനങ്ങൾക്കുള്ള ഏറ്റവും വലിയ പ്രലോഭനമാണ് ലോകത്തോടുള്ള ആകർഷണം. ഇത്തരം പ്രലോഭനങ്ങളെ നേരിടാൻ അവർ ആദ്യം സമീപിക്കേണ്ടത് വി. അഗസ്റ്റിനെയാണ്. കാരണം വി. അഗസ്റ്റിൻ ലോകത്തോട് പൂർണ്ണമായും ‘വേണ്ട’ എന്നു പറഞ്ഞ വ്യക്തിയാണ്. ലോകമോഹങ്ങളോട് പോരാടാൻ നമുക്ക് ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥം യാചിക്കാം.

2. ജോലി ലഭിക്കാൻ വി. കയേറ്റാൻ

ജോലി തേടി അലയുന്നത് എല്ലാവരെയും ഒരുപോലെ മുഷിപ്പിക്കുന്ന ഒന്നാണ്. പ്രതീക്ഷിക്കുന്നതു പോലെ, അത് ലഭിച്ചില്ലെങ്കിൽ വേഗത്തിൽ തന്നെ നിരാശയിലേക്ക് കൂപ്പുകുത്തുന്നവരുടെ എണ്ണവും കുറവല്ല. എന്നാൽ ഓരോ പരാജയവും അവഗണയും കൂടുതൽ മികച്ചതിലേക്കുള്ള പടവുകളാണെന്ന് തിരിച്ചറിയാൻ വൈകുന്നതാണ് ഈ നിരാശക്കു കാരണം. ആയതിനാൽ ജോലി തേടുന്നവരുടെ മദ്ധ്യസ്ഥനായ വി. സജേതനോട് ആത്മീയ ഉണർവിനായി നമുക്ക് പ്രാർത്ഥിക്കാം.

3. ശരിയായതു മാത്രം തിരഞ്ഞെടുക്കാൻ വി. ജോവാൻ ഓഫ് ആർക്ക് 

ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളും നമ്മൾ അഭിമുഖീകരിക്കേണ്ടതായുണ്ട്. പലപ്പോഴും പല സംശയങ്ങളും നമ്മെ അലട്ടും. തെറ്റ് ഏത്, ശരി ഏത് എന്ന് തിരിച്ചറിയാൻ പോലും ചില അവസരങ്ങളിൽ നമ്മൾ ബുദ്ധിമുട്ടും. ഇത്തരം സാഹചര്യങ്ങളിൽ, ദൈവഹിതപ്രകാരം തീരുമാനങ്ങളെടുക്കാനും അതിൽ ഉറച്ചുനിൽക്കാനും ആ തീരുമാനങ്ങൾ നിറവേറ്റാനും നമുക്ക് ഈ വിശുദ്ധയുടെ സഹായം തേടാം. കാരണം താൻ യുദ്ധത്തിന് പോകണമെന്നത് ദൈവഹിതമാണെന്നു തിരിച്ചറിഞ്ഞ ഈ വിശുദ്ധ ധൈര്യത്തോടെ അത് ഏറ്റെടുത്തു.

4. ആത്മാർത്ഥമായി ജോലി ചെയ്യാൻ വി. ജോസഫ് 

യേശുവിന്റെ വളർത്തുപിതാവാണ്, ‘നീതിമാൻ’ എന്ന് ബൈബിൾ വിശേഷിപ്പിക്കുന്ന വി. ജോസഫ്. ഒരു മരപ്പണിക്കാരനായ അദ്ദേഹം അദ്ധ്വാനിച്ചാണ് ഈശോയെയും ഭാര്യയായ മറിയത്തെയും സംരക്ഷിച്ചത്. വി. ജോസഫിനെപ്പോലെ ചെയ്യുന്ന തൊഴിലിനെ സ്നേഹിക്കാനും അവ കൊണ്ട് ഉപജീവനം കഴിക്കാനും നമ്മൾ ശ്രദ്ധിക്കണം. സ്വന്തമായി ഒരു ജോലിയുള്ളത് വളരെ മഹത്തായ കാര്യമാണെന്നും അത് ആത്മാർത്ഥമായി തന്നെ ചെയ്യേണ്ടതുണ്ടെന്നും യുവജനങ്ങൾ ഓർത്തിരിക്കേണ്ടത് അത്യാവശ്യമാണ്.

