‘പാപ്പായുടെ വാക്കുകള്‍ സ്പര്‍ശിച്ചു, അദ്ദേഹത്തിന്റെ തീരുമാനം അംഗീകരിക്കുന്നു’: കര്‍ദ്ദിനാള്‍ മാര്‍ക്‌സ്

ജര്‍മ്മനിയിലെ സഭയെ പിടിച്ചുകുലുക്കിയ ലൈംഗികവിവാദങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സംഭവിച്ച വ്യക്തിപരമായ പരാജയവും ഭരണപരമായ പിഴവുകളും ഏറ്റുപറഞ്ഞ് ഫ്രാന്‍സിസ് പാപ്പായ്ക്ക് താന്‍ സമര്‍പ്പിച്ച രാജിക്കത്ത് നിരസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ തന്നെ സ്പര്‍ശിച്ചുവെന്നും പാപ്പായുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും മ്യൂണിക് ആന്‍ഡ് ഫ്രീസിംഗ് അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റെയ്ന്‍ഹാര്‍ഡ് മാര്‍ക്‌സ് പ്രതികരിച്ചു.

രാജി നിരസിച്ചുകൊണ്ടുള്ള പാപ്പായുടെ സന്ദേശം ലഭിച്ചുകഴിഞ്ഞാണ് കര്‍ദ്ദിനാള്‍ മാര്‍ക്‌സ് പ്രതികരണം നടത്തിയത്. “ഇനി മാറ്റത്തിനുള്ള സമയമാണ്. അനുസരണയുടെ ചൈതന്യത്തില്‍ പരിശുദ്ധ പിതാവിന്റെ തീരുമാനത്തെ ഞാന്‍ സ്വീകരിക്കുന്നു. പാപ്പായുടെ ഭാഗത്തുനിന്ന് ഇത്ര വേഗം ഒരു മറുപടിയോ തീരുമാനമോ പ്രതീക്ഷിച്ചിരുന്നില്ല. നിലവിലെ സ്ഥാനത്ത് തുടരണമെന്നുള്ള അദ്ദേഹത്തിന്റെ അറിയിപ്പും ഞെട്ടിച്ചു. സഹോദരസ്‌നേഹത്തോടെയുള്ള പിതാവിന്റെ വാക്കുകള്‍ എന്നെ ഏറെ സ്പര്‍ശിച്ചു. സഭയുടെ പുനരുദ്ധാരണത്തിനായി കൂടുതലായി സംഭാവനകള്‍ നല്‍കാനുള്ള പരിശ്രമങ്ങളില്‍ ഏര്‍പ്പെടും. പല മാറ്റങ്ങളും സഭയില്‍ സംഭവിക്കേണ്ടിയിരിക്കുന്നു. വീണ്ടും വീഴ്ചകള്‍ ഉണ്ടാകാതിരിക്കട്ടെ” – കര്‍ദ്ദിനാള്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് കര്‍ദ്ദിനാള്‍ മാര്‍ക്‌സ് പാപ്പായ്ക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. എന്നാല്‍ അദ്ദേഹത്തോട് സ്ഥാനത്തു തന്നെ തുടരണമെന്ന് പാപ്പാ കത്തിലൂടെ അറിയിച്ചു. സഭാസംവിധാനത്തില്‍ പുതിയ പരിഷ്‌കരണങ്ങളാണ് ആവശ്യമെന്നും പ്രതിസന്ധികളുടെ ഉത്തരവാദിത്വം സഭ ഒന്നുചേര്‍ന്ന് ഏറ്റെടുക്കണമെന്നുമാണ് പാപ്പാ കര്‍ദ്ദിനാള്‍ മാര്‍ക്‌സിനോട് ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ധീരമായ തീരുമാനത്തെ പാപ്പാ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.