വിശുദ്ധ മദർ തെരേസ: കാരുണ്യത്തിന്റെ കുടവിരിച്ച മാലാഖ

സെപ്റ്റംബർ അഞ്ച്: വി. മദർ തെരേസയുടെ ഓർമദിനം

ദുരമൂത്ത മനുഷ്യന്‍ പെയ്യിക്കുന്ന ദുരിതങ്ങളുടെ പെരുമഴയത്ത് കാരുണ്യത്തിന്റെ കുടവിരിച്ചു മാലാഖമാര്‍ ചിലപ്പോള്‍ പറന്നിറങ്ങാറുണ്ട്. കെടുതിയുടെ നിലയില്ലാകയങ്ങളില്‍ സ്‌നേഹത്തിന്റെ ഒരു കൈസഹായവുമായി അവരെത്തും. രോഗവും പട്ടിണിയും കാരണം ജനങ്ങള്‍ ഈയാംപാറ്റകളെപ്പോലെ ചത്തൊടുങ്ങിയ ഭീകര ദിനങ്ങളിൽ കൊൽക്കൊത്ത തെരുവുകളിൽ ഒരു മാലാഖയിറങ്ങി. ആഗ്നസ് ഗോൻജെ ബോയാജ്യൂ എന്ന മദർ തെരേസ.

വിശക്കുന്നവരെയും ഭവനരഹിതരെയും അന്ധരെയും കുഷ്ഠരോഗികളെയും ഉടുതുണിക്കു മറുതുണിയില്ലാത്തവരെയും കുരുന്നുകളെയുമെല്ലാം സ്നേഹത്തിന്റെ കൈത്തലങ്ങളാൽ പരിചരിച്ച് ആശ്വസിപ്പിക്കുക എന്ന നിയോഗവുമായി ദൈവം ഭൂമിയിലേക്കയച്ച അമ്മ മാലാഖ. ഇന്ന് ആ മാലാഖയുടെ ഇരുപത്തിയാറാമത് ഓർമദിനമാണ്. മദർ എപ്പോഴും പറയാറുണ്ട്: “നമ്മുക്കെല്ലാവർക്കും വലിയകാര്യങ്ങൾ ചെയ്യാൻകഴിയില്ല, പക്ഷെ ചെറിയകാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യാൻ കഴിയും”.

ഒരു മകളെ അമ്മയെന്ന പോലെ, കല്‍ക്കത്തയെയും ആ മഹാനഗരത്തിന്റെ തെരുവുകളേയും തെരുവുജീവിതങ്ങളെയും അവരറിഞ്ഞു, സ്‌നേഹിച്ചു. ദരിദ്രരിൽ ദരിദ്രനെ, ചെറിയവരിൽ ചെറിയവനെ കൈകളിലെടുത്തപ്പോൾ ലാളിത്യംകൊണ്ടും സഹാനുഭൂതികൊണ്ടും സർവാശ്ലേഷിയായ സ്‌നേഹത്താൽ ലോകത്തെ വെല്ലുവിളിക്കുകയായിരുന്നു മദർ തെരേസയെന്ന വിശുദ്ധ.

‘മനോഹരമായത് എന്തെങ്കിലും ദൈവത്തിനുവേണ്ടി’ എന്നതായിരുന്നു തെരേസയുടെ ആപ്തവാക്യം. മനുഷ്യനെ അകാരണമായി വേദനിപ്പിക്കുന്നവയിൽ നിന്നും അവനുവേണ്ടത് സാന്ത്വനമാണെന്ന തിരിച്ചറിവില്‍നിന്നാണ് ആഗ്നസ് എന്ന അല്‍ബേനിയന്‍ കന്യാസ്ത്രി മദര്‍ തെരേസയായി പരിണമിച്ചത്. സഹനം ഹൃദയത്തില്‍ ഗര്‍ഭംധരിച്ച ഒരു വ്യക്തിക്കുമാത്രമേ സ്നേഹപ്രവൃത്തികള്‍ക്ക് ജന്മം നല്‍കാനാകൂ. എല്ലാവരെയും ഉള്‍ക്കൊള്ളാവുന്ന ഒരു മാതൃഹൃദയത്തിന്റെ വിജയമാണ് മദര്‍ തെരേസയുടെ ജീവിതം. ഇന്നത്തെ ആധുനിക സംസ്‌കാരത്തിൽ ദരിദ്രനെ മുറുകെ പിടിക്കുന്ന ശബ്ദമാണ് മദർ തെരേസയുടേത്.

