കുരിശിന്റെ വഴി പ്രാർത്ഥിക്കാൻ നാലു കാരണങ്ങൾ 

സ്വന്തം കുരിശുമായി ക്രൂശിതനിലേക്കുള്ള യാത്രയാണ് കുരിശിന്റെ വഴി. അത്  അർത്ഥമറിഞ്ഞുള്ളതാകുമ്പോൾ ക്രൈസ്തവരുടെ ആത്മീയജീവിതത്തിൽ പുണ്യങ്ങൾ പൂക്കും. ക്രൈസ്തവജീവിതം യഥാർത്ഥത്തിൽ ക്രൂശിതനെ അനുഗമിക്കലാണ്. പുണ്യങ്ങൾ പൂക്കുന്ന നോമ്പുകാലത്ത് കുരിശിന്റെ വഴി നമ്മുടെ ആത്മീയദിനചര്യ ആകാൻ നാലു കാരണങ്ങൾ.

1. കുരിശിന്റെ വഴിയുടെ ഉത്ഭവം പരിശുദ്ധ കന്യകാമറിയത്തിലാണ് 

പുരാതനമായ ഒരു പാരമ്പര്യമനുസരിച്ച്, പരിശുദ്ധ കന്യകാമറിയം സ്വർഗ്ഗാരോപണത്തിനു ശേഷം ഈശോയുടെ സഹനത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും സ്ഥലങ്ങൾ എല്ലാ ദിവസവും സന്ദർശിച്ചിരുന്നു. ഈ പാരമ്പര്യങ്ങൾക്കു മുമ്പു തന്നെ മറിയം കുരിശിന്റെ വഴിയിൽ ഈശോയുടെ കൂടെ നടന്നിരുന്നതായും കാൽവരിയിൽ കുരിശിന്റെ അരികെ നിന്നിരുന്നതായും സുവിശേഷത്തിൽ നാം വായിക്കുന്നുണ്ട്. ഈശോയുടെ സഹനങ്ങൾ ആദ്യം നെഞ്ചിലേറ്റുകയും അവന്റെ കുരിശുയാത്ര ആദ്യം അനുധാവനം ചെയ്യുകയും ചെയ്ത മറിയമാണ് കുരിശിന്റെ വഴിയെയുള്ള യാത്രയിൽ നമ്മുടെ ശക്തിദുർഗ്ഗം.

2. കുരിശിന്റെ വഴി വിശുദ്ധ നാടുകളിലൂടെയുള്ള ആത്മീയ യാത്ര 

പതിനേഴാം നൂറ്റാണ്ടിൽ ഫ്രാൻസിസ്കൻ സന്യാസിമാരാണ്, ജറുസലേമിൽ തീർത്ഥയാത്രക്കു പോകാൻ കഴിയാത്ത വിശ്വസികൾക്കായി ഇടവക ദേവാലയങ്ങളിൽ ‘കുരിശിന്റെ വഴി’ സ്ഥാപിച്ച് ഈശോയുടെ പീഢാനുഭവ ധ്യാനം തുടങ്ങിയത്.

“1686-ൽ പതിനൊന്നാം ഇന്നസെന്റ് പാപ്പ, ഫ്രാൻസിസ്കൻ സന്യാസിമാരുടെ അപേക്ഷയെ തുടർന്ന് അവരുടെ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴി സ്ഥാപിക്കാൻ അനുവാദം നൽകി. വിശുദ്ധ നാട്ടിൽ തീർത്ഥാടനം നടത്തുമ്പോൾ ലഭിക്കുന്ന അതേ ദണ്ഡവിമോചനം, ഫ്രാൻസിസ്കൻ സന്യാസിമാർ അവരുടെ ദേവാലയത്തിൽ കുരിശിന്റെ വഴി നടത്തി പ്രാർത്ഥിച്ചാൽ കരഗതമാകുമെന്നും പാപ്പാ പ്രഖ്യാപിച്ചു. 1694-ൽ പന്ത്രണ്ടാം ഇന്നസെന്റ് പാപ്പ ഈ ആനുകൂല്യത്തെ ഒരിക്കകൽ കൂടി ഉറപ്പിച്ചു. 1726-ൽ ബെനഡിക്ട്ൽ പതിമൂന്നാമൻ പാപ്പ എല്ലാ വിശ്വാസികൾക്കുമായി ഈ ദണ്ഡവിമോചനം വിപുലപ്പെടുത്തി. ക്ലമന്റ് പന്ത്രണ്ടാമൻ പാപ്പ 1731-ൽ ഏതു ദേവാലയങ്ങളിലും (സ്ഥലത്തെ മെത്രാന്റെ അനുവാദത്തോടെ ഒരു ഫ്രാൻസിസ്കൻ വൈദികൻ സ്ഥാപിച്ച കുരിശിന്റെ വഴി) കുരിശിന്റെ വഴി നടത്തിയാലും ദണ്ഡവിമോചനം ലഭിക്കുമെന്ന് പഠിപ്പിക്കുകയും കുരിശിന്റെ വഴികളിലെ സ്ഥലങ്ങൾ പതിനാലായി നിശ്ചയിക്കുകുകയും ചെയ്തു.”

