ഒരു നല്ല സോഷ്യൽ മീഡിയ ഉപയോക്താവാകാൻ പത്ത് മാർഗ്ഗങ്ങൾ

വാക്കുകൾ മൂർച്ചയേറിയ ഒരു ആയുധമാണ്. വാക്കുകളുടെ നിഷേധാത്മകമായ ഉപയോഗം-അധിക്ഷേപങ്ങളും അന്യായമായ വിമർശനങ്ങളും ഉൾപ്പെടെ- സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഇന്ന് ധാരാളമാണ്. വാക്കുകളുടെ പ്രയോഗത്തിൽ ഒരു പോസിറ്റീവ് ശൈലി വളർത്തിയെടുക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. അതിനു സഹായിക്കുന്ന പത്ത് മാർഗ്ഗങ്ങൾ ചുവടെ ചേർക്കുന്നു…

1. വെർച്വൽ ലോകം യാഥാർഥ്യമാണ്

നമുക്ക് നേരിട്ട് പറയാൻ ധൈര്യമുള്ള കാര്യങ്ങൾ മാത്രം സോഷ്യൽ മീഡിയയിൽ പറയുകയും എഴുതുകയും ചെയ്യുക. കാരണം അത് ധാരാളം ആളുകളിലേക്ക് എത്തുന്നതാണ്. നേരിട്ട് കാണുന്നില്ലെങ്കിലും ധാരാളം ആളുകളുടെ ഒരു ലോകം തന്നെയാണ് വെർച്വൽ ലോകം.

2. നാം ആശയവിനിമയം നടത്തുന്ന വാക്കുകൾ നമ്മെക്കുറിച്ച് സംസാരിക്കുന്നു

നമ്മൾ തിരഞ്ഞെടുക്കുന്ന വാക്കുകൾ, ചിത്രങ്ങൾ എന്നിവയൊക്കെ നാം എങ്ങനെയുള്ള ആളാണെന്ന് പ്രതിഫലിപ്പിക്കുന്നു. അവ നമ്മുടെ വ്യക്തിത്വത്തെ തന്നെയാണ് അത് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് ഉപയോഗിക്കുന്ന ഭാഷയിൽ, വാക്കുകളിൽ എപ്പോഴും ശ്രദ്ധിക്കുക.

3. വാക്കുകൾ ചിന്തയെ രൂപപ്പെടുത്തുന്നു

ആവശ്യത്തിന് സമയമെടുത്ത് നമ്മുടെ ചിന്തകൾ കഴിയുന്നത്ര മികച്ച രീതിയിൽ പ്രകടിപ്പിക്കുക.

4. സംസാരിക്കുന്നതിനു മുമ്പ് കേൾക്കണം

ആരും എപ്പോഴും ശരിയല്ല. നമ്മൾ പോലും അല്ല എന്ന ചിന്തയോടെ സത്യസന്ധമായും തുറന്ന മനസ്സോടെയും കേൾക്കുക. കേൾക്കുന്ന കാര്യങ്ങളെക്കുറിച്ചും ഒന്ന് വിചിന്തനം ചെയ്തതിനു ശേഷം മാത്രം സംസാരിക്കുക.

5. വാക്കുകൾ ഒരു പാലമാണ്

മറ്റുള്ളവരെ മനസിലാക്കാനും സ്വയം മനസിലാക്കാനും മറ്റുള്ളവരുമായി അടുക്കാനുമായി വാക്കുകൾ തിരഞ്ഞെടുക്കുക. വാക്കുകൾ ആരെയും മുറിപ്പെടുത്തുന്നതോ, വില കുറച്ചു കാണുന്നതോ ആകരുത്.

6. വാക്കുകൾക്ക് അനന്തരഫലങ്ങളുണ്ട്

നമ്മുടെ ഓരോ വാക്കുകൾക്കും വലുതോ ചെറുതോ ആയ അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് തിരിച്ചറിയുക. അതുകൊണ്ട് വാക്കുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക.

7. ഷെയർ ചെയ്യുക എന്നത് ഒരു ഉത്തരവാദിത്വമാണ്

നമ്മൾ സോഷ്യൽ മീഡിയയിൽ ടെക്‌സ്‌റ്റുകളും ചിത്രങ്ങളും വായിക്കുകയും വിലയിരുത്തുകയും മനസ്സിലാക്കുകയും ചെയ്‌തതിനു ശേഷം മാത്രം അവ ഷെയർ ചെയ്യുക.

8. ആശയങ്ങൾ ചർച്ച ചെയ്യുക

ആളുകളെ ബഹുമാനിക്കുക. നമ്മൾ പങ്കുവയ്ക്കാത്ത അല്ലെങ്കിൽ യോജിക്കാത്ത ആശയങ്ങളുള്ള ഒരാളെ ശത്രുവായി കാണുകയോ, അംഗീകരിക്കാതിരിക്കുകയോ ചെയ്യരുത്.

9. അപമാനങ്ങൾ ഒരിക്കലും വാദങ്ങളല്ല

സ്വന്തം നിലപാടുകൾ വ്യക്തമാക്കാനാണെങ്കിൽ പോലും ഒരിക്കലും അപമാനമോ, ആക്രമണോത്സുകതയോ കലർന്ന വാക്കുകൾ ഉപയോഗിക്കരുത്. നമ്മളുടെ നിലപാടുകൾ മറ്റുള്ളവരെ അടിച്ചേൽപിക്കാൻ ശ്രമിക്കരുത്.

10. നിശബ്ദത ആശയവിനിമയത്തിന്റെ ഒരു രൂപമാണ്

ഒന്നിനോടും പ്രതികരിക്കാതിരിക്കുന്നതും നിശബ്ദത പാലിക്കുന്നതും ചില അവസരങ്ങളിൽ ഉചിതമാണ്. എല്ലായിടത്തും അഭിപ്രായങ്ങൾ പറയേണ്ടതില്ല. സാഹചര്യങ്ങൾ മനസ്സിലാക്കി മാത്രം വാക്കുകൾ ഉപയോഗിക്കുക.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.