ഈജിപ്തിൽ ക്രൈസ്തവരുടെ വീടുകൾ ഭീകരർ തീയിട്ട് നശിപ്പിച്ചു

ഈജിപ്തിലെ മിനിയ ഗവർണറേറ്റിൽ ഇസ്ലാമിക ഭീകരർ നിരവധി ക്രൈസ്തവരുടെ വീടുകൾ തീയിട്ടു നശിപ്പിച്ചു. സാഫ് അൽ ഖമർ അൽ ഗർബിയയിലെ അൽ ഫവാഖറിലുള്ള ക്രൈസ്ത‌വരുടെ വീടുകൾക്കു നേരേയാണ് അതിക്രമമുണ്ടായത്. കഴിഞ്ഞദിവസം രാത്രി 11 ഓടെയായിരുന്നു സംഭവം.

കോപ്റ്റിക് ഓർത്തഡോക്സസ് ക്രൈസ്തവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരേയാണ് ആക്രമണമുണ്ടായത്. 3000 ക്രിസ്ത്യൻ കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമത്തിലെ താമസക്കാർ പള്ളി നിർമിക്കാൻ അനുമതി നേടിയെന്ന വാർത്ത പരന്നതാണ് ഭീകരരെ പ്രകോപിപ്പിച്ചത്. അനുമതി ലഭിച്ചശേഷം പള്ളിയുമായി ബന്ധപ്പെട്ട ചിലർക്ക് ഭീഷണിസന്ദേശം ലഭിച്ചിരുന്നു.

ഇക്കാര്യം മിനിയയിലെ കോപ്റ്റിക് ഓർത്തഡോക്‌സ് ബിഷപ്പ് ആൻബ മക്കാറിയോസ് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. സുരക്ഷ നൽകാമെന്ന് അധികൃതർ വാഗ്ദ‌ാനം ചെയ്തിരുന്നെങ്കിലും ആ ക്രമണമുണ്ടായപ്പോൾ സഹായാഭ്യർഥന ചെവിക്കൊള്ളാൻ അധികൃതർ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. ആക്രമണത്തിനുശേഷം മാത്രമാണ് സുരക്ഷാ സേന സ്ഥലത്തെത്തിയത്.

വീടുകൾ അഗ്നിക്കിരയാക്കിയ ഭീകരർ കത്തുന്ന വീടുകളിൽനിന്ന് ക്രൈസ്‌തവർ പുറത്തെത്തി രക്ഷപ്പെടുന്നത് തടയുകയും ചെയ്തു. ആരെങ്കിലും മരിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ല. വീടുകൾ കത്തുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ഭീകരർ ആക്രമണത്തെ ന്യായീകരിക്കുകയും ചെയ്തു. അതേസമയം, സുരക്ഷാസേന എത്തിയാണു സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതെന്നും കുറ്റവാളികളെയും പ്രേരണ നൽകിയവരെയും അറസ്റ്റ് ചെയ്തെന്നും കോപ്റ്റിക് ഓർത്തഡോക്‌സ് ബിഷപ് ആൻബ മക്കാറിയോസ് ഓൺ ലൈൻ പ്ലാറ്റ്ഫോമായ എക്‌സിലൂടെ അറിയിച്ചു. വീടുകൾക്കും സ്ഥാപനങ്ങൾക്കുമുണ്ടായ നാശത്തിന് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ 111 ദശലക്ഷം വരുന്ന രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം പത്ത് ശതമാനം ക്രൈസ്‌തവരാണ്. ക്രൈസ്‌തവരിൽ ഭൂരിഭാഗവും കോപ്റ്റിക് ഓർത്തഡോക്സ് സഭയിൽപ്പെട്ടവരുമാണ്. ഇസ്‌ലാമിക ഭീകരരിൽനിന്ന് കൊടിയ പീഡനങ്ങളാണ് ഈ രാജ്യത്തെ ക്രൈസ്‌തവർ നേരിടുന്നത്. ഇതിനു രണ്ടുദിവസം മുമ്പ് നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം നടത്തുന്നതിനുവേണ്ടി അറേനെ ഷെയാത്ത എന്ന ക്രൈസ്‌തവ മെഡിക്കൽ വിദ്യാർഥിനിയെ ഇസ്‌ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വാർത്തയും പുറത്തുവന്നു. കെഐഎൻ എന്ന ജർമൻ സന്നദ്ധസംഘടനയുടെ സെക്രട്ടറി എൽമാർ കൂൻ പറഞ്ഞത് ഈജിപ്‌തിൽ ക്രൈസ്‌തവ പെൺകുട്ടികളെ വേട്ടയാടുന്ന സംഘം സജീവമാണെന്നാണ്.

പോലീസും നിയമസംവിധാനങ്ങളും നിഷ്ക്രിയമാണ്. രണ്ടാഴ്‌ച മുമ്പ് കെയ്റോയിലെ ഗേൾസ് കോളജിൽനിന്ന് 19 കാരിയായ മെറായേൽ റൊമാനി എന്നൊരു ക്രൈസ്ത‌വ വിദ്യാർഥിനിയും അപ്രത്യക്ഷയായിരുന്നു. നിർബന്ധിച്ചു മതം മാറ്റുന്നതിനുവേണ്ടി തട്ടിക്കൊണ്ടുപോയതാണെന്നു ചൂണ്ടിക്കാട്ടി പരാതി കൊടുത്ത മാതാപിതാക്കൾ മകളെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ കൈവിട്ടതായി കൂൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.