3.  കുരിശിന്റെ വഴി വി. ജോൺ പോൾ രണ്ടാമൻ പാപ്പ എല്ലാ ദിവസവും ചൊല്ലിയിരുന്ന പ്രാർത്ഥന

വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ജീവിതത്തിൽ കുരിശിന്റെ വഴി പ്രാർത്ഥനക്ക് സവിശേഷമായ പ്രാധാന്യമുണ്ടായിരുന്നു. പോളണ്ടിലെ പ്രസിദ്ധമായ  കാൽവാരിയ സെബ്രസിദോവ്സ്കാ (Kalwaria Zebrzydowska) തീർത്ഥാടനകേന്ദ്രത്തിനു സമീപമാണ് അദ്ദേഹം ജനിച്ചുവളർന്നത്. മാർപാപ്പ ആയതിനു ശേഷം കാൽവാരിയ സന്ദർശിച്ചപ്പോൾ പാപ്പ പറഞ്ഞു: “കാൽവാരിയയിലെ ദൈവമാതാവിന്റെ കപ്പേളയും കുരിശിന്റെ വഴിയിലെ സ്ഥലങ്ങളും വീണ്ടും സന്ദർശിക്കാൻ അനുവദിച്ച ദൈവപരിപാലനക്ക് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. ഈശോയുടെയും  മറിയത്തിന്റെയും ജീവിതങ്ങൾ ‘ചെറിയ വഴികൾ’ നമ്മെ പഠിപ്പിക്കുന്നു. ഈ പുണ്യസ്ഥലം, ബാലനായിരിക്കുമ്പോഴും യുവാവായിരിക്കുമ്പോഴും പല പ്രാവശ്യം ഞാൻ സന്ദർശിച്ചട്ടുണ്ട്. ക്രാക്കോവിലെ ആർച്ചുബിഷപ്പായപ്പോഴും കാൽവാരിയ എന്റെ ഹൃദയത്തിലുണ്ടായിരുന്നു.”

കാൽവരിയായിലെ കുരിശിന്റെ വഴികളാണ് ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ജീവിതത്തെ രൂപപ്പെടുത്തിയത്. അതിനാൽ എല്ലാ ദിവസവും അദ്ദേഹം കുരിശിന്റെ വഴി ചൊല്ലി പ്രാർത്ഥിച്ചിരുന്നു. തന്റെ വസതിയിൽ സ്വകാര്യപ്രാർത്ഥനക്കായി കുരിശിന്റെ വഴികൾ വി. ജോൺ പോൾ രണ്ടാമൻ പാപ്പാ സ്ഥാപിച്ചിരുന്നു.

4. കുരിശിന്റെ വഴി വി. ഫൗസ്റ്റിനായോട് ഈശോ ആവശ്യപ്പെട്ട പ്രാർത്ഥന  

ദൈവകാരുണ്യത്തിന്റെ അപ്പസ്തോലയായ വി. ഫൗസ്റ്റിനായ്ക്ക് ഈശോ സ്വകാര്യദർശനത്തിലൂടെ, എല്ലാ ദിവസവും മൂന്നു മണിക്കൂർ നേരം കുരിശിന്റെ വഴി ചൊല്ലാൻ ആവശ്യപ്പെട്ടു.

“എന്റെ പുത്രീ, ഈ മണിക്കൂറിൽ നിന്റെ കടമകൾ അനുവദിക്കുകയാണങ്കിൽ കുരിശിന്റെ വഴി ചൊല്ലാൻ തീക്ഷ്ണമായി പരിശ്രമിക്കുക. കുരിശിന്റെ വഴി ചൊല്ലാൻ സാധിക്കുന്നില്ലങ്കിൽ ചാപ്പലിൽ പോയി ഒരു നിമിഷം, കാരുണ്യം നിറഞ്ഞ എന്റെ ഹൃദയത്തെ പരിശുദ്ധ ദിവ്യകാരുണ്യത്തിൽ കണ്ടുകൊണ്ട് ആരാധിക്കുക” (ഡയറി 1572).

ഈശോയുടെ സഹനങ്ങളോടും മരണത്തോടും ഐക്യപ്പെടാൻ സഹായിക്കുന്ന മഹത്തായ ഒരു പ്രാർത്ഥനാരീതിയാണ് കുരിശിന്റെ വഴി. നോമ്പിലെ ദിനങ്ങളിൽ അവ ചൊല്ലി പ്രാർത്ഥിച്ച് ക്രൂശിതനിലേക്ക് നമുക്കു വളരാം.

ഫാ. ജെയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.