
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് ലോകമെമ്പാടുമുള്ള 500 കോടിയോളം ജനങ്ങൾ തത്സമയം കാണുന്ന ഒരു കായികമാമാങ്കമാണ്. മത്സരം തുടങ്ങി പത്തുദിവസങ്ങൾ പിന്നിടുമ്പോൾ, കേവലം ഗോളുകൾക്കും വിജയങ്ങൾക്കും അപ്പുറം യേശുക്രിസ്തുവിന്റെ നാമം മൈതാനങ്ങളിൽ പലതവണ മുഴങ്ങിക്കേട്ടു. ഈ ലോകകപ്പിൽ ഇതുവരെ നാം കണ്ട ഏറ്റവും ശക്തമായ അഞ്ചു വിശ്വാസ സാക്ഷ്യങ്ങൾ ഇതാ…
1. കത്തോലിക്കാ വിശ്വാസം തങ്ങളുടെ ജീവിതവഴിയെന്ന് ക്രോയേഷ്യൻ താരങ്ങൾ
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ക്രോയേഷ്യൻ താരങ്ങളായ ക്രിസ്റ്റിജൻ ജാകിച്ചും ഇഗോർ മാറ്റനോവിച്ചും തങ്ങളുടെ ജീവിതത്തിൽ കത്തോലിക്കാ വിശ്വാസത്തിനുള്ള പങ്കിനെക്കുറിച്ച് തുറന്നുപറഞ്ഞു.
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മാറ്റനോവിച്ച് നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “എന്റെ ജീവിതത്തിൽ വിശ്വാസം വളരെ പ്രധാനപ്പെട്ടതാണ്. ദൈവത്തോട് പ്രാർഥിക്കുമ്പോൾ നമ്മെ കേൾക്കാൻ ആരോ ഉണ്ടെന്ന് നമുക്ക് തോന്നും, അത് എനിക്ക് വലിയ കരുത്ത് നൽകുന്നു”- തങ്ങളുടേത് ഒരു കത്തോലിക്കാ രാജ്യമാണെന്നും വിശ്വാസമാണ് തങ്ങളുടെ ജീവിതത്തിന്റെ വഴിയെന്നും ജാകിച്ച് കൂട്ടിച്ചേർത്തു. “ഞങ്ങളുടെ മുഴുവൻ ദേശീയ ടീമിനെയും പ്രതിനിധീകരിക്കുന്നത് ഈ വിശ്വാസമാണ്. ഞങ്ങളുടെ ജീവിതത്തിൽ എല്ലാം വിശ്വാസം തന്നെയാണ്”- അദ്ദേഹം പറയുന്നു.
2. കളിയിൽ എതിരാളികൾ, പ്രാർഥനയിൽ സഹോദരങ്ങൾ
വെറും 1.5 ലക്ഷം മാത്രം ജനസംഖ്യയുള്ള കരീബിയൻ ദ്വീപായ ക്യുറസാവോ (Curaçao) ചരിത്രത്തിലാദ്യമായാണ് ലോകകപ്പിന് യോഗ്യത നേടുന്നത്. പുരുഷ ലോകകപ്പിൽ യോഗ്യത നേടുന്ന ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യമെന്ന ഗിന്നസ് റെക്കോർഡും ഇതോടെ അവർ സ്വന്തമാക്കി.
ആദ്യ മത്സരത്തിൽ ജർമ്മനിയോട് 7-1 ന് പരാജയപ്പെട്ടെങ്കിലും, ലോകകപ്പ് കളിക്കുക എന്ന തങ്ങളുടെ സ്വപ്നനേട്ടത്തിൽ നന്ദി പ്രകടിപ്പിക്കാൻ ക്യുറസാവോ താരങ്ങൾ മൈതാനത്ത് ഒത്തുകൂടി പ്രാർഥിച്ചു. അധികം വൈകാതെ ജർമ്മൻ താരങ്ങളായ ജോനാഥൻ തായും ഫെലിക്സ് എൻമേച്ചയും അവരോടൊപ്പം പ്രാർഥനയിൽ പങ്കുചേർന്നു.
“കളിക്കളത്തിൽ ഞങ്ങൾ എതിരാളികളാണ്, എന്നാൽ കളി കഴിഞ്ഞാൽ ഞങ്ങൾ ക്രിസ്ത്യാനികളും സഹോദരങ്ങളുമാണ്. ഈ കളിയിലൂടെ യേശു മഹത്വപ്പെടുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാണ് ഞങ്ങൾ ഒരുമിച്ച് പ്രാർഥിച്ചത്” – മത്സരശേഷം എൻമേച്ച പറഞ്ഞു.
