“കർത്താവിന് പ്രായം ഒരു തടസ്സമല്ല”: 64-ാം വയസ്സിൽ വൈദികനായി അഭിഷിക്തനായി ചിലിയൻ സന്യാസി

“കർത്താവിന് പ്രായം ഒരു തടസ്സമല്ല” ഡോൺ ഒറിയോൺ സഭയിൽ 40 വർഷം ബ്രദറായി സേവനമനുഷ്ഠിച്ച ശേഷം 64-ാം വയസ്സിൽ വൈദികനായി അഭിഷിക്തനായ ഫാ. ജുവാൻ ദാസ ജാര പറയുന്നു. സേവനത്തിന്റെ വെളിച്ചത്തിൽ പാകപ്പെട്ട സമർപ്പണത്തിന്റെ അനുഭവമാണ് അദ്ദേഹത്തിന് പങ്കുവെക്കാനുള്ളത്.

ചിലിയിലെ ലോസ് ഏഞ്ചൽസിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ലജ എന്ന ഗ്രാമത്തിൽ ജനിച്ച ജുവാൻ ദാസ ജാര, തന്നെ പ്രാർഥിക്കാൻ പഠിപ്പിച്ച തന്റെ വല്യമ്മ ട്രിനിഡാഡിനെ ഇന്നും ഏറെ സ്നേഹത്തോടെ ഓർക്കുന്നു. തന്റെ ഗ്രാമത്തിലെ ആദ്യത്തെ ഇടവക വികാരിയായിരുന്ന ബെൽജിയം സ്വദേശി ഫാ. ഫെലിക്സ് ഐഷറത്തോടും അദ്ദേഹം നന്ദി പറയുന്നു. അദ്ദേഹമാണ് വിശുദ്ധ ലൂയിസ് ഒറിയോണിന്റെ ജീവിതമാതൃക ജുവാന് പരിചയപ്പെടുത്തിക്കൊടുത്തത്.

ഒരു പുതിയ വിളി

ഒരു സാധാരണ ബ്രദർ എന്ന നിലയിൽ ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം, മാർപാപ്പയോടുള്ള വിശ്വസ്തത എന്നീ നാല് വ്രതങ്ങൾ പാലിച്ച് താൻ സന്തുഷ്ടനായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. നിലവിൽ 107 വയോധികരുള്ള ഒരു അഭയകേന്ദ്രം അദ്ദേഹം നയിക്കുന്നുണ്ട്. എന്നാൽ സമീപകാലത്തായി സഹപ്രവർത്തകരും സുഹൃത്തുക്കളും “സഭയ്ക്ക് വൈദികരെ ആവശ്യമുണ്ട്, നിങ്ങൾ ഒരു വൈദികനാകണം” എന്ന് അദ്ദേഹത്തോട് ആവശ്യപ്പെടാൻ തുടങ്ങി .

അദ്ദേഹം ആദ്യം ഇതിനോട് വിമുഖത കാണിച്ചെങ്കിലും, പ്രാർത്ഥനയിലൂടെയും മുതിർന്നവരുടെ ഉപദേശങ്ങളിലൂടെയും ഇതൊരു ദൈവവിളിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 40 വർഷം ബ്രദറായും 7 വർഷം സ്ഥിരം ഡീക്കനായും സേവനമനുഷ്ഠിച്ച ശേഷം പൗരോഹിത്യത്തിലേക്ക് ചുവടുവെക്കാൻ അദ്ദേഹം തീരുമാനിച്ചു.

എല്ലാം ദൈവേഷ്ടമായി കാണുന്നു

2026 മാർച്ച് 21-ന് ലോസ് ഏഞ്ചൽസിലെ ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് ദൈവാലയത്തിൽ വെച്ച് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. തന്റെ അമ്മ മരിയ ജാരയുടെയും സഭാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

“ഇതൊരു വലിയ രഹസ്യമാണ്, പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങളാണ് ആ നിമിഷം ഉണ്ടായത്,” അദ്ദേഹം പറയുന്നു. താൻ ആദ്യമായി അർപ്പിച്ച കുർബാനയെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് : “പുരോഹിതന്മാർക്ക് പിന്നിലായി ദൈവാലയത്തിന്റെ നടുവിലൂടെ നടക്കുമ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി, സന്തോഷം കൊണ്ട് കരഞ്ഞുപോയ നിമിഷമായിരുന്നു അത്.”

ജനങ്ങളോടുള്ള പ്രതിബദ്ധത

വൈദികനായ ശേഷവും തിരക്കുകൾക്ക് കുറവൊന്നുമില്ല. വൃദ്ധസദനം, യുവ കുറ്റവാളികൾക്കായുള്ള പുനരധിവാസ പദ്ധതി എന്നിവയുടെ ചുമതലകൾക്ക് പുറമെ ഇപ്പോൾ ആത്മീയ കാര്യങ്ങളും അദ്ദേഹം നോക്കി നടത്തുന്നു. “ആളുകൾക്ക്, പറയുന്നത് കേൾക്കാൻ ഒരാളെ ആവശ്യമുണ്ട്. അവർക്കായി സമയം മാറ്റിവെക്കേണ്ടതുണ്ട്,” എന്നാണു അദ്ദേഹം വിശ്വസിക്കുന്നത് .

ധൈര്യമായി മുന്നോട്ട് വരിക

യുവജനങ്ങളോട് അദ്ദേഹത്തിന് ഒന്നേ പറയാനുള്ളൂ: “കർത്താവിന് സ്വയം വിട്ടുകൊടുക്കാൻ ധൈര്യം കാണിക്കുക. കർത്താവിന്റെ വഴികളിൽ നിങ്ങൾക്ക് ഒന്നിനും കുറവുണ്ടാകില്ല.”

“എന്റെ കാര്യത്തിൽ 40 വർഷമെടുത്തു. പക്ഷേ എന്റെ വിളിയെക്കുറിച്ച് എനിക്ക് ഒരിക്കലും സംശയമുണ്ടായിട്ടില്ല. കർത്താവിന് പ്രായം ഒരു പ്രശ്നമല്ല; സേവിക്കാനുള്ള മനസ്സ് മാത്രമാണ് പ്രധാനം,” അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.