റൂട്ട് കനാൽ ഇല്ലാതെയും പല്ല് സംരക്ഷിക്കാം: അറിയാം ബയോമിമെറ്റിക് ഡെന്റിസ്ട്രി

സി. ഡോ. സംഗീത SVM

റോസിനെ എനിക്ക് പണ്ടേ പരിചയമുണ്ട്. പലപ്പോഴും ക്ലിനിക്കില്‍ സ്വന്തം ആവശ്യത്തിനും മറ്റുള്ളവരുടെ കൂടെയും വന്നുള്ള പരിചയമാണ്. എങ്കിലും അൽപം പേടിയോടെയാണ് റോസ് അന്ന് ക്ലിനിക്കിലെത്തിയത്.

പല്ലിന്റെ പുളിപ്പാണ് റോസിനെ ക്ലിനിക്കില്‍ എത്തിച്ചത്. പരിശോധിച്ചു തുടങ്ങും മുന്‍പേ അവള്‍ ചോദിച്ചു:

“ഡോക്ടറേ, റൂട്ട് കനാൽ അല്ലാതെ എന്റെ പല്ല് ചികിത്സിക്കാൻ വേറെ വഴി വല്ലതുമുണ്ടോ? എനിക്ക് ഭയങ്കര പേടിയാണ്. റൂട്ട് കനാൽ ചെയ്യുമ്പോള്‍ നല്ല വേദനയായിരിക്കും!”

റോസിനെ ആശ്വസിപ്പിച്ച് പല്ലുകൾ പരിശോധിച്ചപ്പോൾ വലിയ പ്രശ്നങ്ങളൊന്നും കണ്ടില്ല. വർഷങ്ങൾക്കു മുൻപ് ചെയ്ത അമാൽഗം (ബ്ലാക്ക് കളർ) ഫില്ലിങ് ഉള്ള പല്ലിൽ തണുപ്പോ, ചൂടോ ഉള്ള ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന ശക്തമായ പുളിപ്പാണ് റോസിന്റെ പ്രധാന പ്രശ്നം. പഴയ ഫില്ലിങ്ങിന്റെ വിള്ളലുകൾക്കിടയിലൂടെ ചൂടോ, തണുപ്പോ കടന്നുചെല്ലുമ്പോൾ ഉണ്ടാകാവുന്ന ഒരു പ്രശ്നമാണിത്.

‘റൂട്ട് കനാൽ വേണ്ടേ വേണ്ട ഡോക്ടറേ’ എന്ന് റോസ് ആവർത്തിച്ചുകൊണ്ടിരുന്നു. റൂട്ട് കനാലിനെക്കുറിച്ച് പറഞ്ഞുകേട്ട തെറ്റിധാരണകളാണ് റോസിന്റെ മനസ്സിൽ അത്രയും ഭീതി പടർത്തുന്നതെന്ന് എനിക്ക് മനസ്സിലായി.

തുടർന്ന് ഒരു എക്സറേ എടുത്ത ശേഷം, റൂട്ട് കനാൽ ചെയ്യാതെ തന്നെ പല്ല് പൂർണ്ണമായി സംരക്ഷിക്കാൻ കഴിയുന്ന പുതിയ ചികിത്സാരീതിയെക്കുറിച്ച് – ബയോമിമെറ്റിക് ഫില്ലിങ് (Biomimetic Filling) രീതിയെക്കുറിച്ച് – റോസിന് വിശദീകരിച്ചു കൊടുത്തു. കാര്യം വ്യക്തമായി മനസ്സിലായപ്പോൾ സന്തോഷത്തോടെ റോസ് ആ ചികിത്സ തിരഞ്ഞെടുത്തു. അങ്ങനെ ബയോമിമെറ്റിക് ഫില്ലിങ് ചെയ്ത് റോസ് പുഞ്ചിരിയോടെ മടങ്ങി.

എന്താണ് ഈ ബയോമിമെറ്റിക് ഡെന്റസ്ട്രി?

