മ്യാന്മറിൽ യുദ്ധം ശക്തമാക്കരുതെന്ന് അഭ്യർത്ഥിച്ച് കർദ്ദിനാൾ ബോ

സൈനിക ആക്രമണത്തെ തുടർന്ന് മ്യാന്മറിൽ യുദ്ധം ശക്തമാക്കരുതെന്ന് അഭ്യർത്ഥിച്ച് മ്യാന്മർ ബിഷപ്പ്സ് കോൺഫറൻസിന്റെയും ബിഷപ്പുമാരുടെ ഫെഡറേഷൻ ഓഫ് ഏഷ്യൻ സമ്മേളനത്തിന്റെയും പ്രസിഡന്റ് കർദ്ദിനാൾ ചാൾസ് മൗങ് ബോ. കഴിഞ്ഞ ദിവസം സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു ദൈവാലയം തകരുകയും നാലു പേർ മരിക്കുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് കർദ്ദിനാളിന്റെ അഭ്യർത്ഥന.

“ഇത് അവസാനിക്കണം. യുദ്ധം ശക്തമാക്കാതിരിക്കാൻ ദയ കാണിക്കണമെന്ന് എല്ലാവരോടും അനുബന്ധ സംഘടനകളോടും അഭ്യർത്ഥിക്കുന്നു. നമ്മുടെ ആളുകൾ ദരിദ്രരാണ്, കോവിഡ് പകർച്ചവ്യാധി അവരുടെ ഉപജീവനമാർഗ്ഗം കവർന്നു. ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിലാണ്. ഇപ്പോൾ സംഘർഷത്തിന്റെ സമയമല്ല. സമാധാനം ആവശ്യമാണ്. അതു മാത്രമാണ് ഏക പോംവഴി” – മെയ് 25-ന് യാങ്കോൺ അതിരൂപതയിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ കർദ്ദിനാൾ പറഞ്ഞു.

ഞങ്ങൾ അടിയന്തിര ആഹ്വാനം നടത്തുന്നത് മതനേതാക്കൾ എന്ന നിലയിലാണ്; രാഷ്ട്രീയക്കാർ എന്ന നിലയിലല്ല. ഈ നാട്ടിൽ സമാധാനത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഇവിടെ നമുക്കെല്ലാവർക്കും സഹോദരീ-സഹോദരന്മാരായി ജീവിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹത്തെ കൂട്ടിച്ചേർത്തു. മ്യാന്മറിൽ ഏറ്റുമുട്ടലിന്റെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫിഡെസ് റിപ്പോർട്ട് ചെയ്യുന്നു. മെയ് 23-ലെ കണക്കുകള്‍ പ്രകാരം ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിക്കു ശേഷം 818 പേർ ഇവിടെ കൊല്ലപ്പെട്ടു. ജനകീയ പ്രതിഷേധം ഇന്നും ശക്തമായി തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.