
1970 കളിൽ അർജന്റീനയിൽ നടന്ന യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ടോം മിഷേൽ എഴുതിയ ഓർമ്മക്കുറിപ്പുകളെ അടിസ്ഥാനമാക്കി ഒരുക്കിയ ഹൃദ്യമായ ഒരു ചലച്ചിത്രമാണ് ‘ദ പെൻഗ്വിൻ ലെസൺസ്’ (The Penguin Lessons). 2024 ലാണ് സിനിമ പുറത്തിറങ്ങിയത്. രാഷ്ട്രീയ അസ്ഥിരതയും പട്ടാള വിപ്ലവത്തിന്റെ അസ്വസ്ഥതകളും നിറഞ്ഞ ഒരു കാലഘട്ടത്തിൽ, അർജന്റീനയിലെ ഒരു ബോർഡിംഗ് സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായി എത്തുന്ന ടോം മിഷേൽ എന്ന ഇംഗ്ലീഷുകാരന്റെയും യാദൃശ്ചികമായി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു പെൻഗ്വിന്റെയും കഥയാണിത്. ഒറ്റപ്പെടലിന്റെയും അനിശ്ചിതത്വങ്ങളുടെയും നടുവിലും മനുഷ്യഹൃദയങ്ങളെ സ്നേഹം കൊണ്ട് ബന്ധിപ്പിക്കാൻ കഴിയുമെന്ന് ഈ സിനിമ നമ്മെ ഓർമ്മിപ്പിക്കുന്നു.
നഗരത്തിലുണ്ടായ ബോംബാക്രമണത്തെ തുടർന്ന് വിദ്യാർഥികളെ ഒരാഴ്ചത്തേക്ക് വീട്ടിലേക്ക് അയച്ചപ്പോൾ, മിഷേൽ ഉറുഗ്വേയിലേക്ക് ഒരു യാത്ര പോകുന്നു. ഉറുഗ്വേയിലെ സമുദ്രതീരത്ത് എണ്ണ ചോർച്ച കാരണം ചത്തൊടുങ്ങിയ പെൻഗ്വിനുകൾക്കിടയിൽ ജീവന്റെ തുടിപ്പുമായി ബാക്കിയായ ഒരേയൊരു പെൻഗ്വിനെ ടോം മിഷേൽ തന്റെ കൂടെ കൂട്ടുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. ഹുവാൻ സാൽവദോർ എന്ന് പേരിട്ട ആ കൊച്ചു പെൻഗ്വിൻ ഒടുവിൽ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി മാറുന്നു. നിയമപരമായ തടസ്സങ്ങളും യാത്രാപ്രതിസന്ധികളും തരണം ചെയ്ത് അതിനെ അർജന്റീനയില്‍ കൊണ്ടുവന്ന് തന്റെ സ്കൂൾ മുറിയിൽ രഹസ്യമായി താമസിപ്പിക്കുന്ന ടോമിന്റെ ജീവിതത്തിലേക്ക് ആ പെൻഗ്വിൻ അപ്രതീക്ഷിതമായ സന്തോഷവും സമാധാനവും കൊണ്ടുവരുന്നു. ആരെയും അനുസരിക്കാത്ത, അച്ചടക്കമില്ലാത്ത കുട്ടികൾ പഠിക്കുന്ന അദ്ദേഹത്തിന്റെ ക്ലാസിൽ ആ പെൻഗ്വിൻ വരുന്നതോടെ അവിടെ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. വിദ്യാർഥികളും കർക്കശക്കാരായ ഹെഡ്മാസ്റ്ററും ഉൾപ്പെടെയുള്ളവർ ക്രമേണ ഹുവാൻ സാൽവദോറിന്റെ ആരാധകരായി മാറുന്നു.
ഈ സിനിമ നമ്മെ പഠിപ്പിക്കുന്ന മറ്റൊരു പ്രധാന പാഠം, പ്രകൃതിയോടും ചുറ്റുമുള്ള ജീവജാലങ്ങളോടും നമ്മൾ പുലർത്തേണ്ട അനുകമ്പയാണ്. മൃഗങ്ങളെയും പക്ഷികളെയും വെറും കാഴ്ചവസ്തുക്കളായി കാണാതെ, അവയെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ സ്നേഹിക്കാനും പരിപാലിക്കാനും ടോം മിഷേൽ കാണിക്കുന്ന മാതൃക പ്രശംസനീയമാണ്. മൃഗശാലയിലെ വൃത്തിഹീനമായ സാഹചര്യങ്ങൾ കണ്ട് തന്റെ പെൻഗ്വിനെ അവിടെ ഉപേക്ഷിക്കാൻ മടിച്ച്, തിരികെ തന്റെ കൂടെ കൊണ്ടുപോരാന്‍ തീരുമാനിക്കുന്ന ടോമിന്റെ മനസ്സ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പവിത്രമായ ആത്മബന്ധത്തെയാണ് ഓർമ്മിപ്പിക്കുന്നത്. നമ്മുടെ സന്തോഷങ്ങളിൽ മാത്രമല്ല, നമ്മുടെ ഉത്തരവാദിത്തങ്ങളിലും മറ്റ് ജീവജാലങ്ങളെ ചേർത്തുപിടിക്കേണ്ടതുണ്ട് എന്ന സന്ദേശമാണ് ഇത് നൽകുന്നത്.