മദര്‍ തെരേസ മനുഷ്യരെ മനുഷ്യരായി മാത്രം കണ്ടു. അവരില്‍ വിദേശിയും സ്വദേശിയുമില്ല, ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയുമില്ല, സ്ത്രീയും പുരുഷനുമില്ല, മനുഷ്യര്‍മാത്രം! വിശപ്പാണ്, നിസ്സഹായതയാണ് ലോകത്തിലെ ഏറ്റവും വലിയ യാഥാര്‍ത്ഥ്യമെന്നും ഭക്ഷണമാണ്, സ്‌നേഹമാണ് മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യമെന്നും ആ മഹതി തിരിച്ചറിഞ്ഞു. പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് പ്രത്യാശ നൽകുകയെന്ന ദൗത്യം തെരേസ ഏറ്റെടുത്തു. ജീവിതലാളിത്യവും സ്വയംസമർപ്പണവും മലകളെ മാറ്റാൻ തക്ക വിശ്വാസവും ദൈവികമായ ആത്മശക്തിയും അവരിലുണ്ടായിരുന്നു.

മരണസമയത്ത്, നമ്മള്‍ ചെയ്ത നല്ല പ്രവൃത്തികളോ നമ്മള്‍ ജീവിതകാലത്തു സമ്പാദിച്ച ഡോക്ടറേറ്റുകളോ ഒന്നുമായിരിക്കുകയില്ല പരിഗണിക്കുക, നമ്മുടെ പ്രവര്‍ത്തനങ്ങളിലെ സ്‌നേഹത്തിന്റെ അളവാണെന്ന് ആ സാധു കന്യാസ്ത്രീ വിശ്വസിച്ചു. ആര്‍ദ്രതയുടെ അരുവികള്‍ വറ്റുമ്പോള്‍ മദര്‍ തെരേസയെപ്പോലുള്ളവര്‍ പ്രതീക്ഷയുടെ മഴമേഘങ്ങളാകുന്നു. ആ മഴയില്‍ കിളിര്‍ക്കാത്ത തളിരുകളില്ല. അങ്ങനെയാണ് മാനവികതയുടെ സ്നേഹഗാഥ തുടരുന്നത്.

വ്രണങ്ങൾ മാന്തി, മലിനജലം മോന്തി അലഞ്ഞുനടന്ന ജനലക്ഷങ്ങൾക്ക് സംരക്ഷണം നൽകിയ തപസ്വിനി, വഴിവക്കിലുപേക്ഷിക്കപ്പെട്ട ആയിരക്കണക്കിനു പിഞ്ചുപൈതങ്ങളെ കോരിയെടുത്ത് ഊട്ടി വളർത്തിയ സന്യാസിനി, വേദനിക്കുന്ന പാവങ്ങളുടെ മുഖങ്ങളിൽ ഈശ്വരനെ ദർശിച്ച ദൈവദാസി. അഗതികളുടെ മാതാവ്, ആയിരങ്ങളുടെ അമ്മ, ആയിരം പ്രസംഗങ്ങൾ കൊണ്ടു പഠിപ്പിക്കുവാൻ കഴിയാത്ത കാര്യങ്ങൾ പ്രവൃത്തികൾകൊണ്ടു പഠിപ്പിച്ച് സ്നേഹത്തിന്റെ അർത്ഥവും വ്യാപ്തിയും ലോകത്തിനു തുറന്നു കാട്ടിക്കൊടുത്ത പുണ്യവതി. ആയിരം പ്രസംഗങ്ങൾ കൊണ്ടു പഠിപ്പിക്കുവാൻ കഴിയാത്ത കാര്യങ്ങൾ പ്രവൃത്തികൾ കൊണ്ടു പഠിപ്പിച്ച് സ്നേഹത്തിന്റെ അർത്ഥവും വ്യാപ്തിയും ലോകത്തിനു തുറന്നു കാട്ടിക്കൊടുത്ത വിശുദ്ധ. മദർ തെരേസക്ക് വിശേഷണങ്ങൾ നിരവധിയാണ്.