5. ജോലിയോടൊപ്പം ഉല്ലാസവും നിലനിർത്താൻ വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാറ്റി

കൃത്യമായി ജോലി ചെയ്യുന്നതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് ആവശ്യത്തിന് വിശ്രമിക്കുന്നതിനും. വാഴ്ത്തപ്പെട്ട പിയർ ജോർജിയോക്ക് തന്റെ വിശ്വാസം, ജോലി, കുടുംബം, സംസ്കാരം, സുഹൃത്തുക്കളോട് തമാശകൾ പറയുക എന്നിവയെല്ലാം പ്രിയപ്പെട്ടതായിരുന്നു. ഇവയെല്ലാം ഒരുപോലെ ജീവിതത്തിൽ അദ്ദേഹം ആസ്വദിക്കുകയും ചെയ്‌തിരുന്നു. അതുകൊണ്ടു തന്നെ യുവജനങ്ങൾ അനുകരിക്കാൻ ശ്രമിക്കേണ്ട ഒരു ജീവിതമാണ് വാഴ്ത്തപ്പെട്ട പിയറിന്റേത്.

6. മികച്ച സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ സുവിശേഷകനായ വി. മത്തായി

പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ളവർക്കു പോലും ജ്ഞാനപൂർവ്വമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുക എന്നത് എല്ലായ്‌പ്പോഴും എളുപ്പമല്ല. അപ്പോസ്തോലനും ചുങ്കക്കാരനുമായ വി. മത്തായിയേക്കാൾ മികച്ച ഒരു സഹായി ഈ വിഷയത്തിൽ നമുക്കില്ല എന്നതാണ് സത്യം. സാമ്പത്തിക ബുദ്ധിമുട്ടുകളുടെ സമയങ്ങളിലും നമുക്ക് ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കാം.

7. യഥാർത്ഥ സ്നേഹം തിരിച്ചറിയാൻ വി. അന്ന

യഥാർത്ഥ സ്നേഹം കണ്ടെത്തുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ജീവിതത്തിൽ നമ്മെ ശരിയായ പാതയിലൂടെ നയിക്കാൻ പലപ്പോഴും സ്നേഹനിധിയായ ഒരു മുതിർന്ന വ്യക്തിയെ നമുക്ക് ആവശ്യമാണ്. നമ്മുടെ ആത്മീയജീവിതത്തിൽ നമുക്ക് പരിശുദ്ധ മറിയത്തിന്റെ അമ്മയായ വി. അന്നയുടെ സമീപത്തേക്കു പോകാം. തന്റെ മകളായ മേരിക്ക് അനുയോജ്യനായ പങ്കാളിയെ കണ്ടെത്തുന്നതിൽ വി. അന്ന തീർച്ചയായും വിജയിച്ചിരുന്നു. അതിനാൽ ജീവിതത്തിൽ അനുയോജ്യമായ പങ്കാളിയെ തിരയുന്ന എല്ലാവർക്കും ഈ വിശുദ്ധയുടെ മാദ്ധ്യസ്ഥം തേടാം.

8. ജീവിതത്തിൽ ദൈവഹിതം നിറവേറ്റാൻ വി. ഫ്രാൻസിസ് അസീസ്സി

യുവസഹജമായ മോഹങ്ങൾ പലരെയും വിശ്വാസത്തിൽ നിന്ന് വ്യതിചലിപ്പിക്കുന്നുണ്ട്. ഇത്തരം പ്രതിസന്ധിയിലൂടെ കടന്നുപോകുന്നവർ തീർച്ചയായും അനുകരിക്കാൻ ശ്രമിക്കേണ്ട വിശുദ്ധനാണ് വി. ഫ്രാൻസിസ് അസീസ്സി. ലോകമോഹങ്ങളിൽ നിന്ന് ഓടിയകന്ന് ജീവിതം ക്രിസ്തുവിനു വേണ്ടിയും സഭയ്ക്കു വേണ്ടിയും സമർപ്പിച്ച ഈ വിശുദ്ധനോട് നമുക്ക് മാദ്ധ്യസ്ഥം യാചിക്കാം.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.