പൗരോഹിത്യത്തിന്റെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കി കർദ്ദിനാൾ സാറാ 

“ഞാൻ ശാന്തനാണ്. കാരണം, പരിശുദ്ധ പിതാവിനോട് ഞാൻ അങ്ങേയറ്റം വിശ്വസ്തത പുലർത്തുവാൻ ശ്രമിച്ചിരുന്നു” – തന്റെ പൗരോഹിത്യത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് കർദ്ദിനാൾ റോബർട്ട് സാറ വ്യക്തമാക്കി. ജൂലൈ 20-നാണ് കർദ്ദിനാൾ, തന്റെ പൗരോഹിത്യത്തിന്റെ അമ്പത് വർഷങ്ങൾ  പൂർത്തിയാക്കുന്നത്.

“ഞാൻ ഒരു കൊച്ചുകുട്ടിയായിരിക്കുമ്പോൾ, ചാപ്പലിലായിരിക്കുന്ന മിഷനറിമാരെ കണ്ട് ഞാൻ സ്വയം ചോദിച്ചു: ‘ഈ ആളുകൾ നിശബ്ദതയിലും ഇരുട്ടിലും എന്താണ് ചെയ്യുന്നത്..?’ എന്ന്. അവർ അവിടെ കാണുന്ന വ്യക്തിയെ കാണുവാൻ എനിക്കും ആഗ്രഹമായിരുന്നു. അവരോട് തിരക്കിയപ്പോൾ അവർ ചോദിച്ചു: ‘സെമിനാരിയിൽ വരുവാൻ ആഗ്രഹം ഉണ്ടോ’ എന്ന്. ‘അവിടെ എത്തിയാൽ നിങ്ങളെപ്പോലെ ആകാൻ കഴിയുമോ’ എന്നുചോദിച്ചപ്പോൾ ‘പറ്റും’ എന്ന് ആ സന്യാസിമാർ ഉത്തരം നൽകി. ശരിക്കും ചാപ്പലിൽ, ദിവ്യകാരുണ്യനാഥന്റെ മുന്നിലായിരുന്ന ആ മിഷനറിമാരാണ് ദൈവവിളിയുടെ വിത്തുകൾ എന്നിൽ പാകിയത്” – പൗരോഹിത്യത്തിലേയ്ക്ക് താൻ എത്തിച്ചേർന്ന വഴികളെക്കുറിച്ച് കർദ്ദിനാൾ സാറ വെളിപ്പെടുത്തി.

അന്ന് ആ മിഷനറിമാർ ഞങ്ങളുടെ നാട്ടിൽ വന്നത് ഒന്നും നേടിയെടുക്കാനായിരുന്നില്ല. മറിച്ച്, ക്രിസ്തുവിനെപ്പോലെ ഞങ്ങളെ സേവിക്കാനായിരുന്നു. അവൻ വന്നത് നേട്ടത്തിനു വേണ്ടിയല്ല. മറിച്ച്, അവരുടെ  ജീവൻ നൽകി ക്രിസ്തുവിനായി ഞങ്ങളെ നേടിയെടുക്കാനായിരുന്നു.  അതിനാൽ, എന്നെ സംബന്ധിച്ചിടത്തോളം ഒരു പുരോഹിതനാകുക എന്നത് ഈ മിഷനറിമാർ പകർന്നുതന്ന ക്രിസ്തുവിനെ അനുകരിക്കുക എന്നതായിരുന്നു – കർദ്ദിനാൾ സാറാ ചൂണ്ടിക്കാട്ടി.

സഭയിൽ നിർണ്ണായകമായ സാഹചര്യങ്ങളിൽ ശക്തമായ പ്രബോധനങ്ങൾ നൽകിയ വ്യക്തിയാണ് കർദ്ദിനാൾ സാറാ. വിവിധ പാപ്പാമോരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം, തന്റെ പൗരോഹിത്യത്തിന്റെ അൻപതാം വാർഷികത്തിൽ താൻ സന്തുഷ്ടനാണെന്നും കാരണം, പരിശുദ്ധ പിതാവിനോട് അങ്ങേയറ്റം വിശ്വസ്തതയോടെ പ്രവർത്തിക്കുവാനാണ് ശ്രമിച്ചതെന്നും വ്യക്തമാക്കി.