ആത്മാവിന്റെ അഗ്നിയിൽ ജ്വലിച്ച മദർ തെരേസയുടെ പരസ്‌നേഹ പ്രവർത്തനങ്ങളുടെ പ്രഭ മങ്ങാതെ മനുഷ്യചരിത്രമുള്ളിടത്തോളം കാലം നിലനിൽക്കും. ഇന്നത്തെ സെലിബ്രിറ്റി സംസ്‌കാരത്തിൽ സന്തോഷങ്ങളെല്ലാം പ്രാകൃതത്തിലേക്കും ആഭാസത്തിലേക്കും വഴിമാറുമ്പോൾ, മദർ തെരേസയുടെ ലളിതജീവിതം, സമൂഹത്തിന്റെ വെളിമ്പറമ്പുകളിലേക്ക് എറിയപ്പെട്ട മനുഷ്യരോടൊപ്പമുള്ള നിഷ്‌കപടമായ ജീവിതം തികച്ചും ദൈവികമാണ്. കൂടുതൽ പരിഷ്‌ക്കാരിയാകാൻ എങ്ങനെ നഗ്നരാകണമെന്ന് തല പുകയ്ക്കുന്ന ലോകത്താണ് മദർ യഥാർത്ഥ നഗ്നരെ പരസ്‌നേഹമാകുന്ന വസ്ത്രം ഉടുപ്പിച്ചത്.

മദർ തെരേസയുടെ കാഴ്ചപ്പാടുകൾ എപ്പോഴും ജീവന്റെ മഹത്വം കേന്ദ്രീകരിച്ചായിരുന്നു. അബോർഷൻ ഏറ്റവും വലിയ തിന്മയെന്ന് അമ്മ പഠിപ്പിച്ചിരുന്നു. സമാധാനത്തിന്റെ ഏറ്റവും ശക്തനായ ശത്രു ഭ്രൂണഹത്യയാണ്. ദൈവസ്‌നേഹത്തിൽ സൃഷ്ടിക്കപ്പെടുന്ന മനുഷ്യജീവന്റെ സൗന്ദര്യം ഒരു കുഞ്ഞിനെ കാണുമ്പോഴാണെന്ന് നാം തിരിച്ചറിയണം.

മദർ തെരേസ പ്രഖ്യാപിക്കുന്ന സന്ദേശം ദരിദ്രരും സ്‌നേഹിക്കപ്പെടണം എന്നതാണ്. യഥാർത്ഥ ദാരിദ്ര്യത്തിന്റെ വേരറക്കുന്നത് പണംകൊണ്ടല്ല; സ്‌നേഹംകൊണ്ടാണ്. ഒരു മനുഷ്യനെ തകർക്കുന്ന ഏറ്റവും വലിയ രോഗമേതാണ്? സ്‌നേഹിക്കാൻ ആരുമില്ലായെന്ന തോന്നലാണ്. ഹൃദയം നിറയെ സ്‌നേഹമില്ലാതെ, ഔദാര്യമുള്ള കൈകളില്ലാതെ ഏകാന്തതയിൽ സഹിച്ചുകൂട്ടുന്ന മനുഷ്യനെ സുഖപ്പെടുത്തുക അസാധ്യമാണെന്ന് മദർ പറയുന്നു.

ടോണി ചിറ്റിലപ്പിള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.