ജോലിസമ്മർദ്ദം കുറയ്ക്കാൻ അഞ്ച് വഴികൾ

മാനസിക സമ്മർദ്ദം കുറച്ച് ആരോഗ്യത്തോടെ ജോലികൾ ചെയ്ത് സമാധാനപരമായ ജീവിതം നയിക്കുന്നതിന് ചില കാര്യങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കണം. തിരക്കേറിയ ജീവിതത്തിൽ ജോലിഭാരവും സമ്മർദ്ദവും നമ്മുടെ മാനസിക-ശാരീരിക ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽക്കൂടി, നിങ്ങൾക്ക് ചില സന്ദർഭങ്ങളിൽ സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നേക്കാം.

ജീവിതത്തിൽ നാം എന്തിനാണ് മുൻഗണന നൽകേണ്ടത്? അമിതമായ ജോലിസമ്മർദ്ദം ഗുരുതരമായ അസുഖങ്ങൾ ഉണ്ടാകുന്നതിനു കാരണമായേക്കാം. അതുകൊണ്ടു തന്നെ മാനസിക സമ്മർദ്ദം കുറച്ച്, ആരോഗ്യത്തോടെ മികച്ച ജീവിതം നയിക്കുന്നതിന് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം…

ശരിയായി ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക

കുറഞ്ഞ അളവിൽ പഞ്ചസാരയും ഉയർന്ന പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. കാരണം സ്ഥിരമായി ജോലി ചെയ്‌തുകൊണ്ട് മോശമായ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ സമ്മർദ്ദത്തിലാക്കും. ദിവസം മുഴുവനും ജോലി ചെയ്യുന്നവർക്ക് ശരീരികമായി മതിയായ വിശ്രമം ആവശ്യമാണ്. കാരണം, ദിവസം മുഴുവൻ നേരിട്ട സമ്മർദ്ദത്തിൽ നിന്ന് ശരീരത്തെ വീണ്ടെടുക്കാൻ നല്ല ഉറക്കം ആവശ്യമാണ്. നല്ല ഭക്ഷണക്രമവും മതിയായ ഉറക്കവും മാനസികമായും ശാരീരികമായും ഉണർവ്വുള്ളവരാക്കാൻ നമ്മെ സഹായിക്കും.

ജോലിക്കും കുടുംബത്തിനും കൊടുക്കേണ്ട സമയവും പ്രാധാന്യവും മനസിലാക്കു

നിങ്ങളുടെ വ്യക്തിജീവിതത്തിനും ജോലിക്കും ഇടയിൽ വ്യക്തമായ അതിരുകൾ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം മാനസിക സമ്മർദ്ദം കൂടാൻ സാധ്യതയുണ്ട്. ഒരു ദിവസത്തിലെ മുഴുവൻ സമയവും മാനസികമായി നിങ്ങൾ സമ്മർദ്ദത്തിലാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഉദാഹരണത്തിന്, ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോൾ ഫോണോ, മെയിലോ പരിശോധിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് ഉത്തമം. അതുപോലെ വീട്ടിലായിരിക്കുമ്പോൾ വീട്ടിലുള്ളവരുമായി പരമാവധി സമയം ചെലവഴിക്കാനും ശ്രദ്ധിക്കണം.

ജീവിതത്തിൽ മുൻഗണന നൽകേണ്ടത് എന്തിനാണെന്ന് തിരിച്ചറിയുക 

ജോലി ചെയ്യുന്ന ദിവസങ്ങൾ പെട്ടന്ന് കടന്നുപോകും. പുതിയ പ്രൊജെക്ടുകളും അസൈൻമെന്റുകളും മാറിമാറി വന്നുകൊണ്ടിരിക്കും. ആ സമയങ്ങളിൽ നിങ്ങളുടെ ലക്ഷ്യം മറക്കാതിരിക്കുക. നിങ്ങളുടെ ലക്ഷ്യത്തിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നത് മാനസികമായി ഉന്മേഷം നൽകുന്നതിന് സഹായിക്കും.

കൃത്യസമത്ത് ജോലികൾ ചെയ്തു തീർക്കുക

കൃത്യസമയത്ത് ജോലികൾ ഭംഗിയായി ചെയ്തു തീർത്ത് സമാധാനത്തോടെ ഇരിക്കാൻ ശ്രമിക്കണം. അതിനായുള്ള സമയം എങ്ങനെ കൃത്യമായി വിനിയോഗിക്കണമെന്ന് ആസൂത്രണം ചെയ്ത ശേഷം അതിനനുസരിച്ച് ജോലി ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് നിങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന സമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കും. ധൃതി പിടിച്ച് ചെയ്യുന്ന ജോലികൾ ഒരിക്കലും വൃത്തിയാകില്ല. അത് മനസിനും തൃപ്തി നൽകില്ല. അതുകൊണ്ട് ജോലികൾ അടുക്കും ചിട്ടയോടും കൂടി കൃത്യസമയത്ത് ചെയ്ത് തീർക്കാൻ ശ്രമിക്കുക.

മനസിന് ആശ്വാസം നൽകുന്ന കാര്യങ്ങൾ ചെയ്യുക

നിങ്ങൾക്കു വേണ്ടി കുറച്ചു സമയം മാറ്റിവയ്ക്കുക. ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. അതുപോലെ രാവിലെ എഴുന്നേറ്റ് ധ്യാനം ശീലിക്കുക. യോഗയോ, വ്യായാമങ്ങളോ ചെയ്യുക. ജോലിയുടെ ഇടയ്ക്കുള്ള ഒരു മിനിറ്റ് നേരത്തെ ചെറിയൊരു മയക്കം മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഇഷ്ടമുള്ള സംഗീതം കേൾക്കുന്നതും മനസ്സിന് ആശ്വാസം നൽകുമെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു. ജോലിക്കു മുമ്പും ജോലിസമയത്തും ജോലിക്കു ശേഷവും സമ്മർദ്ദം കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണിത്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.