കുട്ടികളിൽ, കുടുംബത്തോടുള്ള സ്നേഹം മെച്ചപ്പെടുത്താൻ ചില മാർഗ്ഗങ്ങൾ

ഓരോ കുടുംബത്തിനും ഒരു ആത്മാവുണ്ട്. കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പര സ്നേഹമാണ് ആ ആത്മാവ്. കുടുംബത്തിൽ പരസ്പര സ്നേഹമുണ്ടാവണമെങ്കിൽ കുടുംബാംഗങ്ങൾ തമ്മിൽ ഐക്യമുണ്ടാവണം. കുടുംബ ഐക്യം പൂർണ്ണമായി പൂവണിയുന്നത്, തന്നിലേക്ക് തന്നെ പിന്മാറുന്നതിലല്ല, മറിച്ച് മറ്റുള്ളവരോട് തുറന്ന് സംസാരിക്കുന്നതിലൂടെയാണ്. ദൃഢമായ സ്നേഹബന്ധമുള്ള ഒരു കുടുംബം രൂപപ്പെടാൻ സഹായിക്കുന്ന ചില വഴികളിതാ.

1. ആരോഗ്യകരമായ ഒരു കുടുംബാന്തരീക്ഷം നിലനിർത്തുക

കുടുംബത്തിലെ ഓരോ അംഗവും മനോഹരമായ കുടുംബാന്തരീക്ഷത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ഒരാളെങ്കിലും കുടുംബത്തിൽനിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിൽ, യഥാർത്ഥ കുടുംബ ഐക്യം ഉണ്ടാകില്ല. അതിനാൽ വ്യക്തികൾ തമ്മിലുള്ള വ്യത്യാസങ്ങൾക്കും സ്വഭാവ വൈരുദ്ധ്യങ്ങൾക്കും അപ്പുറം ഏകകണ്ഠമായ ഐക്യദാർഢ്യം കുടുംബത്തിലുണ്ടാവണം.

കുട്ടികൾ അവരുടെ കുടുംബത്തോടൊപ്പം താമസിക്കുമ്പോൾ അവർക്ക് സന്തോഷം തോന്നുന്നുവെങ്കിൽ, ഈ കുടുംബ മനോഭാവം വളർത്തിയെടുക്കാൻ കുട്ടികൾ സ്വാഭാവികമായും സംഭാവന ചെയ്യും. ഇതിനർത്ഥം അവർക്ക് അവരുടെ ശരിയായ സ്ഥാനം ഉണ്ടെന്ന് ഉറപ്പാക്കുകയും സഹോദരങ്ങൾക്കിടയിൽ അസൂയ ഉളവാക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. മാതാപിതാക്കൾ കുട്ടികളെ ഒരിക്കലും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തരുത് അതോടൊപ്പം താരതമ്യപ്പെടുത്താൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയുമരുത്.

ഓരോരുത്തർക്കും വ്യത്യസ്ത ശക്തികളും ബലഹീനതകളും ഉണ്ടെന്നും ഈ വ്യത്യാസങ്ങൾ പരസ്പര പൂരകങ്ങളാണെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം. പരസ്പരം പോസിറ്റീവ് ഗുണങ്ങൾ കണ്ടെത്താനും അവരുടെ സഹോദരങ്ങളെ സഹായിക്കാൻ സ്വന്തം കഴിവുകൾ ഉപയോഗിക്കാനും അവരെ പ്രോത്സാഹിപ്പിക്കണം. മറ്റുള്ളവരെ സ്വമേധയാ സേവിക്കുന്നതിൽ നിന്ന് ലഭിക്കുന്ന സന്തോഷം അനുഭവിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും വേണം.

2. എല്ലാവരെയും കേൾക്കുക

കുടുംബത്തിലെ ഓരോ അംഗത്തോടും ശ്രദ്ധാലുവായിരിക്കുക എന്നത് വീട്ടിലെ ഓരോ അംഗത്തിന്റെയും സന്തോഷവും ക്ഷേമവും വളർത്തുന്നതിനുള്ള താക്കോലുകളിൽ ഒന്നാണ്. ഇതിനുള്ള സമയവും ഊർജവും നമ്മൾ കണ്ടെത്തണം. ഏറ്റവും ചെറിയ കുട്ടികളുമായും കൗമാരക്കാരുമായും ആശയവിനിമയം നടത്തണം.

കുടുംബത്തെ ശക്തിപ്പെടുത്തുന്നതിന്, കുടുംബാംഗങ്ങൾ തമ്മിൽ ഇടയ്ക്ക് ഒരുമിച്ചുകൂടി ചില കാര്യങ്ങൾ തുറന്നു സംസാരിക്കണം. എല്ലാവരുടെയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ആഗ്രഹങ്ങളും ആശയങ്ങളും തുറന്നു പറയണം. ഈ പരിശീലനത്തിന്റെ പ്രയോജനമെന്നു പറയുന്നത് എല്ലാവർക്കും, ഏറ്റവും ലജ്ജാശീലരായ ആളുകൾക്ക് പോലും, മറ്റുള്ളവർ ശ്രദ്ധിക്കേണ്ട സമയത്ത് സ്വയം പ്രകടിപ്പിക്കാൻ കഴിയും എന്നതാണ്.

3. ഒരു പൊതുകാര്യത്തിൽ കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് പങ്കെടുക്കുക

കുടുംബത്തിന്റെ ഒരു പൊതു കാര്യത്തിൽ കുട്ടികളെ കൂടി ഉൾപ്പെടുത്തുന്നത് മനോഹരമായ ഒരു കുടുംബാന്തരീക്ഷം പകരുന്നതിനും, ശക്തവും ശാശ്വതവുമായ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരു നല്ല മാർഗമാണ്. ഒരു പൊതു ലക്ഷ്യം, താൽപ്പര്യം, ഒരു പൊതു അഭിനിവേശം – ഇവയെല്ലാം ദൃഢമായ ബന്ധങ്ങളെ അടിസ്ഥാനമാക്കി കുടുംബം നിർമ്മിക്കാനുള്ള അവസരങ്ങളാണ്.

കുടുംബാംഗങ്ങൾ ഒന്നിച്ച് ഒരു സ്ഥലത്തേക്ക് യാത്ര നടത്തുന്നതും ഒരുമിച്ച് എല്ലാവർക്കും ഇഷ്ടപെട്ട ഒരു ഭക്ഷണം ആസ്വദിക്കുന്നതും അവർ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടാൻ സഹായിക്കുന്നു. അതോടൊപ്പം കുടുംബത്തിന്റെ ഐക്യം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും ഇത് സഹായകമാണ്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.