ക്രൈസ്തവ ന്യൂനപക്ഷവും സമകാലീന രാഷ്ട്രീയവും

ഡോ. ഫാ. ജോഷി മയ്യാറ്റില്‍
ഡോ. ഫാ. ജോഷി മയ്യാറ്റില്‍

കോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനങ്ങളിൽ ന്യായമായ മതന്യൂനപക്ഷ പ്രാതിനിധ്യമില്ല എന്ന സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.

കാലടി ഗോപിയുടെ ഏഴു രാത്രികള്‍ എന്ന നാടകത്തിലെ പാഷാണം വര്‍ക്കി എന്ന കഥാപാത്രത്തെപ്പോലെയാണ് കോടിയേരി ബാലകൃഷ്ണന്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് എന്നാണ് പത്രസമ്മേളനം വിളിച്ചുകൂട്ടി പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശൻ മറുപടി നല്കിയത്. പാഷാണം വര്‍ക്കി, ഹിന്ദു വീടുകളില്‍ കൃഷ്ണന്റെ ചിത്രവും ക്രിസ്ത്യന്‍ വീടുകളില്‍ യേശുവിന്റെ ചിത്രവും കാണിക്കും. ഇതുപോലെയാണത്രേ കോടിയേരി.

രാഷ്ട്രീയത്തിലെ പാഷാണം വർക്കികൾ

സത്യത്തിൽ, സിപിഎമ്മും കോൺഗ്രസ്സും ഒരുപോലെ പാഷാണം വർക്കികളാണ്. ഭൂരിപക്ഷവും ന്യൂനപക്ഷവുമായ മതവിഭാഗങ്ങളെ സുഖിപ്പിക്കാനുള്ള ശ്രമം രണ്ടു പാർട്ടികളുടെയും ഭാഗത്തു നിന്നുണ്ട്. എന്നാൽ, മുഖ്യശ്രദ്ധ മുസ്ലീം പ്രീണനത്തിലാണെന്നു മാത്രം! ഇക്കാര്യത്തിൽ കോൺഗ്രസ്സിന്റെ തുറുപ്പുചീട്ട് മുസ്ലീം ലീഗാണെങ്കിൽ സിപിഎമ്മിൻ്റേത് അല്പം കൂടി മൂത്ത കൂട്ടരാണ്. മുസ്ലീം വർഗ്ഗീയതയുടെ ആൾരൂപവും മുൻ സിമിക്കാരനുമായ കെ.ടി. ജലീലിനെ കൂടെ നിർത്തി മന്ത്രിയാക്കിയത് മുസ്ലീം ലീഗിന്റെ സോഫ്റ്റ് വർഗ്ഗീയതയോട് അകലം പാലിക്കുന്ന ഹാർഡ് വർഗ്ഗീയവാദികളുടെ പിന്തുണ നേടാൻ തന്നെയാണെന്ന് ആർക്കാണ് അറിയാത്തത്?

പക്ഷേ, സിപിഎമ്മും കോൺഗ്രസ്സും തമ്മിൽ കാര്യമായ ഒരു വ്യത്യാസമുണ്ട്. ഹിന്ദു വികാരത്തെയും മുസ്ലീം വികാരത്തെയും പരിപോഷിപ്പിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്സെങ്കിലും ക്രൈസ്തവ വികാരം അവർ നിസ്സാരമായി ഗണിക്കുന്നു. അതുകൊണ്ടു തന്നെ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ വേദനിപ്പിക്കുന്ന ആരുടെയും ഏതു നിലപാടിനോടും കൈ കോർക്കാനും അവരെ പിന്താങ്ങാനും കോൺഗ്രസ്സിനു മടിയില്ല. എന്നാൽ, ക്രൈസ്തവരോടുള്ള കമ്മൂണിസ്റ്റ് സർക്കാരിന്റെ ശൈലി മറ്റൊന്നാണ്; മോഹനവാഗ്ദാനങ്ങൾ നല്കലാണ് സ്ഥിരം ശൈലി. പക്ഷേ, അവയൊന്നും നിറവേറ്റിക്കൊടുക്കാറില്ല എന്നുമാത്രം!

