തിരുത്തലുകൾ നൽകാം കരുതലോടെ

കുട്ടികളുടെ അനാവശ്യ വാശികളും അനുസരണക്കേടുകളും പലപ്പോഴും മാതാപിതാക്കളെ സമ്മർദത്തിലാക്കാറുണ്ട്. പൊതുസ്ഥലങ്ങളിൽ കുട്ടികൾ കാണിക്കുന്ന അനുസരണക്കേടുകളാണ് മാതാപിതാക്കൾക്ക് കൂടുതൽ തലവേദനയുണ്ടാകുന്നത്. അമിതമായ വാശിയും മറ്റും മാതാപിതാക്കളെ രോഷാകുലരാക്കുകയും അത് കുട്ടികളെ അമിതമായി ശിക്ഷിക്കുന്ന പ്രവണതയിലേക്കു നയിക്കുകയും ചെയ്തേക്കാം. എന്നാൽ തിരുത്തലുകളും ശിക്ഷണങ്ങളും അമിതമായാൽ അത് കുഞ്ഞുങ്ങളെ ദോഷമായി ബാധിക്കുകയും ചെയ്യും. അതിനാൽ, ശ്രദ്ധയോടെ മക്കൾക്ക് തിരുത്തലുകൾ നൽകാൻ മാതാപിതാക്കളെ സഹായിക്കുന്ന ഏതാനും നിർദേശങ്ങൾ ഇതാ…

1. തിരുത്തലുകൾ സ്നേഹത്തോടെയാകാം

പലപ്പോഴും കുട്ടികളെ ശിക്ഷിച്ചും അവരോട് ഉച്ചത്തിൽ ദേഷ്യപ്പെട്ടുമാണ് മാതാപിതാക്കൾ കുട്ടികളിലെ തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നത്. എന്നാൽ ഈ രീതികൾ ഉപേക്ഷിക്കാം. സ്നേഹത്തോടെ അവരെ ചേർത്തുനിർത്തി, ചെയ്തത് തെറ്റാണെന്നു അവർക്കു പറഞ്ഞുകൊടുക്കാം. സ്നേഹത്തോടെയുള്ള തിരുത്തലുകൾക്ക് ഉടനടി മാറ്റം പ്രതീക്ഷിക്കരുത്. പലതവണ ശിക്ഷിക്കാതെ, സ്നേഹത്തോടെ തങ്ങളെ ചേർത്തുനിർത്തി കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കുന്ന മാതാപിതാക്കളുടെ മുഖം സാവധാനം കുട്ടികളിൽ പതിയുകയും അങ്ങനെ അവർ ആ തെറ്റുകളിൽനിന്നും അനുസരണക്കേടുകളിൽനിന്നും പിന്തിരിയുകയും ചെയ്യും.

2. ആരുടേയും മുന്നിൽവച്ച് ദേഷ്യപ്പെടരുത്

സാഹര്യങ്ങൾ മനസ്സിലാകാതെ പെരുമാറുന്ന കുട്ടികളുണ്ട്. മക്കളുടെ അത്തരം സ്വഭാവങ്ങൾ മാതാപിതാക്കളെ മറ്റുള്ളവരുടെ മുന്നിൽ ലജ്ജിതരാക്കി മാറ്റാറുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ മുന്നിൽവച്ച് കുട്ടികളോട് ദേഷ്യപ്പെടുകയോ, അവരെ ശിക്ഷിക്കുകയോ അരുത്. അത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യുകയുള്ളൂ. തിരുത്തലുകൾ നൽകുമ്പോൾ അത് നിങ്ങൾ മാത്രമുള്ള സമയത്തായിരിക്കുന്നതാണ് ഉചിതം.

3. ശബ്ദമുയർത്തിയുള്ള വഴക്കുകൾ ഒഴിവാക്കാം

കുട്ടികൾ തെറ്റുചെയ്യുമ്പോൾ മാതാപിതാക്കൾ അവരോട് ദേഷ്യത്തോടെ, ഉച്ചത്തിൽ സംസാരിക്കുന്നതും ആക്രോശിക്കുന്നതും കണ്ടിട്ടുണ്ട്. എന്നാൽ ആ രീതികൾ പ്രത്യേകിച്ച് ഗുണമൊന്നും ചെയ്യില്ല എന്നുമാത്രമല്ല മാതാപിതാക്കളുടെ അത്തരം രീതികൾ കുട്ടികൾ മാതൃകയാക്കുകയും ചെയ്യും. അതിനാൽ അമിതമായ അലർച്ചയും ദേഷ്യപ്പെടലും ഒഴിവാക്കാം. സാഹചര്യമനുസരിച്ചുള്ള പെരുമാറ്റം മാതാപിതാക്കളുടെ പക്കൽനിന്നും കുട്ടിയും പ്രതീക്ഷിക്കുന്നുണ്ട് എന്ന് ഓർക്കാം.

4. അഭിനന്ദിക്കാം

കുട്ടികൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അവരെ അഭിനന്ദിക്കുന്നത് ഉചിതമായ കാര്യമാണ്. അഭിനന്ദനങ്ങൾക്കൊപ്പം ചില സന്ദർഭങ്ങളിലെങ്കിലും അവർ ചെയ്ത നന്മയെപ്രതി സമ്മാനങ്ങൾ നൽകുന്നതും കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാനും തെറ്റുകളിൽനിന്നും അനുസരണക്കേടിൽനിന്നും മാറിനിൽക്കാനുമൊക്കെ അവരെ പ്രേരിപ്പിക്കും. മാതാപിതാക്കളുടെ, സ്നേഹത്തോടെയുള്ള ഒരു തലോടലിനും കരുതലിനും അവർ ആഗ്രഹത്തോടെ കാത്തിരിക്കും. അതിനാൽ നല്ലത് ചെയ്യുമ്പോൾ സർപ്രൈസ് ഗിഫ്റ്റുകൾ നൽകുന്നത് മക്കളെ നല്ല പാതയിലേക്ക് നയിക്കുന്നതിന് കാരണമായി ഭവിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.