3. ചരിത്രം കുറിച്ച ശേഷം ദൈവത്തിന് നന്ദി പറഞ്ഞ് ലയണൽ മെസ്സി
ജൂൺ 16-ന് കാൻസാസ് സിറ്റിയിൽ നടന്ന മത്സരത്തിൽ അൾജീരിയയ്‌ക്കെതിരെ അർജന്റീന 3-0 ത്തിന് വിജയിച്ചപ്പോൾ ലോകം സാക്ഷ്യം വഹിച്ചത് നായകൻ ലയണൽ മെസ്സിയുടെ ചരിത്രനേട്ടത്തിനായിരുന്നു. മത്സരത്തിൽ മെസ്സി തന്റെ ലോകകപ്പ് കരിയറിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി. അതോടൊപ്പം, ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ (16 ഗോളുകൾ) നേടിയ ജർമ്മൻ താരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പമെത്താനും മെസ്സിക്ക് കഴിഞ്ഞു.
“എനിക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ ഒന്നും എനിക്ക് ചോദിക്കാനില്ല. ഞാൻ പലതവണ പറഞ്ഞിട്ടുള്ളതുപോലെ, ദൈവം എനിക്ക് നൽകിയ എല്ലാത്തിനും നന്ദി പറയുന്നു. ഇനി വരാനിരിക്കുന്നതെല്ലാം അവിടുത്തെ അനുഗ്രഹമാണ്”- മത്സരശേഷം വികാരാധീനനായി മെസ്സി പറഞ്ഞു.
4. യു.എസ്.എ ടീമിന്റെ വിജയപ്രാർഥനയും ‘ബൈബിൾ ടൈമും’
ജൂൺ 12-ന് പരാഗ്വെയ്ക്കെതിരെ 4-1 ന്റെ തകർപ്പൻ ജയത്തോടെയാണ് അമേരിക്ക ലോകകപ്പ് തുടങ്ങിയത്. കളി കഴിഞ്ഞയുടൻ പ്രതിരോധ താരം മാർക്ക് മക്കെൻസി ടീമംഗങ്ങളെ മൈതാനത്ത് ഒരുമിച്ച് കൂട്ടി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. അമേരിക്കൻ ടീമിലെ സൂപ്പർ താരം ക്രിസ്റ്റ്യൻ പുലിസിച്ച് ടീമംഗങ്ങൾക്കായി ‘ബൈബിൾ ടൈം’ എന്ന പേരിൽ ബൈബിൾ പഠന ക്ലാസുകൾ നടത്താറുണ്ട്. ഗോൾകീപ്പർ മാറ്റ് ഫ്രീസ് തന്റെ കായികജീവിതവും വിശ്വാസവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുകയുണ്ടായി.
ഫാദർ മൈക്ക് ഷ്മിറ്റ്സിന്റെ ‘ദി ബൈബിൾ ഇൻ എ ഇയർ’ എന്ന പോഡ്‌കാസ്റ്റ് താൻ പതിവായി കേൾക്കാറുണ്ടെന്ന് ഫ്രീസ് പറഞ്ഞു. “യാത്രകളിലും തിരക്കുകളിലും പോലും എല്ലാ ദിവസവും ദൈവവചനത്തിനായി കുറച്ചു സമയം മാറ്റിവെക്കാൻ ഇത് എന്നെ സഹായിക്കുന്നു”- അദ്ദേഹം കൂട്ടിച്ചേർത്തു.
5. കിരീടം താഴെവച്ച് യേശുവിന് മഹത്വമേകിയ ഫെലിക്സ് എൻമേച്ച
ജൂൺ 14-ന് ക്യുറസാവോയ്‌ക്കെതിരെയുള്ള മത്സരത്തിൽ ജർമ്മനിക്കായി തന്റെ ആദ്യ ഗോൾ നേടിയ ശേഷം മധ്യനിര താരം ഫെലിക്സ് എൻമേച്ച നടത്തിയ ആഹ്ലാദപ്രകടനം ലോകശ്രദ്ധ നേടി. ഗോൾ നേടിയയുടൻ മൈതാനത്ത് മുട്ടുകുത്തിയ എൻമേച്ച, തന്റെ തലയിൽ നിന്ന് ഒരു കിരീടം ഊരി നിലത്തുവെക്കുന്നതായും തുടർന്ന് ആകാശത്തേക്ക് വിരൽ ചൂണ്ടുന്നതായും ആംഗ്യം കാണിച്ചു. തനിക്ക് ലഭിച്ച എല്ലാ കഴിവുകളും വിജയങ്ങളും ക്രിസ്തുവിനുള്ളതാണെന്ന പ്രഖ്യാപനമായിരുന്നു പ്രതീകാത്മകമായ ആ ആംഗ്യം.
“ജർമ്മനിക്കായി എന്റെ ആദ്യ ഗോൾ നേടാനായത് വലിയൊരു അനുഗ്രഹമാണ്. എല്ലാ മഹത്വവും ഞാൻ ദൈവത്തിന് നൽകുന്നു. കാരണം അവിടുന്നാണ് എനിക്ക് ഈ കഴിവും ഈ സ്വപ്നത്തിലേക്ക് എത്താനുള്ള അവസരവും തന്നത്” – എൻമേച്ച പറഞ്ഞു.