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ സമിതിയെ വാഗ്ദാനം ചെയ്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഗണ്യമായ ക്രൈസ്തവ വോട്ടുകൾ അവർ സ്വന്തമാക്കിയത്. പക്ഷേ, പാലൊളി കമ്മിറ്റിയുടെ കാര്യത്തിൽ പ്രദർശിപ്പിച്ച ഉന്മേഷമോ, എടുത്ത സത്വരനടപടികളോ, ചെയ്തുകൊടുത്ത സൗകര്യങ്ങളോ ജെ.ബി കോശി കമ്മിറ്റിയുടെ കാര്യത്തിൽ കണ്ടില്ല. നാടാർ സംവരണ വിഷയത്തിൽ വലിയ വാഗ്ദാനം നല്കി വോട്ടു നേടിയെങ്കിലും അക്കാര്യവും തരികിടയായിരുന്നെന്നു തെളിഞ്ഞു. കെ-റെയിലിനു കല്ലിന് പഞ്ഞമുണ്ടാവില്ലെന്ന് ഉറപ്പാക്കിയപ്പോഴും ചെല്ലാനം തീരദേശവാസികളുടെ ജീവിതം ചളി പുരളുന്നതു തടയാൻ വേണ്ട കടൽഭിത്തിക്കും പുലിമുട്ടിനും ആവശ്യമായ കല്ലിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. അടുത്ത കാലവർഷത്തിലും ചെല്ലാനം ചളിയിലാഴും.

കേരള കോൺഗ്രസ്സിന് മനം മാറ്റമോ?

കോടിയേരിയുടെ പ്രസ്താവനയോടുള്ള പ്രതികരണങ്ങളിൽ ഏറെ രസകരമായി തോന്നിയത് ജോസ് കെ. മാണിയുടേതായിരുന്നു. കോൺഗ്രസ്സിൽ മതന്യൂനപക്ഷങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിക്കാതിരുന്നതു കൊണ്ടാണത്രേ കേരള കോൺഗ്രസ്സ് എം. ഇടതു മുന്നണിയിലേക്ക് ചേക്കേറിയത്!

കേരളത്തിൽ ‘മതന്യൂനപക്ഷങ്ങൾ’ എന്നാൽ മുഖ്യമായും മുസ്ലീം – ക്രൈസ്തവ സമുദായങ്ങളാണ് എന്ന് അറിയാത്തയാളല്ല ശ്രീ. ജോസ് കെ. മാണി. മുസ്ലീം ന്യൂനപക്ഷത്തിന് വലതു മുന്നണിയിൽ അംഗീകാരം ലഭിക്കുന്നില്ല എന്ന് അദ്ദേഹം കരുതുന്നുണ്ട് എന്നു വിശ്വസിക്കാനും വയ്യാ. അതിനാൽ, ‘മതന്യൂനപക്ഷങ്ങൾ’ എന്ന ബഹുവചനപ്രയോഗം അദ്ദേഹം എന്തിനു നടത്തി എന്നത് സുപ്രധാനമായ ഒരു ചോദ്യമാണ്. സത്യത്തിൽ അദ്ദേഹം ഉദ്ദേശിച്ചത് ക്രൈസ്തവ ന്യൂനപക്ഷ സമുദായത്തെത്തന്നെയാണ്. പക്ഷേ, അത് തെളിച്ചു പറയാൻ ആ ലോലഹൃദയത്തിനും ദുർബല അധരങ്ങൾക്കും ഇപ്പോഴും കഴിയുന്നില്ല എന്നേയുള്ളൂ! രാഷ്ട്രീയപരമായി, ന്യൂനപക്ഷമെന്നാല്‍ മുസ്ലീങ്ങള്‍ മാത്രം എന്ന കേരളത്തിന്റെ ഇന്നത്തെ അവസ്ഥക്കു കാരണം ഈ ഹൃദയലോലത്വവും അധര ദുർബലതയുമാണ്.

