ചൈനയിൽ നിന്നുള്ള 120 രക്തസാക്ഷികളുടെ ഓർമ്മദിനം

1648-നും 1930-നുമിടയിൽ ക്രിസ്തുവിനു വേണ്ടി മരണം വരിച്ച ചൈനയിൽ നിന്നുള്ള 120 രക്തസാക്ഷികൾ. അവരിൽ കൗമാരക്കാരും യുവജനങ്ങളും വൈദികരും സമർപ്പിതരും ഒക്കെ ഉൾപ്പെടുന്നു. എല്ലാ വർഷവും ജൂലൈ ഒൻപതിന് ഈ 120 ചൈനീസ് രക്തസാക്ഷികളുടെ തിരുനാൾ സഭ ആഘോഷിക്കുന്നു. വി. ജോൺ പോൾ രണ്ടാമൻ പാപ്പാ 2000 ഒക്‌ടോബർ ഒന്നിനാണ് ഈ രക്തസാക്ഷികളെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്.

ആ രക്തസാക്ഷികളുടെ കൂട്ടത്തിൽ 14 വയസുകാരിയായ അന്ന വാങ് എന്ന പെൺകുട്ടിയും ഉണ്ടായിരുന്നു. വിശ്വാസത്യാഗം ചെയ്യാൻ ക്ഷണിച്ച പീഡകരുടെ ഭീഷണികളെ അവൾ ധൈര്യത്തോടെ ചെറുത്തുനിന്നു. അന്നയെ ശിരഛേദനത്തിനായി കൊണ്ടുവന്നപ്പോൾ പ്രസന്നമായ മുഖത്തോടെ അവൾ ഉറക്കെ വിളിച്ചു പറഞ്ഞു: “സ്വർഗ്ഗത്തിന്റെ വാതിൽ എല്ലാവർക്കും തുറന്നിരിക്കുന്നു.” പിന്നീട് പതിയെ മൂന്നു തവണ ‘യേശു’ എന്ന് ഉച്ചരിച്ചു. 1900 ജൂലൈ 22-ന് അവൾ കൊല്ലപ്പെട്ടു.

18 വയസുള്ള ചി സൂസി, തന്റെ വലതുകൈ മുറിച്ചുമാറ്റി ജീവനോടെ തൊലിയുരിക്കാൻ തയ്യാറെടുക്കുന്നവരോട് ഭയമില്ലാതെ പറഞ്ഞു: “എന്റെ ശരീരത്തിന്റെ ഓരോ ഭാഗവും എന്റെ ഓരോ തുള്ളി രക്തവും ഞാൻ ക്രിസ്ത്യാനിയാണെന്ന് നിങ്ങളോടു പറയും.” 1900-ൽ തന്നെ ചിയും കൊല്ലപ്പെട്ടു. ഈ 120 രക്തസാക്ഷികൾ ഒരേ ദിവസമല്ല, നിരവധി വർഷങ്ങളിലായി കൊല്ലപ്പെട്ടവരാണ്.

വി. ജോൺ പോൾ രണ്ടാമൻ പാപ്പാ ഈ ചൈനീസ് വിശുദ്ധർക്ക്, എല്ലാ ക്രിസ്ത്യാനികൾക്കും ചൈനയിൽ തങ്ങളുടെ വിശ്വാസം ധൈര്യത്തോടെ ജീവിക്കാൻ എങ്ങനെ പ്രചോദിപ്പിക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടി. പല പ്രായത്തിലും സംസ്ഥാനത്തിലുമുള്ള നക്കാരായ പുരുഷന്മാരും സ്ത്രീകളും പുരോഹിതന്മാരും സമർപ്പിതരും അത്മായരും ഇവരിൽ ഉൾപ്പെടുന്നു.

ക്രിസ്തുവിശ്വാസത്തെ കെടുത്തിക്കളയാൻ ശ്രമിക്കുന്ന ബാഹ്യശക്തികൾക്ക് ഒരിക്കലും വഴങ്ങാതെ, വലിയ സന്തോഷത്തോടും വിശ്വസ്തതയോടും കൂടി നമ്മുടെ വിശ്വാസം ജീവിക്കാൻ ഈ ചൈനീസ് രക്തസാക്ഷികളുടെ മാതൃക നമ്മെ പ്രചോദിപ്പിക്കും. പീഡനമനുഭവിക്കുന്ന നമ്മുടെ എല്ലാ സഹോദരങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ 120 രക്തസാക്ഷികളുടെ സാക്ഷ്യം.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.