കൂടാതെ, സ്വന്തം സൗകര്യങ്ങളുടെ സുരക്ഷിതത്വത്തിൽ മാത്രം ഒതുങ്ങിക്കൂടാതെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് സന്തോഷം പകരാൻ കഴിയുമ്പോഴാണ് ജീവിതം സാർഥകമാകുന്നത് എന്ന വലിയ തിരിച്ചറിവും ഈ ചിത്രം നൽകുന്നുണ്ട്. യാദൃശ്ചികമായി തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു ചെറിയ പെൻഗ്വിനെ സംരക്ഷിക്കാൻ ടോം എടുത്ത ബുദ്ധിമുട്ടുകളും നേരിട്ട വെല്ലുവിളികളും ചെറുതല്ല. എന്നാൽ, ആ തീരുമാനം അദ്ദേഹത്തിന്റെയും സ്കൂളിലെ മുഴുവൻ കുട്ടികളുടെയും അധ്യാപകരുടെയും ഹൃദയങ്ങളിൽ സ്നേഹത്തിന്റെ പുതിയ വാതിലുകൾ തുറക്കുകയാണുണ്ടായത്. ചെറിയൊരു നന്മയോ, കരുതലോ പോലും മറ്റുള്ളവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ഹുവാൻ സാൽവദോറിന്റെ വരവ് നമ്മെ പഠിപ്പിക്കുന്നു.
ഈ സിനിമ നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം നമ്മള്‍ നിശ്ശബ്ദമായി മറ്റുള്ളവരെ കേള്‍ക്കണം എന്നാണ്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെല്ലാം തങ്ങളുടെ സങ്കടങ്ങളും ആകുലതകളും വന്ന് പങ്കുവയ്ക്കുന്നത് ഹുവാൻ സാൽവദോറിനോടാണ്. ടോം മിഷേലാകട്ടെ, സ്കൂളിലെ മറ്റ് അധ്യാപകരോ, ജോലിക്ക് നിൽക്കുന്ന മരിയയോ ആകട്ടെ, അവരുടെ വിഷമതകള്‍ ആ പെൻഗ്വിന്റെ മുന്‍പില്‍ വന്നിരുന്നു പറയുന്നു. പെന്‍ഗ്വിന്‍ തങ്ങളുടെ വിഷമങ്ങൾ മൗനമായി കേട്ടിരിക്കുന്നത് മാത്രമാണ് അവർക്ക് ആശ്വാസമാകുന്നത്. ജീവിതത്തിൽ വലിയ പ്രതിസന്ധികൾ നേരിടുമ്പോൾ ഉപദേശങ്ങൾ നൽകുന്നതിനേക്കാൾ ഉപരിയായി, മറ്റുള്ളവരുടെ വിഷമങ്ങൾ നിശ്ശബ്ദമായി കേൾക്കാൻ തയ്യാറാകുന്ന വലിയ മനസ്സ് നമ്മിലുണ്ടാകണമെന്ന് ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.
കൂടാതെ, കുടുംബബന്ധങ്ങളുടെ ആഴവും ഒത്തൊരുമയുടെ പ്രാധാന്യവും ഈ സിനിമ വരച്ചുകാട്ടുന്നുണ്ട്. ഗവൺമെന്റ് അനുകൂലികളാൽ തട്ടിക്കൊണ്ടുപോകപ്പെടുന്ന സോഫിയ എന്ന കുട്ടിയെ മോചിപ്പിക്കാൻ മരിയ നടത്തുന്ന പരിശ്രമങ്ങളും, അതിൽ ടോം മിഷേൽ നൽകുന്ന പിന്തുണയും കുടുംബത്തിന്റെ ശക്തി എത്ര വലുതാണെന്ന് ബോധ്യപ്പെടുത്തുന്നു. വ്യത്യസ്ത പശ്ചാത്തലത്തിലും ജീവിതസാഹചര്യങ്ങളിലും ജീവിക്കുന്ന മനുഷ്യരെ പരസ്പരം ഒന്നിപ്പിക്കുന്ന ഒരു കണ്ണിയായി ഹുവാൻ സാൽവദോർ മാറുന്നു. പെൻഗ്വിനുകൾ ജീവിതത്തിൽ ഒരു ഇണയെ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന സത്യം ക്ലാസിലെ ഒരു കുട്ടി പങ്കുവയ്ക്കുന്നു. ഇത് ബന്ധങ്ങളുടെ പവിത്രതയെക്കുറിച്ചുള്ള ആഴമേറിയ ചിന്തകളാണ് നമ്മിൽ ഉണ്ടാക്കുന്നത്.
‘ദ പെൻഗ്വിൻ ലെസൺസ്’ കേവലം ഒരു ജീവിയും മനുഷ്യനും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയല്ല, മറിച്ച് സ്നേഹത്തിന്റെയും അനുകമ്പയുടെയും വഴിയിലൂടെ ജീവിതത്തെ എങ്ങനെ മനോഹരമാക്കാം എന്നതിന്റെ ഉത്തമ മാതൃകയാണ്. യാതനകളും വേദനകളും നിറഞ്ഞ ലോകത്ത് പരസ്പരം താങ്ങായി നിൽക്കാനും, മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കാനും, ഹൃദയങ്ങളെ സ്നേഹം കൊണ്ട് ഒന്നിപ്പിക്കാനും കഴിയുമ്പോഴാണ് ജീവിതം അർഥവത്തായിത്തീരുന്നത് എന്ന ശാശ്വതസത്യമാണ് ഈ ചിത്രം സമ്മാനിക്കുന്നത്.

ഫാ. ജി. കടൂപ്പാറയിൽ MCBS




