വയോധികരും കൊച്ചുമക്കളും അടങ്ങുന്ന ആറായിരത്തോളം പേരുമായി കൂടിക്കാഴ്ച നടത്തി പാപ്പാ

നമ്മൾ കൂടുതൽ നല്ലവരും മനുഷ്യത്വമുള്ളവരുമായിത്തീരണമെങ്കിൽ ആരെയും ഒഴിവാക്കാതെ സ്‌നേഹത്തോടെ ഒരുമിച്ചുനിൽക്കണമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. 65 വയസ്സിനുമേൽ പ്രായമുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയായ ‘ഫൊന്താത്സിയോനെ എത്താ ഗ്രാന്തെ’ യുടെ (Fondazione Età Grande) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ആറായിരത്തോളം വയോധികരും കൊച്ചുമക്കളും ഉൾപ്പെടുന്ന സംഘത്തോട് സംസാരിക്കുകയായിരുന്നു പാപ്പാ.

എല്ലാ പ്രായത്തിലും സ്നേഹം നമ്മെ മികച്ചവരും സമ്പന്നരും ജ്ഞാനികളുമാക്കുന്നു എന്ന യാഥാർത്ഥ്യം വിചിന്തനവിഷയമാക്കിയ പാപ്പാ മുത്തശ്ശീമുത്തച്ഛന്മാരും അവരുടെ കൊച്ചുമക്കളും തമ്മിലുള്ള പരസ്പരസ്നേഹം അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി. എല്ലാ തലമുറകളെയും ഒന്നിപ്പിക്കുന്ന എന്നും യുവത്വമാർന്ന വിശ്വാസം പങ്കിടാനുള്ള ആഗ്രഹത്തോടെ ഒരു ‘മുത്തച്ഛൻ’ എന്ന നിലയിലാണ് താൻ ഇക്കാര്യങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നതെന്നും പാപ്പാ വെളിപ്പെടുത്തി.

നമ്മുടെ സമൂഹം പല കാര്യങ്ങളിലും വൈദഗ്ദ്ധ്യമുള്ളവരാൽ നിറഞ്ഞതും അറിവുകളാലും എല്ലാവർക്കും ഉപയോഗപ്രദവുമായ മാർഗ്ഗങ്ങളാലും സമ്പന്നവുമാണെന്ന വസ്തുത, സ്നേഹം നമ്മെ സമ്പന്നരാക്കുന്നു എന്ന കാര്യം വിശദീകരിക്കവെ, അനുസ്മരിച്ച പാപ്പാ പങ്കുവയ്ക്കപ്പെടാതിരിക്കുകയും എല്ലാവരും സ്വന്തംകാര്യം മാത്രം നോക്കുകയും ചെയ്യുകയാണെങ്കിൽ എല്ലാ സമ്പത്തും നഷ്ടപ്പെടും. അതിലുപരി, അത് മനുഷ്യരാശിയുടെ ദാരിദ്ര്യമായി പരിണമിക്കും എന്നു പ്രസ്താവിച്ചു. നമ്മുടെ ഈ കാലഘട്ടത്തിന് ഇത് വിഘടനത്തിൻറെയും സ്വാർത്ഥതയുടെയുമായ വലിയ വിപത്താണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

‘വൃദ്ധജനത്തിൻറെ ലോകം’, ‘യുവജന ലോകം’ എന്നിങ്ങനെയുള്ള വേർതിരിവിനെക്കുറിച്ച് പരാമർശിച്ച പാപ്പാ ലോകം ഒന്നേയുള്ളുവെന്നും അത് പരസ്പരം സഹായിക്കുന്നതിനും പരസ്പരപൂരകങ്ങളാകുന്നതിനും വേണ്ടിയുള്ള വിവിധങ്ങളായ യാഥാർത്ഥ്യങ്ങളാൽ, അതായത്, തലമുറകൾ, ജനതകൾ, വൈവിധ്യങ്ങൾ എന്നിവയാൽ രൂപീകൃതമാണെന്നും ഇവയെയെല്ലാം സംയോജിപ്പിക്കുകയാണെങ്കിൽ അവ വലിയൊരു വജ്രത്തിൻറെ പല മുഖങ്ങളായി മനുഷ്യൻറെയും സൃഷ്ടിയുടെയും അത്ഭുതകരമായ തേജസ്സ് വെളിപ്പെടുത്തുമെന്നും പറഞ്ഞു. ദൈവം നമുക്കു സമ്മാനിച്ച ഏറ്റം മനോഹര നിധിയായ സ്നേഹ രത്നം നാം തകർത്തുകളയരുതെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വലിച്ചെറിയൽ സംസ്കാരത്തിൻറെ അപകടത്തെക്കുറിച്ചും പരാമർശിച്ച പാപ്പാ ജീവിതാസ്തമയ ഘട്ടത്തിൽ പ്രായമായവർ തനിച്ചാക്കപ്പെടുന്ന അവസ്ഥയെക്കുറിച്ചു സൂചിപ്പിക്കുകയും ദിവസങ്ങൾ തനിച്ചു തള്ളിനീക്കേണ്ടിവരും എന്ന ഭയം കൂടാതെ എല്ലാവർക്കും ജീവിക്കാൻ പറ്റുന്ന ഒരു ലോകമാണ് മെച്ചപ്പെട്ടതെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.