
ശിഷ്യന്റെ ഭൗതികശരീരത്തിനരികിലേക്ക് ഗുരു എത്തി. കാലം ചെയ്ത ഡോ. ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്തയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പാലാ മുൻ ബിഷപ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ പ്രായത്തിന്റെ അവശതകൾ മറന്ന് ഇന്നലെ തിരുവല്ലയിലെത്തി.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി ചാപ്പലിൽ മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ ഭൗതികശരീരം പൊതുദർശനത്തിന് വച്ചപ്പോഴായിരുന്നു മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ വരവ്. ഏറെ നേരം ശിഷ്യന്റെ ഭൗതികശരീരത്തിനരികിൽ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ സെമിനാരി അധ്യാപകനായിരുന്നു മാർ ജോസഫ് പള്ളിക്കാപറമ്പിൽ. അധ്യാപകനും ശിഷ്യനും തമ്മിലുള്ള ബന്ധം പിന്നീട് ആത്മബന്ധമായി വളർന്നു. ഇടയ്ക്കിടെ ഇരുവരും കൂടിക്കാഴ്ച നടത്തുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
കാലം ചെയ്ത ശിഷ്യന് അവസാനമായി അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രായത്തിന്റെ അവശതകൾ മറന്ന് ഗുരു എത്തിയ കാഴ്ച സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും വേറിട്ട സാക്ഷ്യമായി.



