കുട്ടികളെ ജപമാല പ്രാർഥനയിൽ സജീവമാക്കാം ഈ മാർഗങ്ങളിലൂടെ

വളരെ സമയമെടുക്കുന്ന ഒരു പ്രാർഥനയാണ് ജപമാല പ്രാർഥന. പലപ്പോഴും ജപമാല പ്രാർഥനയിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് മുതിർന്നവരായ നമ്മെ സംബന്ധിച്ചിടത്തോളം അല്പം പ്രയാസമുള്ള കാര്യമാണ്. അപ്പോൾപിന്നെ കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ. കുട്ടികൾ ജപമാല പ്രാർഥനയിൽ സജീവമായി സംബന്ധിക്കാൻ, മാതാപിതാക്കളെ സഹായിക്കുന്ന ഏതാനും കുറുക്കുവഴികൾ പങ്കുവയ്ക്കുകയാണ് ഇവിടെ. ഈ മാർഗങ്ങളിലൂടെ, സന്ധ്യാപ്രാർഥനകളിൽ ജപമാല ചൊല്ലുമ്പോൾ കുട്ടികളെയും പങ്കെടുപ്പിക്കാം.

1. ചിത്രങ്ങളെ ഉപയോഗിക്കുക

നമ്മൾ പ്രാർഥിച്ചുകൊണ്ടിരിക്കുന്ന രഹസ്യത്തിൽ ഈശോയ്ക്ക് എന്തു സംഭവിക്കുന്നു എന്നത് ചിത്രീകരിച്ചിരിക്കുന്നതിൽ‍ നോക്കിയിരിക്കുന്നത് നമ്മുടെ മനസ്സും ഹൃദയവും പ്രാർഥനയിൽ കൂടുതൽ ശ്രദ്ധിക്കാനുള്ള ഒരു എളുപ്പവഴിയാണ്.

കുട്ടികൾ ഓരോരുത്തരും തങ്ങൾ ചൊല്ലുന്ന രഹസ്യങ്ങൾ നേരത്തെതന്നെ തെരഞ്ഞെടുക്കുകയും അതിന്റെ ചിത്രങ്ങൾ എല്ലാവർക്കും കാണാവുന്ന രീതിയിൽ ആ സമയത്ത് പ്രദർശിപ്പിക്കുകയും ചെയ്യട്ടെ.

2. പ്രാർഥനാപുസ്തകം ഉപയോഗിക്കുക

ഓരോ രഹസ്യത്തിന്റെയും ചെറിയ വിചിന്തനം അടങ്ങുന്ന ഒരു പുസ്തകം വീട്ടിലുണ്ടായിരിക്കുന്നത് നല്ലതാണ്. അത് വായിക്കാനും താളുകൾ മറിക്കാനും കുട്ടികൾ ഇഷ്ടപ്പെടും. ഓരോ നന്മനിറഞ്ഞ മറിയവും ചൊല്ലാൻ സഹായിക്കുന്ന ചെറിയ വിചിന്തനങ്ങളും ചിത്രങ്ങളുള്ള പുസ്തകങ്ങളുടെ ഉപയോഗവും കുട്ടികളുടെ ശ്രദ്ധനേടാൻ ഉപകരിക്കും. പുസ്തകം നോക്കി പ്രാർഥനകൾ ഉരുവിടുന്നതും വളരെ സഹായകമാണ്.

3. ദിവ്യരഹസ്യങ്ങളുടെ ചിത്രങ്ങൾ വരയ്ക്കുക

ഒരു പേപ്പറും പേനയും കുട്ടികൾക്കു കൊടുക്കുക. ഓരോ ദിവ്യരഹസ്യങ്ങളും ചൊല്ലുമ്പോൾ അതിനെക്കുറിച്ച് ഓരോ ചിത്രങ്ങൾ വരയ്ക്കാൻ ആവശ്യപ്പെടാം. ജപമാല കഴിഞ്ഞ് ഓരോരുത്തരും തങ്ങൾ വരച്ച ചിത്രങ്ങളെക്കുറിച്ചു വിവരിക്കാൻ ആവശ്യപ്പെടാം. ചിത്രങ്ങളെക്കുറിച്ച് പറയുന്നതും മറ്റുള്ളവർ പറയുന്നതു കേൾക്കുന്നതും ജപമാല കഴിഞ്ഞും ആ ദിവ്യരഹസ്യങ്ങളെക്കുറിച്ചുള്ള ഒരു ഉപരിവിചിന്തനമായി മാറും.

4. ചില വാക്കുകൾ കൂട്ടിച്ചേർക്കുക

ഓരോ നന്മനിറഞ്ഞ മറിയമേ ചൊല്ലുമ്പോഴും ആ രഹസ്യവുമായി ബന്ധപ്പെട്ട ബൈബിൾ വചനങ്ങൾ കൂട്ടിച്ചേർക്കുന്നത് ഈശോയുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിലുള്ള ശ്രദ്ധ നിലനിർത്താൻ സഹായിക്കും. ഈ ചെറിയ വിചിന്തനം, പറയുന്നവരെയും കേൾക്കുന്നവരെയും ഒരുപോലെ സഹായിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.