വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാറ്റിയെ 2025 ജൂബിലി വർഷം വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് കർദിനാൾ സെമെരാരോ

“പർവതാരോഹകരുടെ രക്ഷാധികാരി” എന്നറിയപ്പെടുന്ന ഇറ്റാലിയൻ യുവാവാണ് വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാറ്റി. അദ്ദേഹത്തെ 2025 ജൂബിലി വർഷത്തിൽ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് വിശുദ്ധരുടെ കാരണങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ മാർസെല്ലോ സെമെരാരോ വെളിപ്പെടുത്തി.

ഏപ്രിൽ 26-ന് ഇറ്റലിയിലെ സാക്രോഫാനോയിൽ നടന്ന കാത്തലിക് ആക്ഷൻ ദേശീയ അസംബ്ലിയിലാണ് ഇപ്രകാരം വെളിപ്പെടുത്തിയത്. 1925-ൽ ഇരുപത്തി നാലാമത്തെ വയസ്സിൽ മരിച്ച ഫ്രാസാത്തിയെ, ഇന്ന് അനേകം കത്തോലിക്കാ യുവജനങ്ങൾ ഇഷ്ടപ്പെടുന്നു. വടക്കൻ ഇറ്റാലിയൻ നഗരമായ ടൂറിനിൽ നിന്നുള്ള ഈ യുവാവ്, തൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ട വ്യക്തിയും ഒരു പർവതാരോഹകനും ഡൊമിനിക്കൻ സഭയിലെ മൂന്നാം ഓർഡറിലെ അംഗവുമായിരുന്നു.

17-ാം വയസ്സിൽ, അദ്ദേഹം സെൻ്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയിൽ ചേരുകയും തൻ്റെ ഒഴിവുസമയങ്ങളിൽ ഭൂരിഭാഗവും ദരിദ്രർ, നിരാലംബർ, രോഗികൾ, കൂടാതെ ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് മടങ്ങിയെത്തിയ സൈനികർ എന്നിവരെ പരിചരിക്കുന്നതിനായി സമയം നീക്കിവക്കുകയും ചെയ്തു. കാത്തലിക് ആക്ഷൻ, പ്രാർഥനയുടെ അപ്പോസ്‌തലസ്‌ഷിപ്പ് എന്നിവയിലും ഫ്രാസാറ്റി ഉൾപ്പെട്ടിരുന്നു. ദിവസേന വിശുദ്ധ കുർബാന സ്വീകരിക്കാൻ അദ്ദേഹം അനുമതി നേടി.

വാഴ്ത്തപ്പെട്ട പിയർ ജോർജിയോക്ക് തന്റെ വിശ്വാസം, ജോലി, കുടുംബം, സംസ്കാരം, സൗഹൃദം എന്നിവയെല്ലാം പ്രിയപ്പെട്ടതായിരുന്നു. ഇവയെല്ലാം ഒരുപോലെ ജീവിതത്തിൽ അദ്ദേഹം ആസ്വദിക്കുകയും ചെയ്‌തിരുന്നു. അതുകൊണ്ടു തന്നെ യുവജനങ്ങൾ അനുകരിക്കാൻ ശ്രമിക്കേണ്ട ഒരു ജീവിതമാണ് വാഴ്ത്തപ്പെട്ട പിയറിന്റേത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.