ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരമെന്ന് വത്തിക്കാൻ

ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായും പാപ്പയുടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ലോബ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായും വത്തിക്കാൻ പുറത്തിറക്കിയ മെഡിക്കൽ ബുളറ്റിനിൽ അറിയിച്ചതായി റിപ്പോർട്ട് ചെയ്ത് ബിബിസി. 71 വയസ്സുള്ള മാർപാപ്പ ഒക്ടോബർ 13 നാണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്ക്കു വിധേയനായത്.

തുടർന്ന് നടത്തിയ പരിശോധനയിൽ പാപ്പയ്ക്ക് ലംഗ് അഡിനോകാർസിനോമ (lung adenocarcinoma) ആണെന്ന് സ്ഥിരീകരിച്ചു. “ശസ്ത്രക്രിയ വിജയകരമായിരുന്നു, യാതൊരുവിധ സങ്കീർണ്ണതകളും ഉണ്ടായിരുന്നില്ല. ശസ്ത്രക്രിയയ്ക്കു ശേഷം മാർപാപ്പ സാധാരണ നിലയിൽ ബോധം വീണ്ടെടുക്കുകയും, ചെറിയൊരു നിരീക്ഷണ സമയത്തിനു ശേഷം മുറിയിലേക്ക് മാറ്റുകയും ചെയ്തു,” വത്തിക്കാൻ വ്യക്തമാക്കി.

മാർപാപ്പ ഏകദേശം ഒരാഴ്ചയോളം ആശുപത്രിയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശസ്ത്രക്രിയയ്ക്കു മുന്നോടിയായി, വലിയൊരു ജനക്കൂട്ടം മാർപാപ്പയെ കാണുന്നതിനായി മണിക്കൂറുകളോളം ആശുപത്രിക്കു പുറത്ത് കാത്തുനിന്നിരുന്നു. പാപ്പ കടന്നുപോകുമ്പോൾ ജനങ്ങൾ ആശംസകളും പ്രാർഥനകളും ഉച്ചത്തിൽ അറിയിക്കുകയും മാർപാപ്പ കാറിലിരുന്ന് പുറത്ത് കൂടിനിന്നവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

അതേസമയം, ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കും അർബുദം പടർന്നിട്ടുണ്ടോ എന്നറിയാൻ കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്ന് വത്തിക്കാൻ വൃത്തങ്ങൾ എഎഫ്‌പി വാർത്താ ഏജൻസിയോട് വെളിപ്പെടുത്തിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ബാൽക്കണിയിൽ നിന്ന് ആഞ്ചലൂസ് പ്രാർഥനയ്ക്കു ശേഷം, ലെയോ പതിനാലാമൻ മാർപാപ്പ തന്നെയാണ് തന്റെ ശസ്ത്രക്രിയയുടെ വിവരം വിശ്വാസികളോട് പങ്കുവച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.