മുസ്ലീം ലീഗിന്റെ ന്യൂനപക്ഷ രാഷ്ട്രീയം

തങ്ങൾ മുസ്ലീം സമുദായത്തിന്റെ പാർട്ടിയാണെന്നു തെളിച്ചു പറയുകയും ആ സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി എപ്പോഴും പാറ പോലെ ഉറച്ച നിലപാട് എടുക്കുകയും ചെയ്തിട്ടുള്ള പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. അവരെ ഒരു മതേതര പാർട്ടിയായി കരുതാൻ ഏതാനും നാളുകൾക്കു മുമ്പു വരെ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഭൂരിപക്ഷ സമുദായങ്ങള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും അസൂയയും അങ്കലാപ്പും ഉളവാകുംവിധം ഭരണത്തിലെ പ്രധാന വകുപ്പുകള്‍ തുടര്‍ച്ചയായി കൈകാര്യം ചെയ്തുകൊണ്ട്, ചുരുങ്ങിയ കാലം കൊണ്ടു തന്നെ മുസ്ലീം സമുദായത്തിന് അനുകൂലമായ നിരവധി നിലപാടുകളും ക്ഷേമപദ്ധതികളും ഐക്യജനാധിപത്യ മുന്നണിയിലെ ഈ നിർണ്ണായക ശക്തി നടപ്പിലാക്കി. ഇവിടത്തെ വ്യവസായ മേഖലയും വിദ്യാഭ്യാസവും പൊതുമരാമത്തുമെല്ലാം ഇസ്ലാം ന്യൂനപക്ഷാഭിമുഖ്യം യാതൊരു മറയുമില്ലാതെ പ്രകടമാക്കി എന്നതു കേരളം കണ്ട കാഴ്ചയാണ്. അഞ്ചാം മന്ത്രി ആവശ്യം പോലും ചങ്കുളുപ്പില്ലാതെ ഉന്നയിച്ചു നേടിയെടുക്കാന്‍ ആ പാര്‍ട്ടിക്കായി.

ഇതുവരെ ഈ പാർട്ടി മതേതരത്വത്തിന്റെ മൂടുപടമാണ് അണിഞ്ഞിരുന്നതെങ്കിലും ഏതാനും വർഷങ്ങളായി അതും അഴിച്ചുവച്ച് തെളിഞ്ഞ മതതീവ്രവാദ ലൈനിലേക്ക് ചേക്കേറിയിരിക്കുകയാണ്. തുർക്കി ഭീകരതകൾക്കുള്ള പിന്തുണ പ്രഖ്യാപനങ്ങളും ‘മതമാണ് മതമാണ് മതമാണ് മുഖ്യം’ എന്ന മുദ്രാവാക്യവും രാഷ്ട്രീയ പരിപാടികൾക്ക് അല്ലാഹുവിന്റെ നാമത്തിലുള്ള ഉദ്ഘാടനങ്ങളും ഇന്ന് മുസ്ലീംലീഗിന്റെ സ്ഥിരം ശൈലികളായി മാറിക്കഴിഞ്ഞു.

ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാത്ത ക്രൈസ്തവ സമുദായം

വിവിധ സമുദായങ്ങൾ തങ്ങളുടെ സംഘടിതബലം കൊണ്ട് സ്വന്തം പാർട്ടികളിലൂടെയും മറ്റു പാർട്ടികളിലൂടെയും കേരളത്തിൽ വൻ വളർച്ച സാധ്യമാക്കിയപ്പോൾ ഏകോപനമില്ലാതെയും മുഖ്യധാരാ പാർട്ടികളുടെ വോട്ടു ബാങ്കുകളായി നിലകൊണ്ടും രാഷ്ട്രീയക്കാരാലും പാർട്ടികളാലും വഞ്ചിക്കപ്പെട്ടും ക്രൈസ്തവർ അധഃപതനത്തിന്റെ പാതയിലാണ്. ഇതിനു മുഖ്യമായ കാരണം, കേരള കോണ്‍ഗ്രസ് ക്രൈസ്തവരുടെ പാർട്ടിയാണ് എന്ന കേരള സമൂഹത്തിന്റെ തെറ്റിദ്ധാരണ തന്നെയാണ്.