നമ്മുടെ സ്വന്തം പല്ലിന്റെ സ്വാഭാവികമായ ഉറപ്പും ഇലാസ്റ്റിസിറ്റിയും (Flexibility) ഭംഗിയും അതുപോലെതന്നെ നിലനിർത്തിക്കൊണ്ട് കേടായ പല്ലുകളെ വീണ്ടെടുക്കുന്ന അത്യാധുനിക ദന്തചികിത്സാരീതിയാണിത്. സാധാരണയായി പല്ലിന് വലിയ കേടുപാടുകൾ വരുമ്പോൾ, പല്ലിന്റെ മുകള്‍ഭാഗം രാകിക്കളഞ്ഞ് വലിയ ക്രൗണുകൾ (Caps) ഇടുകയോ, അല്ലെങ്കിൽ റൂട്ട് കനാൽ ചികിത്സ ചെയ്യുകയോ ആണ് പതിവ്. എന്നാൽ, ഇതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തവും ലളിതവുമാണ് ബയോമിമെറ്റിക് രീതി.

ഇതിന്റെ ശാസ്ത്രീയവശം എന്താണ്?

നമ്മുടെ പല്ലിനു മുകളിൽ(outer layer) പ്രധാനമായും രണ്ട് ഭാഗങ്ങളാണുള്ളത്:

1. ഇനാമൽ (Enamel): പല്ലിന്റെ ഏറ്റവും പുറമെയുള്ള, നല്ല കട്ടിയുള്ള ഭാഗം.
2. ഡെന്റിൻ (Dentin): ഇനാമലിന് തൊട്ടുതാഴെയുള്ള, ചവയ്ക്കുമ്പോഴുണ്ടാകുന്ന ആഘാതങ്ങളെ താങ്ങിനിർത്താൻ ശേഷിയുള്ള ഭാഗം. ഈ ഇനാമലും ഡെന്റിനും തമ്മിൽ ചേരുന്ന പ്രകൃതിദത്തമായ ബന്ധമാണ് (Dentino-Enamel Junction) നമ്മൾ ഭക്ഷണം ചവയ്ക്കുമ്പോൾ ഉണ്ടാകുന്ന കടുത്ത സമ്മർദത്തെ താങ്ങിനിർത്താൻ പല്ലിനെ സഹായിക്കുന്നത്.

സാധാരണ രീതിയിൽ വലിയ ഫില്ലിങ്ങുകൾ ചെയ്യുമ്പോഴോ, ക്രൗണുകൾ വയ്‌ക്കുമ്പോഴോ പല്ലിന്റെ ഈ സ്വാഭാവിക ഘടന നഷ്ടപ്പെടുന്നു. എന്നാൽ, ബയോമിമെറ്റിക് ചികിത്സയിൽ പല്ലിന്റെ അതേ ഘടനയുള്ള അത്യാധുനിക റെസിനുകൾ, ബയോ-സെറാമിക്സുകൾ, ഫൈബർ ലെയറുകൾ എന്നിവ ഉപയോഗിച്ച് പല്ലിന്റെ പ്രകൃതിദത്തമായ ആ ബലം അതേപടി പുനഃസൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

ചികിത്സയുടെ പ്രധാന ഘട്ടങ്ങൾ

കേടുവന്ന ഭാഗം മാത്രമാണ് ഇവിടെ നീക്കം ചെയ്യുന്നത്: പല്ലിന്റെ കേടുകളില്ലാത്ത ഒരു ഭാഗവും ആവശ്യമില്ലാതെ രാകിക്കളയാതെ, കേടായ ഭാഗം മാത്രം വളരെ സൂക്ഷ്മമായി നീക്കം ചെയ്യുന്നു.

സ്ട്രെസ്സ്-ഫ്രീ ബോണ്ടിങ് (Stress-Reduced Bonding): പല്ലും ഫില്ലിംഗ് മെറ്റീരിയലും തമ്മിൽ ശക്തമായി ഒട്ടിപ്പിടിക്കാൻ (Bonding) പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇത് പല്ലിനുള്ളിലെ ഞരമ്പുകൾക്കുണ്ടാകുന്ന ആഘാതവും അസ്വസ്ഥതകളും തടയുന്നു.

