പ്രവേശനം

ജിൽസ ജോയ്

ഒരു ജാപ്പനീസ് കർഷകൻ സ്വർഗത്തിലെത്തി. അയാൾ ആദ്യം ശ്രദ്ധിച്ച കാര്യം, ഒരു നീണ്ട ഷെൽഫിൽ വിചിത്രങ്ങളായ കുറേ സാധനങ്ങൾ ഇരിക്കുന്നതായിരുന്നു.

“എന്താണത്?” അയാൾ ചോദിച്ചു. “സൂപ്പുണ്ടാക്കാനുള്ള എന്തെങ്കിലുമാണോ?”

“അല്ല.” മറുപടി വന്നു.

“അത് ചെവികളാണ്. ഭൂമിയിൽ, മുൻപ് ജീവിച്ച് മരിച്ചുപോയ കുറേ  ആളുകളുടേതാണ്. അവർ ജീവിച്ചിരുന്ന കാലത്ത്, നല്ലവരാകാൻ എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച് ധാരാളം കേട്ടിരുന്നു. പക്ഷേ, കാര്യമായ ശ്രദ്ധയൊന്നും അവർ അതിന് കൊടുത്തില്ല. അതുകൊണ്ട് അവർ മരിച്ചുകഴിഞ്ഞപ്പോൾ അവരുടെ ചെവികൾ മാത്രം സ്വർഗത്തിലേക്കു പോന്നു. പക്ഷേ ബാക്കി ശരീരത്തിന് ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞില്ല!”

കുറച്ചുകൂടി നടന്നപ്പോൾ ആ കൃഷിക്കാരൻ വേറൊരു ഷെൽഫ് കണ്ടു. അതിലും അയാൾക്ക് മനസ്സിലാകാത്ത എന്തൊക്കെയോ സാധനങ്ങളായിരുന്നു കിടന്നിരുന്നത്.

“അപ്പോൾ ഇതൊക്കെയോ? മനസ്സിലാവുന്നില്ലല്ലോ എന്താണെന്ന്” – അയാൾ വീണ്ടും പറഞ്ഞു.

“ഓ, അതോ? അതെല്ലാം നാവുകളാണ്. നന്നാവാനും നന്മ ചെയ്യാനുമൊക്കെ ആളുകളോട് നിരന്തരം പറഞ്ഞുനടന്നിരുന്ന കുറേ മനുഷ്യരുടേത്. പക്ഷേ, മറ്റുള്ളവരോട് നന്നാവാൻ ഉപദേശിച്ചിരുന്നെങ്കിലും അവർ സ്വയം അതൊന്നും ചെയ്യാൻ ശ്രമിച്ചില്ല. അതുകൊണ്ട് അവർ മരിച്ചപ്പോൾ അവരുടെ നാവുകൾ മാത്രം സ്വർഗത്തിലേക്കെത്തി, ശരീരത്തിന് പ്രവേശനം ലഭിച്ചില്ല!”

ജിൽസ ജോയ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.