യഥാർത്ഥത്തിൽ, മൂന്നു തെറ്റിദ്ധാരണകളുടെ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്: ഒന്നാമത്തേത്, തങ്ങള്‍ കര്‍ഷകര്‍ക്കു വേണ്ടിയുള്ള പാര്‍ട്ടിയാണെന്ന തെറ്റിദ്ധാരണയാണ്. കേരള കോണ്‍ഗ്രസ്സിന്റെ കര്‍ഷകപ്രേമം ഇവിടെ കര്‍ഷകര്‍ക്ക് എന്തു ഗുണമുണ്ടാക്കി എന്ന ചോദ്യം ഉന്നയിക്കപ്പെടേണ്ടതല്ലേ? കേരളത്തിലെ കര്‍ഷകരുടെയും കൃഷിയുടെയും ഇന്നത്തെ ദയനീയമായ അവസ്ഥ തന്നെയാണ് ഉത്തരം. ഭരണത്തില്‍ പങ്കാളിത്തമുണ്ടായിട്ടും റബര്‍ വിഷയത്തിലും കസ്തൂരിരംഗന്‍ വിഷയത്തിലും ഒന്നും ചെയ്യാൻ പറ്റാതിരുന്ന പാര്‍ട്ടിയാണിത്. കര്‍ഷകരുടെ ആത്മഹത്യാ നിരക്കില്‍ ദേശീയതലത്തില്‍ അഞ്ചാം സഥാനമുള്ള സംസ്ഥാനമാണ് കേരളം എന്നോര്‍ക്കണം!

രണ്ടാമത്തേത്, കര്‍ഷകരോടുള്ള പ്രഖ്യാപിത ചായ്‌വ് ന്യൂനപക്ഷ ചായ്‌വായി തെറ്റിദ്ധരിച്ചു അഥവാ തെറ്റിദ്ധരിപ്പിച്ചു എന്നതാണ്. ക്രൈസ്തവ ന്യൂനപക്ഷത്തിനു വേണ്ടി അരമനകളിലും പള്ളികളിലും കൊവേന്തകളിലുമല്ലാതെ രാഷ്ട്രീയത്തില്‍ പ്രത്യക്ഷമായോ, പരോക്ഷമായിപ്പോലുമോ മുന്നോട്ടു വരാന്‍ ഒരിക്കലും ധൈര്യപ്പെടാത്ത പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. ക്രൈസ്തവ ന്യൂനപക്ഷോന്മുഖമാണ് തങ്ങള്‍ എന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടി എപ്പോഴാണ് സ്വയം പ്രഖ്യാപിച്ചിട്ടുള്ളത്?

മൂന്നാമത്തേത്, പിളരുന്തോറും വളരുന്നത് പാര്‍ട്ടിയാണെന്ന തെറ്റിദ്ധാരണയാണ്. ഏതാനും ചില വ്യക്തികളും കുടുംബങ്ങളും വളരുന്നത് എങ്ങനെ പാര്‍ട്ടിയുടെ വളര്‍ച്ചയാകും? ആദര്‍ശസംരക്ഷണമല്ല, വ്യക്തിതാൽപര്യങ്ങള്‍ മാത്രമാണ് ഏഴിലേറെ പാര്‍ട്ടികളായി പിരിയാന്‍ കേരള കോണ്‍ഗ്രസ്സിന് ഇടയാക്കിയിട്ടുള്ളത്.

ഇനിയെങ്കിലും മാറ്റമുണ്ടാകുമോ?

സഭാവ്യത്യാസങ്ങളോ, റീത്തുവ്യത്യാസങ്ങളോ ഇല്ലാതെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളെയും നിലവിലുള്ള സാമുദായിക സംഘടനകളെയും ഏകോപിപ്പിക്കാൻ ഇനിയെങ്കിലും ഒരു വേദിയുണ്ടാകേണ്ടതല്ലേ? അതിന്, കേരള കോൺഗ്രസ്സ് ക്രിസ്ത്യൻ കോൺഗ്രസ്സ് ആയിത്തീരേണ്ട കാര്യമില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണായ മതേതരത്വത്തെ കണ്ണിലെ കൃഷ്ണമണി പോലെ പാലിച്ചുകൊണ്ടും എല്ലാ മതവിഭാഗങ്ങളോടും ഹൃദയവിശാലത പുലർത്തിക്കൊണ്ടും ഏവരുടെയും ഉന്നമനത്തിനായി നിലയുറപ്പിച്ചുകൊണ്ടും ക്രൈസ്തവ സമുദായത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയും.