ഇൻലേകളും ഓൺലേകളും (Inlays & Onlays): പല്ല് മുഴുവനായി പൊതിയുന്ന വലിയ ക്രൗണുകൾക്കു പകരം, കേടുവന്ന ഭാഗം മാത്രം മാറ്റി അതിന് അനുയോജ്യമായ രീതിയിൽ ലാബിൽ നിർമ്മിച്ചെടുക്കുന്ന ചെറിയ കവറിംഗുകൾ (Inlays/ Onlays) വച്ച് പല്ല് അടയ്ക്കുന്നു.

പൾപ്പ് സംരക്ഷണം (Pulp Preservation): പല്ലിന് ജീവൻ നൽകുന്ന ഭാഗമായ പൾപിനോളം കേട് എത്തിയിട്ടുണ്ടെങ്കിൽ പോലും, പ്രത്യേക ബയോ-മെറ്റീരിയലുകൾ (MTA/ Bioceramics) ഉപയോഗിച്ച് ഞരമ്പിന്റെ ജീവൻ നിലനിർത്താനും അങ്ങനെ റൂട്ട് കനാൽ ഒഴിവാക്കാനും സാധിക്കുന്നു.

ഗുണങ്ങൾ

പല്ലിന്റെ ആയുസ്സ് കൂട്ടുന്നു: സ്വന്തം പല്ലിന്റെ ഭൂരിഭാഗവും നിലനിർത്തുന്നതിനാൽ പല്ല് പൊട്ടിപ്പോകാനുള്ള സാധ്യത വളരെ കുറവാണ്.

റൂട്ട് കനാൽ ചികിത്സയും ക്രൗണുകളും ഒഴിവാക്കാം: തുടക്കത്തിൽ തന്നെ ഈ രീതിയിൽ ചികിത്സ ചെയ്താൽ വലിയ ചികിത്സകളും ചെലവുകളും ഒഴിവാക്കാം.

വേദനയും പുളിപ്പും ഉണ്ടാകില്ല: അത്യാധുനിക ബോണ്ടിംഗ് രീതിയായതിനാൽ ചികിത്സയ്ക്കു ശേഷം പല്ലിന് പുളിപ്പോ, വേദനയോ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

സ്വാഭാവിക സൗന്ദര്യം: സ്വന്തം പല്ലിന്റെ അതേ നിറവും തിളക്കവും കൃത്യമായി പുനഃസൃഷ്ടിക്കാൻ സാധിക്കുന്നു.

പല്ല് കേടായാൽ അത് എടുത്തുകളഞ്ഞ് കൃത്രിമപ്പല്ല് വയ്ക്കുക അല്ലെങ്കിൽ റൂട്ട് കനാൽ ചികിത്സയ്ക്കു ശേഷം പല്ല് രാകി ക്രൗൺ ഇടുക എന്ന പഴയ രീതിയിൽ നിന്നുള്ള മികച്ചൊരു മാറ്റമാണ് ബയോമിമെറ്റിക് ഡെന്റസ്ട്രി. സ്വന്തം പല്ലുകൾ ദീർഘകാലം ആരോഗ്യത്തോടെയും സ്വാഭാവികതയോടെയും നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും അനുയോജ്യമായ ചികിത്സാമാർഗമാണിത്.

റോസിനെപ്പോലെ പിന്നെയും നിരവധിപേര്‍ ഇതേ പ്രശ്നവുമായി എന്റെ അടുത്ത്  വന്നിട്ടുണ്ട്. ഈ രീതിയിലൂടെ അവരുടെ അസ്വസ്ഥതകള്‍ പരിഹരിക്കാനും സാധിച്ചിട്ടുണ്ട്.

ഡോ. സി. സംഗീത എസ്.വി.എം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.