
അന്താരാഷ്ട്ര തലത്തിൽ വർധിച്ചുവരുന്ന സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ. ഇറാനുമായും ഗാസയുമായും നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കേണ്ടത് രാജ്യങ്ങളുടെയും ആഗോള സമൂഹത്തിന്റെയും നന്മയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. റോമിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കർദിനാൾ പരോളിൻ.
ഉക്രൈൻ -റഷ്യ യുദ്ധത്തിൽ സമാധാനപരമായ ഒരു പരിഹാരം ഇപ്പോഴും അകലെയാണെന്ന് സമ്മതിക്കുമ്പോഴും, അനുരഞ്ജനത്തിനും സമാധാനത്തിനും വേണ്ടിയുള്ള വത്തിക്കാന്റെയും കത്തോലിക്കാ സഭയുടെയും ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രങ്ങൾ തമ്മിലുള്ള ഭിന്നതകളും ശത്രുതയും ഇല്ലാതാക്കാൻ അനുരഞ്ജനത്തിന്റെയും നയതന്ത്രത്തിന്റെയും സന്ദേശം നൽകുക എന്നതാണ് സഭയുടെ കടമ. ശക്തി പ്രകടനങ്ങളിലൂടെയും ആയുധങ്ങളിലൂടെയും സ്ഥിരത കൈവരിക്കാനാകില്ലെന്നും, മറിച്ച് തുറന്ന സംഭാഷണത്തിലൂടെ മാത്രമേ ശാശ്വത സമാധാനം സാധ്യമാകൂ എന്നും കർദിനാൾ പരോളിൻ കൂട്ടിച്ചേർത്തു.