മുസ്ലീംലീഗിനെ പോലെ വർഗ്ഗീയമാകാതെ തന്നെ, രാഷ്ട്രീയമായി അനാഥത്വം അനുഭവിക്കുന്ന ക്രൈസ്തവ ന്യൂനപക്ഷം മുഴുവന്റെയും താല്പര്യ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളാൻ കേരള കോൺഗ്രസ്സ് ഇനിയെങ്കിലും തയ്യാറാകുമോ? ന്യൂനപക്ഷ കമ്മീഷൻ ചെയർമാന്റെയും മറ്റ് രണ്ട് അംഗങ്ങളുടെയും നിയമനത്തിലും ന്യൂനപക്ഷ കമ്മീഷന്റെ ഓഫീസ് സ്റ്റാഫ് നിയമനത്തിലും നീതിപൂർവ്വകമായ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കാൻ നിങ്ങൾ രാഷ്ട്രീയജാഗ്രത പുലർത്തുമോ? (നിലവിൽ ന്യൂനപക്ഷ കമ്മീഷന്റെ ഓഫീസിൽ ഒരു ക്രൈസ്തവൻ പോലും ഇല്ല എന്നാണ് കേൾക്കുന്നത്!) ക്രൈസ്തവരുടെ ന്യായമായ ന്യൂനപക്ഷാവകാശങ്ങൾ സ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടി നിങ്ങൾ നിലകൊള്ളുമോ? ദളിത് ക്രൈസ്തവർ നേരിടുന്ന വിവേചനത്തിനെതിരെ നിങ്ങൾ പോരാടുമോ? മലയോര കർഷകരുടെ ആശങ്കകൾ അകറ്റാനും കാർഷികോൽപന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാനും സർക്കാരിൽ നിങ്ങൾ സമ്മർദ്ദം ചെലുത്തുമോ? മത്സ്യത്തൊഴിലാളികളുടെ ദുരിതപർവങ്ങൾക്ക് അറുതി വരുത്താനും മാന്യമായ ജീവിതസാഹചര്യങ്ങളും ന്യായമായ പ്രതിഫലവും ഉറപ്പാക്കാനും നിങ്ങൾ സന്നദ്ധരാകുമോ? കാർഷിക മേഖലയിലും മത്സ്യബന്ധന മേഖലയിലും ആധിപത്യമുറപ്പിച്ചിരിക്കുന്ന ഇടനിലക്കാരുടെ കൊള്ള അവസാനിപ്പിക്കാൻ നിങ്ങൾ മുന്നിട്ടിറങ്ങുമോ? രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിലെ അധിനിവേശ പ്രവണതയുള്ള യാഗാശ്വങ്ങളെ പിടിച്ചുകെട്ടാൻ നിങ്ങൾ ശ്രമിക്കുമോ?

എങ്കിൽ ക്രൈസ്തവ സമൂഹത്തിന്റെ അഭൂതപൂർവ്വമായ പിന്തുണ നിങ്ങൾക്കുണ്ടായിരിക്കും. ക്രമേണ കേരളത്തിൽ മതേതരത്വ നീതിയും സാമുദായിക സന്തുലിതത്വവും പുലരും. എന്നാൽ ഇപ്പോഴുള്ള അവസ്ഥ ഇനിയും തുടരുകയാണെങ്കിൽ ഏറെ താമസിയാതെ ഇവിടെ ക്രൈസ്തവരുടെ പിന്തുണയോടെ പ്രബലപ്പെടാൻ പോകുന്നത് നിലവിലുള്ള അവഗണനകളിൽ മനം നോവുന്ന ക്രൈസ്തവരെ, തങ്ങൾ നിരാലംബരുടെ ശരണമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ബിജെപി ആയിരിക്കും; സംശയം വേണ്ടാ!

ഫാ. ജോഷി മയ്യാറ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.