
ദൈവകരുണയെക്കുറിച്ച് വെളിപ്പെടുത്തലുകൾ ലഭിച്ച വിശുദ്ധയാണ് പോളണ്ടിലെ സന്യാസിനിയായ വി. ഫൗസ്റ്റീനാ കൊവാൽസ്ക. 1930 -കളിൽ പോളണ്ടിൽ ജീവിച്ചിരുന്ന ഈ വിശുദ്ധയ്ക്ക് ക്രിസ്തുവിൽനിന്ന് ധാരാളം സ്വകാര്യ വെളിപ്പെടുത്തലുകൾ ലഭിക്കുമായിരുന്നു. ഈ വെളിപ്പെടുത്തലുകളെല്ലാംതന്നെ ദൈവകരുണയെക്കുറിച്ചായിരുന്നു. തുടർന്ന് വി. ജോൺ പോൾ രണ്ടാമൻ പാപ്പാ ഈസ്റ്റർ കഴിഞ്ഞുവരുന്ന ഞായറാഴ്ച ദൈവകരുണയുടെ ഞായറാഴ്ചയായി പ്രഖ്യാപിച്ചു.
1936-ഡിസംബർ ആറ്, വി. ഫൗസ്റ്റീനാ റഷ്യയ്ക്കുവേണ്ടി സമർപ്പിച്ച ദിവസമായിരുന്നു. അതേക്കുറിച്ച്, വി. ഫൗസ്റ്റീനാ ഡയറിയിൽ കുറിച്ചിരിക്കുന്നത് ഇപ്രകാരമാണ്: “റഷ്യയ്ക്കുവേണ്ടി ഞാൻ ഈ ദിവസം സമർപ്പിക്കുകയാണ്. ആ രാജ്യത്തിനുവേണ്ടി എന്റെ എല്ലാ സഹനങ്ങളും പ്രാർഥനകളും ഞാൻ സമർപ്പിക്കുന്നു. പരിശുദ്ധ കുർബാനയ്ക്കുശേഷം യേശു എന്നോട് ഇപ്രകാരം പറഞ്ഞു: ‘എനിക്ക് ഈ രാജ്യത്തോട് ഇനിയും ക്ഷമിക്കാൻ സാധിക്കില്ല. മകളേ, അവരെ ശിക്ഷിക്കുന്നതിൽനിന്ന് എന്റെ കൈകളെ നീ തടയരുത്.’ ദൈവത്തിന് പ്രീതികരമായ ആത്മാക്കളുടെ പ്രാർഥന ഇല്ലായിരുന്നുവെങ്കിൽ ആ ജനതമുഴുവൻ ഇതിനകം നശിപ്പിക്കപ്പെട്ടേനെ എന്നു ഞാൻ മനസ്സിലാക്കുന്നു. ഓ, ദൈവത്തെ തന്റെ രാജ്യത്തിൽനിന്നു പുറത്താക്കിയ ആ ജനതയ്ക്കുവേണ്ടി ഞാൻ എത്ര സഹിക്കുന്നു.” 1936-ഡിസംബർ അഞ്ചിന് സോവിയറ്റ് യൂണിയന്റെ ഭരണഘടനയിൽ ജോസഫ് സ്റ്റാലിൻ ഒപ്പുവച്ചതിന് അടുത്ത ദിവസമാണ് വി. ഫൗസ്റ്റീനാ, ഡയറിയിൽ റഷ്യയെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്.
ദൈവകരുണ എല്ലാറ്റിനുംമീതെ എപ്പോഴും വിജയിക്കുന്നു. ദൈവത്തെ പ്രസാദിപ്പിക്കുന്ന ആത്മാക്കളുടെ പ്രാർഥനകൾ ഏത് യുദ്ധത്തെ തടയാനും ഹൃദയങ്ങളെ പരിവർത്തനം ചെയ്യാനും സഹായിക്കുമെന്ന് മേല്പറഞ്ഞ സംഭവത്തിലൂടെ വ്യക്തമാണ്. നമുക്കെല്ലാവർക്കും വി. ഫൗസ്റ്റിനായോടു ചേർന്ന് ‘ദൈവമേ ഞാൻ അങ്ങിൽ ശരണപ്പെടുന്നു’ എന്ന് പ്രാർഥിക്കാം.




