ഉറങ്ങാൻ പോകുന്നതിനു മുമ്പ് വായിക്കേണ്ട ബൈബിൾ ഭാഗം

ഒരു ദിവസത്തിന്റെ അദ്ധ്വാനവും ക്ഷീണവും എല്ലാം ദൈവസന്നിധിയിൽ ഭരമേൽപ്പിച്ച ശേഷമായിരിക്കും രാത്രിയിൽ ഉറങ്ങാൻ പോകുന്നത്. നമ്മുടെ ഹൃദയഭാരം ലഘൂകരിക്കാനും സ്വസ്ഥമായ ഒരു ഉറക്കം ലഭിക്കാനും എല്ലാം ദൈവത്തെ ഭരമേല്പിക്കാനും ദൈവസാന്നിധ്യ സ്‌മരണ നമ്മെ സഹായിക്കും. പലപ്പോഴും കിടക്കുമ്പോൾ നമ്മുടെ മനസ്സിലൂടെ ഒരുപാട് കാര്യങ്ങൾ കടന്നുപോകുന്നു. ഇത് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാക്കുകയും നമ്മുടെ ഉത്കണ്ഠ വർദ്ധിപ്പിക്കുകയും ചെയ്യും.

ഇതിനെ ചെറുക്കാനുള്ള ഒരു മാർഗ്ഗം, ഒരു ചെറിയ ബൈബിൾ ഭാഗം വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ്. ദൈവത്തെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കുകയും നാം ഉറങ്ങുമ്പോൾ നമ്മെ കാത്ത് സൂക്ഷിക്കുവാൻ ദൈവത്തോട് ആവശ്യപ്പെടുകയും ചെയ്യുക.

ഉറങ്ങാൻ പോകുന്നതിനു മുമ്പ് വായിക്കേണ്ട സങ്കീർത്തനത്തിൽ നിന്നുള്ള ഒരു ബൈബിൾ വാക്യം ഇതാ, ദൈവം നമ്മെ നിരീക്ഷിക്കുന്നു എന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.

സങ്കീർത്തനം: 4 ദൈവത്തില്‍ ആനന്ദവും സുരക്ഷിതത്വവും

1. എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ, ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ! ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി, കാരുണ്യപൂര്‍വം എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!

2. മാനവരേ, എത്രനാള്‍ നിങ്ങള്‍ എന്റെ അഭിമാനത്തിനു ക്ഷതമേല്‍പിക്കും? എത്രനാള്‍ നിങ്ങള്‍ പൊള്ളവാക്കുകളില്‍ രസിച്ചു വ്യാജം അന്വേഷിക്കും?

3. കര്‍ത്താവു നീതിമാന്‍മാരെ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളുവിന്‍; ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്നു കേള്‍ക്കുന്നു.

4. കോപിച്ചുകൊള്ളുക, എന്നാല്‍ പാപം ചെയ്യരുത്; നിങ്ങള്‍ കിടക്കയില്‍ വച്ചു ധ്യാനിച്ചു മൗനമായിരിക്കുക.

5. ഉചിതമായ ബലികള്‍ അര്‍പ്പിക്കുകയും കര്‍ത്താവില്‍ ആശ്രയിക്കുകയും ചെയ്യുവിന്‍.

6. ആര് നമുക്കു നന്‍മ ചെയ്യും? കര്‍ത്താവേ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേല്‍ പ്രകാശിപ്പിക്കണമേ എന്നു പലരും പറയാറുണ്ട്.

7. ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയില്‍ അവര്‍ക്കുണ്ടായതിലേറെ ആനന്ദം എന്റെ ഹൃദയത്തില്‍ അങ്ങു നിക്‌ഷേപിച്ചിരിക്കുന്നു.

8. ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും; എന്തെന്നാല്‍, കര്‍ത്താവേ, അങ്ങുതന്നെയാണ് എനിക്കു സുരക്ഷിതത്വം നല്‍കുന്നത്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.