എത്യോപ്യയിൽ പട്ടിണി രൂക്ഷം: കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനായി ആഗോള ചാരിറ്റി കത്തോലിക്കാ സന്യാസിനിമാരുമായി കൈകോർക്കുന്നു

എത്യോപ്യയിൽ പട്ടിണി രൂക്ഷമാകുന്ന സാഹചര്യത്തിൽ വിശന്നുവലയുന്ന കുട്ടികൾക്ക് ഭക്ഷണം എത്തിക്കുന്നതിനായി കത്തോലിക്കാ സന്യാസിനിമാരുമായി കൈകോർത്തു പ്രവർത്തിക്കുകയാണ് ആഗോള സ്കൂൾ-ഫീഡിംഗ് ചാരിറ്റിയായ മേരിസ് മീൽസ്. മേരിസ് മീൽസിന്റെ സ്ഥാപകനും സി.ഇ.ഒയും ആയ മാക്‌ഫർലെയ്ൻ-ബാരോ കഴിഞ്ഞ മാസം വടക്കൻ എത്യോപ്യ സന്ദർശിച്ചപ്പോൾ കണ്ട കാഴ്ചകൾ ഏറെ വേദനിപ്പിക്കുന്നതായിരുന്നു. ഈ സാഹചര്യത്തിലാണ് ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയുമായി കൈകോർത്തു പ്രവർത്തിക്കുവാൻ അദ്ദേഹം ആരംഭിച്ചത്.

എത്യോപ്യൻ ഫെഡറൽ ഗവൺമെൻ്റും എറിത്രിയയും ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടും (ടി.പി.എൽ.എഫ്) തമ്മിലുള്ള രണ്ടുവർഷത്തെ ക്രൂരമായ യുദ്ധത്തിൽ ഈ മേഖലയിലേക്കുള്ള അതിർത്തികൾ അടച്ചപ്പോഴും സിസ്റ്റർ മെദിൻ ടെസ്ഫെയുടെ നേതൃത്വത്തിലുള്ള ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സന്യാസിനിമാർ ഈ മേഖലയിൽ സേവനം തുടർന്നു. സംഘട്ടനസമയത്ത് ഈ സന്യാസിനിമാർ മാത്രമാണ് ഇവിടെ സഹായമായി നിലകൊണ്ടത്.

“നിലവിലുള്ള സംഘർഷം, പതിവ് ആശയവിനിമയ തടസ്സങ്ങൾ, ബാങ്കിംഗ് സേവനങ്ങളുടെ തടസം, വിതരണ റൂട്ടുകൾ അടച്ചുപൂട്ടൽ എന്നിവ മൂലം നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ പങ്കാളി സഹപ്രവർത്തകർ അതിശയകരമാംവിധം അർപ്പണബോധമുള്ളവരാണെന്ന് മാത്രമല്ല, വളരെ വിഭവസമൃദ്ധവുമാണ്. അതിനാൽ ഈ സന്യാസിനിമാരോട് ഞങ്ങൾ നന്ദി പറയുന്നു. ഇവർ മൂലമാണ് ആവശ്യക്കാരായ ജനങ്ങളിലേയ്ക്ക് എത്തുവാൻ ഞങ്ങൾക്ക് കഴിഞ്ഞത്” – സംഘടനയുടെ സ്ഥാപകനായ മാക്‌ഫർലെയ്ൻ-ബാരോ വെളിപ്പെടുത്തി.

1970-കളുടെ തുടക്കം മുതൽ ടിഗ്രേയിലെ ദുർബലരായ ആളുകളെ ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സന്യാസ സമൂഹം പിന്തുണച്ചു വരുന്നു. സിസ്റ്റർ മെദിൻ താമസിക്കുന്നതും സേവനമനുഷ്ഠിക്കുന്നതുമായ സമൂഹത്തിന്റെ ആദ്യത്തെ ഭവനം 1973-ൽ സ്ഥാപിതമായി. ഇന്ന് എത്യോപ്യയിൽ 65 ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സന്യാസികൾ ഉണ്ട്. ഇതിൽ 15 പേർ ടിഗ്രേയിലാണ് സേവനം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.